ലഹരി ഉപഭോഗത്തിനെതിരെയുള്ള സമഗ്രമായ ക്യാമ്പയ്‌നിനായി കേരളo – മുഖ്യമന്ത്രി പിണറായി വിജയൻ

ലഹരി ഉപഭോഗത്തിനെതിരെയുള്ള സമഗ്രമായ ക്യാമ്പയ്‌നിനായി കേരളമാകെ കൈകോർത്ത സന്ദർഭത്തിലാണ് ഇത്തവണത്തെ ലോക മാനസികാരോഗ്യ ദിനാചരണം നടക്കുന്നത്. സമൂഹത്തിൻ്റെ മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കാനുള്ള നമ്മുടെ പരിശ്രമത്തിനു പ്രചോദനം പകരാൻ ഈ ദിനം മുന്നോട്ടു വയ്ക്കുന്ന സന്ദേശത്തിനു സാധിക്കും.
‘മാനസികാരോഗ്യത്തിനും സൗഖ്യത്തിനും ലോകമാകെ മുൻഗണന നൽകുക’ എന്ന ലക്ഷ്യമാണ് ഈ വർഷത്തെ മാനസികാരോഗ്യ ദിനം ഉയർത്തിപ്പിടിക്കുന്നത്. ശാരീരിക ആരോഗ്യം പോലെ തന്നെ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള ഒന്നാണ് മാനസികാരോഗ്യവും. ഇക്കാര്യത്തിൽ ചികിത്സ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് ആവശ്യമായ കരുതൽ ഒരുക്കേണ്ടതുണ്ട്.

ഈ ലക്ഷ്യം മുൻനിർത്തി പ്രത്യേക പരിപാടികൾ സംസ്ഥാന സർക്കാർ നടപ്പാക്കുന്നുണ്ട്. അതിനായി സംസ്ഥാനത്തെ 14 ജില്ലകളിലും മാനസികാരോഗ്യ പരിപാടി നടപ്പിലാക്കി വരികയാണ്. ഇതുവഴി സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലുമായി 290 മാനസികാരോഗ്യ ക്ലിനിക്കുകൾ മാസം തോറും നടത്തി വരുന്നു. ഇതിലൂടെ 50,000-ൽ അധികം രോഗികൾക്ക് ചികിത്സയും മറ്റ് മാനസിക ആരോഗ്യ സേവനങ്ങളും ലഭ്യമാകുന്നുണ്ട്. ഇതിനുപുറമേ മാനസികാരോഗ്യ സേവനങ്ങൾ പ്രാഥമികാരോഗ്യ തലത്തിൽ തന്നെ ലഭ്യമാക്കുന്നതിനായി ‘സമ്പൂർണ മാനസികാരോഗ്യം’, ‘ആശ്വാസം’ എന്നീ പദ്ധതികളും നടപ്പിലാക്കുന്നു. ആത്മഹത്യ നിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് ‘ജീവരക്ഷ’ എന്ന പേരിൽ സംസ്ഥാനമൊട്ടാകെ ആത്മഹത്യാ പ്രതിരോധ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
അതോടൊപ്പം മാനസിക പ്രശ്നങ്ങൾ സംബന്ധിച്ച സംശയ നിവാരണത്തിനായി ടെലി കൗൺസിലിംഗ് ഉൾപ്പടെയുള്ള മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കുവാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘ടെലി മനസ്’ ഓൺലൈൻ സംവിധാനം ഉടൻ നിലവിൽ വരും. മാനസികാരോഗ്യം നിലനിർത്തുന്ന ജീവിതശൈലി സ്വീകരിക്കാനും
മാനസികാരോഗ്യം തീരെ ദുർബലമാകുന്ന ഘട്ടത്തിൽ ആവശ്യമായ വൈദ്യസഹായം തേടാനും എല്ലാവരും തയ്യാറാകണം. സന്തോഷദായകവും സംതൃപ്തവുമായ ജീവിതത്തിനായി നമുക്ക് ഓരോരുത്തർക്കും കൈകോർക്കാം.

Leave Comment