ലഹരിക്കെതിരെ പോരാടാൻ ഞങ്ങളുണ്ട് കൂടെ…. ഒരുമയോടെ ഉയർന്ന് 1000 ബലൂണുകൾ

Spread the love

ലഹരി ഉപയോഗത്തിനെതിരെയുള്ള മുന്നണി പോരാളികളായി വിദ്യാർത്ഥികൾ മാറണം: എം.ബി രാജേഷ്
ജില്ലാ ഇൻഫർമേഷൻ ഓഫീസ്- എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിവിമുക്ത ക്യാമ്പയിന്റെയും ഭാഗമായി, ലഹരിക്കെതിരെ പോരാടാൻ ഞങ്ങളുണ്ട് കൂടെ എന്ന സന്ദേശം ഉയർത്തി പാലക്കാട് ഗവ.വിക്ടോറിയ കോളെജ് മൈതാനത്ത് ഒരുമയോടെ 1000 ബലൂണുകൾ ഉയർന്നു. വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, സംഘടനാ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ അണിനിരന്നു. ലഹരിവിരുദ്ധ സന്ദേശം ആലേഖനം ചെയ്ത ബലൂണുകളാണ് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ സാന്നിധ്യത്തിൽ പറത്തിയത്.
ലഹരി ഉപയോഗത്തിനെതിരെയുള്ള മുന്നണി പോരാളികളായി വിദ്യാർത്ഥികൾ മാറണമെന്നും ലഹരിക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്നും തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മയക്കുമരുന്നിനും ലഹരിക്കും എതിരെയുള്ള ഒരു ജനകീയ യുദ്ധത്തിലാണ് കേരളം ഇന്ന് ഏർപ്പെട്ടിട്ടുള്ളത്. മയക്ക്മരുന്ന് മാഫിയ ലക്ഷ്യം വെയ്ക്കുന്നത് കുട്ടികളെയും സ്‌കൂൾ-കോളെജ് വിദ്യാർത്ഥികളെയുമാണ്. ലഹരി മാഫിയയുടെ ഭയാനകമായ നീരാളി പിടുത്തം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ആൺ-പെൺ വ്യത്യാസം ലഹരി ഉപയോഗത്തിൽ ഇല്ല. പെൺകുട്ടികളെ ധാരാളമായി ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ട്.
ലഹരിയിലൂടെ പെൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യമുണ്ട്. ലഹരി പലതരത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. അതിന്റെ വിതരണശൃംഖലയെ സംബന്ധിച്ചും വിതരണം ചെയ്യുന്നവരെ കുറിച്ചും എല്ലാ വിവരങ്ങളും എക്‌സൈസിന്റെയും പോലീസിന്റെയും കൈയിലുണ്ട്. നിരന്തരം ഇതിൽ ഏർപ്പെടുന്നവരുടെ ഡേറ്റ ബാങ്ക് പോലീസും എക്‌സൈസും തയ്യാറാക്കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.
ലഹരിയെ സംബന്ധിച്ച് വിവരങ്ങൾ അറിഞ്ഞാൽ അത് അധ്യാപകരുടെ ശ്രദ്ധയിൽ കൊണ്ടുവരണം. അതിനായി അധ്യാപകർക്ക് പ്രത്യേകം പരിശീലനം കൊടുത്തിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും നിരീക്ഷണ സമിതിയുണ്ട്. അവരത് എക്‌സൈസിനെയും പോലീസിനെയും അറിയിക്കും. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ മുഴുവൻ കുറ്റവാളികളായി കണക്കാക്കുമെന്ന് ഭയപ്പെടേണ്ട കാര്യമില്ല. അവർക്ക് ആവശ്യമായ കൗൺസിലിങ്, സൈക്യാട്രിക് സേവനങ്ങൾ കൊടുത്ത് രക്ഷപ്പെടുത്തി തിരിച്ചു കൊണ്ടുവരിക എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിനെയും വിതരണം ചെയ്യുന്നതിനെയും സംബന്ധിച്ച് വിവരങ്ങൾ അറിഞ്ഞിട്ടും മറച്ചുവെച്ചാൽ അത് കുറ്റകരമാണ്. വിദ്യാർത്ഥികളുടെ ശ്രദ്ധയിൽ വരുന്ന കാര്യങ്ങൾ അധ്യാപകരെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. ലഹരി ഉപയോഗിക്കുക ലഹരിക്ക് അടിമയാവുക എന്നാൽ മരിച്ചതിന് തുല്യമാണ്. സ്വന്തം ബുദ്ധിയും ബോധവും അനുസരിച്ചല്ല ലഹരി ഉപയോഗിക്കുന്നവർ പ്രവർത്തിക്കുക. അതുകൊണ്ട് ഓരോരുത്തരും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്നും മന്ത്രി പറഞ്ഞു.

Author