വൈക്കത്തെ മാലിന്യ മുക്തമാക്കാൻ ഓരോരുത്തരും മുന്നിട്ടിറങ്ങണം : സി.കെ ആശ എം.എൽ.എ

Spread the love

കോട്ടയം: മാലിന്യ മുക്തമായ വൈക്കമാണ് സ്വപ്നമെന്നും അതിനായി ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നും സി.കെ ആശ എം.എൽ.എ. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ ഹാളിൽ നടന്ന ബ്ലോക്കുതല ഹരിതസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈക്കത്തെ മാലിന്യമുക്ത നാടാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച മാലിന്യമുക്ത ബ്ലോക്ക്തല കർമ്മ പരിപാടിക്കും എം എൽ എ തുടക്കം കുറിച്ചു.
പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനം മുതൽ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന വിപുലമായ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം നൽകും. ബ്ലോക്കിലെ ആറു ഗ്രാമപഞ്ചായത്തുകളിലെയും ഹരിതകർമ സേനാംഗങ്ങളെയും, വി.ഇ.ഒമാരെയും, അസിസ്റ്റന്റ് സെക്രട്ടറിമാരെയും എം. എൽ.എ ആദരിച്ചു.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ പുഷ്‌കരൻ, സുകന്യ സുകുമാരൻ, കെ.ബി രമ, കവിത റെജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ സലില, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ് ഗോപിനാഥൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്.വീണ, ടി.വി പുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ.തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ ശീമോൻ, ജസീല നവാസ്, എസ് മനോജ് കുമാർ, റാണിമോൾ, ഒ.എം ഉദയപ്പൻ, ബി ഡി.ഒ. കെ. അജിത്ത് എന്നിവർ പങ്കെടുത്തു. ജില്ലാ ശുചിത്വമിഷൻ അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മിഷണർ ബെവിൻ ജോൺ വർഗീസ് പദ്ധതി വിശദീകരണം നടത്തി. ശുചിത്വമിഷൻ സ്റ്റേറ്റ് റിസോഴ്സ്പേഴ്സൺ പി വേണുഗോപാലിന്റെ ക്ലാസ് നയിച്ചു. ഹരിതകർമ സേനാംഗങ്ങളുടെ കലാപരിപാടികളും നടന്നു.

Author