സഹകരണ മേഖലയുടെ നിലനില്‍പ്പ് നാടിന്റെ വികസനത്തിന് അനിവാര്യമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കേരള ബാങ്ക് എക്‌സലന്‍സ് അവാര്‍ഡ് വിതരണവും സഹകരണ സംഗമവും കേരള ബാങ്ക് മിനി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 87 ലക്ഷം ഇടപാടുകാരാണ് സഹകരണ ബാങ്കുകളിലുള്ളത്. രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷപവുമുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണായകമാണ് സഹകരണ ബാങ്കുകളുടെ വളര്‍ച്ച.
ഒരു നിക്ഷേപകന് പോലും പണം നഷ്ടമാകില്ല എന്ന ഉറപ്പാണ് സഹകരണ മേഖലയുടെ കരുത്ത്. ഇതിനെതിരെ കൊണ്ടുവരുന്ന നിയമങ്ങള്‍ വികസനവിരുദ്ധ സമീപനമായേ കാണാനാകൂ. ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച സഹകരണ പ്രസ്ഥാനം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അനുവദിച്ചു കൂടാ. മത്സരാധിഷ്ഠിത പ്രവര്‍ത്തനമാണ് മേഖലയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പ്രവര്‍ത്തന വൈവിദ്ധ്യവത്കരണം സാധ്യമാക്കുന്നതിലൂടെ സഹകരണ മേഖലയ്ക്ക് കരുത്ത് പകരാനാകുമെന്നും അദ്ദേഹം പറഞ്ഞു.കടയ്ക്കല്‍, പുനലൂര്‍, കുലശേഖരപുരം സര്‍വീസ് ബാങ്കുകള്‍ക്കാണ് യഥാക്രമം ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനങ്ങളോടെ എക്‌സലന്‍സ് അവാര്‍ഡ്. മന്ത്രി അവാര്‍ഡുകള്‍ സമ്മാനിച്ചു.എം. നൗഷാദ് എം. എല്‍. എ അധ്യക്ഷനായി. കേരള ബാങ്ക് ഡയറക്ടര്‍ ജി. ലാലു, സഹകരണ മേഖലയിലെ വിവിധ സംഘടനകളുടെ ഭാരവാഹികളായ കെ. സേതുമാധവന്‍, എം. സി. ബിനുകുമാര്‍, തൊടിയൂര്‍ ബാങ്ക് പ്രസിഡന്റ് തൊടിയൂര്‍ രാമചന്ദ്രന്‍, സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ എ. അബ്ദുല്‍ ഹലീം, കേരള ബാങ്ക് ജനറല്‍ മാനേജര്‍ ജി. സുരേഷ് കുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി. എസ്. വിനീത് തുടങ്ങിയവര്‍ പങ്കെടുത്തു.