ഗാന്ധിജിയുടെ ദർശനങ്ങൾ ഭാവി തലമുറയ്ക്കും മുതൽക്കൂട്ട് : ജില്ലാ കളക്ടർ

Spread the love

ഗാന്ധി ജയന്തി വാരാചരണത്തിന് തുടക്കം

വാക്കുകളിലൂടെയോ എഴുത്തുകളിലൂടെയോ മാത്രമല്ല സ്വന്തം ജീവിതത്തിലൂടെ തന്നെ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ദൃഢനിശ്ചയത്തിന്റെയുമെല്ലാം പാഠങ്ങള്‍ പഠിപ്പിച്ച മഹാത്മാ ഗാന്ധിയുടെ ജീവിതം ഈ തലമുറയ്ക്കും വരാനിരിക്കുന്ന തലമുറയ്ക്കും മുതല്‍ക്കൂട്ടാണെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ്.

ഗാന്ധിജയന്തി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ശുചീകരണം നടത്തി നിര്‍വഹിക്കുകയായിരുന്നു കളക്ടർ.

മഹാത്മജിയുടെ ജന്മദിനം അഹിംസാദിനമായി ആചരിക്കുകയാണ്.
ദൈവത്തെ പല പേരുകളില്‍ വിളിക്കുമെങ്കിലും ഒറ്റപ്പേരില്‍ ദൈവത്തെ വിളിക്കണമെങ്കില്‍ അതിനെ സത്യമെന്നാണ് വിളിക്കേണ്ടത്. സത്യത്തിലേക്കുള്ള വഴി അഹിംസയിലൂടെയാണ്. അഹിംസ പാലിക്കേണ്ടത് എല്ലാ മനുഷ്യരുടെയും കര്‍ത്തവ്യമാണെന്ന് നമ്മളെ ഓര്‍മ്മിപ്പിച്ച നമ്മുടെ രാഷ്ട്രശില്‍പ്പി കൂടിയാണ് മഹാത്മാ ഗാന്ധി. ഇന്നത്തെ കാലഘട്ടത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നയാളുടെ തെറ്റുകള്‍ കണ്ടുപിടിക്കാനും അവരെ കുറ്റപ്പെടുത്താനും ഒന്നിച്ച് നിന്ന് ദ്രോഹിക്കാനുമെല്ലാം താത്പര്യം കാണിക്കുന്ന ചില പ്രവണതകള്‍ ഉടലെടുക്കുന്നുണ്ട്. തൊട്ടടുത്ത് നില്‍ക്കുന്നയാളെ ഏറ്റവും സ്‌നേഹത്തോടും ദയയോടും സഹാനുഭൂതിയോടും കൂടെ കാണാനും നമ്മെ പോലെ മറ്റൊരു മനുഷ്യനായി പരിഗണിക്കാനുമുള്ള വലിയ പാഠങ്ങളാണ് സ്വന്തം പ്രവർത്തനത്തിലൂടെ ഗാന്ധിജി നമുക്ക് കാട്ടിത്തന്നതെന്നും കളക്ടർ പറഞ്ഞു.

സിവിൽ സ്റ്റേഷൻ വളപ്പിലെ ഗാന്ധി പ്രതിമയിൽ ജില്ലാ കളക്ടർ പുഷ്പാർച്ചന നടത്തി. എഡിഎം എസ്. ഷാജഹാൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ, ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫ് എന്നിവരും ഗാന്ധി പ്രതിമയിൽ പ്രണാമമർപ്പിച്ചു.

സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളും പരിസരവും ശുചീകരിച്ചു.
ശുചിത്വ മിഷന്റെ നേതൃത്വത്തിൽ എന്‍എസ്എസ് വാളന്റിയര്‍മാരുടെ 50 പേരടങ്ങുന്ന സംഘവും ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി. ഓഫീസുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ നേരിട്ടെത്തി വിലയിരുത്തി.

ഏറ്റവും മികച്ച രീതിയില്‍ ഓഫീസും പരിസരവും ശുചിയാക്കുന്ന സിവില്‍ സ്റ്റേഷനിലെ മൂന്ന് ഓഫീസുകള്‍ക്ക് ജില്ലാ കളക്ടറുടെ ശുചിത്വ അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശുചിത്വ മാലിന്യ സംസ്‌കരണം മികച്ച രീതിയില്‍ നടത്തുന്ന ഓഫീസുകള്‍ക്കാണ് അവാര്‍ഡ്. അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ഒക്‌ടോബര്‍ 3ന് ഓഫീസുകള്‍ സന്ദര്‍ശിച്ച് വിലയിരുത്തല്‍ നടത്തിയ ശേഷം അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.

Author