പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി പരിശോധിച്ചു

Spread the love

പി.ഡബ്ല്യു.ഡി റോഡുകളുടെ അറ്റകുറ്റ പ്രവർത്തനങ്ങൾ വിലയിരുത്താൻ സംസ്ഥാന തലത്തിൽ പൊതുമരാമത്ത് വകുപ്പ് നടത്തിവരുന്ന പരിശോധന കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ പുരോഗമിക്കുന്നു. റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഒരു വർഷത്തേക്ക് അറ്റകുറ്റപ്പണി ഉറപ്പാക്കുന്ന റണ്ണിങ്ങ് കോൺട്രാക്ട് പ്രകാരമുള്ള പണികൾ പരിശോധിക്കാനാണു പൊതുമരാമത്ത് എൻജിനീയർമാരുടെ സംഘം പരിശോധന നടത്തുന്നത്.കെ.എസ്.ടി.പി. ചീഫ് എൻജിനീയർ കെ.എഫ്.ലിസി, സൂപ്രണ്ടിങ്ങ് എൻജിനീയർ എൻ. ബിന്ദു, പൊതുമരാമത്ത് സൗത്ത് റോഡ്‌സ് സൂപ്രണ്ടിങ് എൻജിനീയർ പി.ടി. ജയ, പൊതുമരാമത്ത് റോഡ്‌സ് കോട്ടയം എക്‌സിക്യൂട്ടീവ് എൻജിനീയർ ജോസ് രാജൻ എന്നിവരുടെ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. സെപ്റ്റംബർ 20ന് തുടങ്ങിയ പരിശോധന പൂർത്തികരിച്ച് 30ന് റിപ്പോർട്ട് സമർപ്പിക്കണം.റണ്ണിങ് കോൺട്രാക്ട് പാക്കേജ് ഒന്നു പ്രകാരം 187 കിലോമീറ്റർ ദൈർഘ്യമുള്ള 65 റോഡുകൾ അഞ്ചുകോടി 21 ലക്ഷം രൂപയ്ക്കും റണ്ണിങ് കോൺട്രാക്ട് പാക്കേജ് രണ്ടു പ്രകാരം 1195.1 കിലോമീറ്റർ ദൈർഘ്യമുള്ള 303 റോഡുകൾ 21 കോടി 22 ലക്ഷം രൂപയ്ക്കുമാണ് അറ്റകുറ്റപണി നടപ്പാക്കുന്നത്.കരാർ പ്രകാരം റോഡ് അറ്റകുറ്റപ്പണി നടത്തിയ ശേഷം ഒരു വർഷത്തിനുള്ളിൽ ഉണ്ടായേക്കാവുന്ന തകരാറുകൾ പരിഹരിക്കുന്നത് കരാറുകാരുടെ ചുമതലയാണ്. സംസ്ഥാനത്ത് റോഡുകളുടെ ഗുണനിവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രവർത്തനങ്ങളുടെ ഭാഗമായി റോഡുകളിൽ കൃത്യമായ ഇടവേളകളിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കും. വെള്ളക്കെട്ട് രൂപപ്പെട്ട് റോഡ് തകരുന്ന സ്ഥലങ്ങളിൽ ഓടകൾ നിർമ്മിക്കും. സ്‌കൂളുകളുടെ സമീപ പ്രദേശങ്ങളിലും മറ്റ് ആവശ്യമായ സ്ഥലങ്ങളിലും സീബ്രാ ലൈനുകൾ വരയ്ക്കുകയും അപകടം പതിവാക്കുന്ന സ്ഥലങ്ങളിൽ റോഡ് സുരക്ഷാ മുന്നൊരുക്കങ്ങൾ ഒരുക്കുകയും ചെയ്യും.

Author