പഠനമികവിനോടൊപ്പം തന്നെ പഠിതാക്കളുടെ സാമൂഹ്യ ഇടപെടലുകളും കൂടി പരിഗണിക്കപ്പെടുന്ന ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഇക്കൊല്ലത്തെ സ്കോളർഷിപ്പും അനുമോദന ഫലകങ്ങളും ഓണാഘോഷ വേദിയിൽ വിതരണം ചെയ്തു.
ഹൈസ്കൂൾ പഠനം പൂർത്തിയാക്കി കലാലയത്തിലേക്കു എത്തുന്ന വിദ്യാർത്ഥികളിൽ ഉയർന്ന അക്കാദമിക് നിലവാരവും സാമൂഹ്യ പ്രതിബദ്ധതയും ഒരേപോലെ പുലർത്തുന്നവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആയിരം ഡോളറിന്റെ ക്യാഷ് പ്രൈസും അനുമോദന ഫലകവും ലഭിക്കുന്ന ഒന്നാം സ്ഥാനത്തിന് ഇക്കൊല്ലം അർഹയായതു കുമാരി അർച്ചന ചന്ദ്രനാണ്.
രണ്ടും മൂന്നും സ്ഥാനങ്ങളിലേക്കുള്ള സ്കോളർഷിപ്പും സർട്ടിഫിക്കറ്റും നേടിയത് യഥാക്രമം ക്രിസ്ത്യൻ തോമസ്, കെവിൻ മാത്യൂസ് എന്നീ മിടുക്കരായിരുന്നു.
ബെർമിങ്ഹാമിലെ സീഹോംസ് ഹൈസ്കൂൽ ഡി. എം. എ. ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന സിത്താര കൃഷ്ണകുമാറും, ഹരീഷ് ശിവരാമകൃഷ്ണനും, ജോബ് കുര്യനും പാടിയും ആടിയും സംഗീത സാന്ദ്രമാക്കിയ ആഘോഷ രാവിൽ പ്രസിഡന്റ് ഓസ്ബോൺ ഡേവിഡ്, സെക്രട്ടറി ദിനേശ് ലക്ഷ്മണൻ. ട്രഷറർ ഡയസ് തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ റീമാക്സ് റീയൽട്ടർ കോശി ജോർജ്, പോൾ ഫാമിലി ഫൗണ്ടേഷനുവേണ്ടി പോൾ കുര്യാക്കോസ്, ശാലു ഡേവിഡ് എന്നിവർ സ്കോളര്ഷിപ്പുകളും ഫലകങ്ങളും സമ്മാനിച്ചു.
പരീക്ഷ വിജയങ്ങളോടൊപ്പം സാമൂഹ്യ സേവനത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിട്ടുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്തത് ജിജി പോൾ ചെയർമാനും ഡോ: ശാലിനി ജയപ്രകാശ്, മാത്യു ചെരുവിൽ, പ്രസന്ന മോഹൻ, മധു നായർ എന്നിവർ അംഗങ്ങളായുമുള്ള കമ്മിറ്റിയാണ്.