ഇ-നിയമസഭാ നടപടികൾ പഠിക്കാൻ മധ്യപ്രദേശ് സ്പീക്കറും സംഘവും കേരളത്തിൽ

Spread the love

സംസ്ഥാന നിയമസഭയിലെ ഡിജിറ്റലൈസ് നടപടിക്രമങ്ങളെക്കുറിച്ച് പഠിക്കാനും പകർത്താനുമായി മധ്യപ്രദേശ് നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതമും സംഘവും കേരളത്തിൽ എത്തി.മധ്യപ്രദേശ് സ്പീക്കറെ തൈക്കാട് ഗസ്റ്റ് ഹൗസിൽ സന്ദർശിച്ച സംസ്ഥാന നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഇ-നിയമസഭാ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മധ്യപ്രദേശിൽ വർഷങ്ങൾക്ക് മുന്നേ നിയമസഭാ നടപടിക്രമങ്ങൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ കേരളം ഏറെ മുന്നിലാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനമെന്ന് സ്പീക്കർ ഗിരീഷ് ഗൗതം അഭിപ്രായപ്പെട്ടു. ‘230 സാമാജികരുള്ള മധ്യപ്രദേശ് വിധാൻസൗധ വർഷം 30-35 ദിവസങ്ങളാണ് സമ്മേളിക്കാറ്. എന്നാൽ 140 അംഗങ്ങൾ മാത്രമുള്ള കേരള നിയമസഭ 60 ദിവസങ്ങളിൽ സഭ ചേരുന്നു. മൂന്ന് മാസത്തിലൊരിക്കൽ നിയമസഭ ചേരുന്നതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരേണ്ടതുണ്ട്, ‘ മധ്യപ്രദേശ് സ്പീക്കർ പറഞ്ഞു.നമ്മുടെ ഇ-നിയമസഭാ നടപടികൾ പഠിക്കാൻ ഇതര സംസ്ഥാനങ്ങൾ എത്തുന്നത് കേരള മോഡലിന്റെ മറ്റൊരു ഉദാഹരണമാണെന്ന് സ്പീക്കർ ഷംസീർ ചൂണ്ടിക്കാട്ടി. ‘ഗ്രീൻ അസംബ്ലി എന്ന ലക്ഷ്യം കൈവരിക്കുകയാണ് കേരള നിയമസഭയുടെ അടുത്ത ലക്ഷ്യം, ‘ അദ്ദേഹം പറഞ്ഞു. ഇ-നിയമസഭാ നടപടിക്രമങ്ങൾ പഠിക്കാൻ മഹാരാഷ്ട്രയും തമിഴ്‌നാടും കർണാടകയും സംഘം സന്ദർശിക്കുന്നുണ്ട്.20 ൽപ്പരം പേരടങ്ങിയ സംഘത്തിൽ ഗൗരിശങ്കർ ബിസൻ, അജയ് വൈഷ്‌ണോയ്, പി.സി ശർമ്മ, രാംപാൽ സിംഗ്, യശ്പാൽ സിംഗ് സിസോദിയ, ദിവ്യരാജ് സിംഗ് എന്നീ എം.എൽ.എമാരും ഉൾപ്പെടുന്നു. മധ്യപ്രദേശ് നിയമസഭയിലെ വിവിധ കമ്മിറ്റികളുടെ അധ്യക്ഷൻമാരാണ് ഈ എം.എൽ.എമാർ. രാവിലെ 11ന് നിയമസഭാ മന്ദിരത്തിലെത്തിയ സംഘം ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.

Author