ഏഷ്യൻ അമേരിക്കക്കാരോടുള്ള വെറുപ്പിനെതിരെ ഐനാനിയുടെ പരിശീലന ചർച്ച ലോങ്ങ് ഐലന്റിൽ – പോള്‍ ഡി പനക്കൽ

Spread the love

ഏഷ്യൻ അമേരിക്കക്കാർക്കയു നേരെ വർധിച്ചുവരുന്ന വിദ്വേഷണത്തിനും ആക്രമണത്തിനും എതിരെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) ചുവടുകൾ വയ്ക്കുന്നു. ആരെങ്കിലും ആക്രമിക്കപ്പെടുന്നതിനു ദൃക്‌സാക്ഷിയാകേണ്ടി വന്നാൽ സ്വന്തം സുരക്ഷയ്ക്ക് വിട്ടുവീഴ്ച വരുത്താതെ എങ്ങനെ നേരിട്ടോ അല്ലാതെയോ സഹായഹസ്തം നീട്ടാം എന്ന നിർദേശകരമായ വിഷയവുമായി ഐനാനി വിദ്യാഭ്യാസ ചർച്ചയ്ക്കു നേതൃത്വം നൽകുന്നു.

ന്യൂ യോർക്ക് ന്യൂ ഹൈഡ് പാർക്കിലെ ക്ലിന്റൺ ജി മാർട്ടിൻ പാർക് ഹാളിൽ ഒക്ടോബർ 21 വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് സംരംഭം തുടങ്ങും. ന്യൂ യോർക്കിലെ പ്രമുഖ ചാരിറ്റി സംഘടനയായ എക്കോ (എൻഹാൻസ് കമ്മ്യൂണിറ്റി ത്രൂ ഹാര്മോണിയസ് ഔട്ട്റീച്) ആണ് ഐനാനിക്കായി ഈ വേദി ഒരുക്കുന്നത്. കോവിഡിന്റെ തുടക്കം മുതൽ അമേരിക്ക മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വിധമാണ് ഏഷ്യൻ അമേരിക്കക്കാരുടെ നേരെയുള്ള അക്രമണവാർദ്ധനവ്.

2019 മുതൽ ഏഷ്യൻ അമേരിക്കക്കാരുടെ നേരെയുള്ള വിദ്വെഷം, വിവേചനം, പക്ഷാഭേദം, നിഷ്ക്രിയ ആക്രമണം, നേരിട്ടുള്ള ശാരീരികാക്രമണം എന്നിവയുടെ എണ്ണം കുതിച്ചു കയറുകയാണ്. കൂടുതൽ ആക്രമണങ്ങളും കിഴക്കൻ ഏഷ്യാക്കാരുടെ നേരെയാണെങ്കിലും ഇന്ത്യക്കാർ അടങ്ങുന്ന ദക്ഷിണേഷ്യക്കാരുടെ നേരെയും വളരെയധികം അക്രമങ്ങൾ നടന്നതായാണ് പഠനങ്ങൾ പറയുന്നത്. പ്രകോപനങ്ങൾ ഒന്നും ഇല്ലാതെ ആക്രമിക്കപ്പെടുകയും ഭീകരതയ്ക്ക് വിധേയമാകുകയും ചെയ്ത സംഭവങ്ങൾ ഏഷ്യൻ അമേരിക്കൻ സമുദായങ്ങളിൽ വളരെയധികം ഭീതിയും ഉൽക്കണ്ഠയും വേദനയും ആണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ അവസ്ഥയെ നേരിടുന്നതിന് കൂട്ടായ ശ്രമങ്ങൾ ആണ് ആവശ്യം എന്ന വസ്തുതയെ മുൻ നിർത്തി, കോളാബോറേഷൻ ഫോർ ഏഷ്യൻ അമേരിക്കൻ ചിൽഡ്രൻ ആൻഡ് ഫാമിലീസിന്റെ പങ്കാളിത്തത്തോടെ ഐനാനി എടുക്കുന്ന ശ്രമങ്ങളുടെ ആദ്യ പടിയാണ് ഒക്ടോബർ 21നു നടക്കുന്നത്. ആക്രമണത്തിന് ഇരയായ ഒരു വ്യക്തിയെയോ വ്യക്തികളെയോ നമ്മുടെ സുരക്ഷയെ ബാധിക്കതെ എങ്ങനെ സഹായിക്കാനാകുമെന്നു ഐനാനി പ്രതിനിധികൾ വിശദീകരിക്കും. സാമൂഹികനന്മയും സഹായ മനസ്കതയുമുള്ള എല്ലാവരെയും ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് സ്വാഗതം ചെയ്യുന്നു.

വിവരങ്ങൾക്ക് ഡോ. അന്നാ ജോർജ് (6467326143), ഡോ. സോളിമോൾ കുരുവിള (9143092507), ജെസ്സി ജെയിംസ് (5166032024), ലൈസി അലക്സ് (8453006339), പോൾ ഡി പനക്കൽ (3473300783), ഡോ. ഷൈല റോഷിൻ (6462628105). പരിപാടി നടക്കുന്ന ക്ലിന്റൺ ജി മാർട്ടിൻ പാർക്കിന്റെ വിലാസം: 1601 മർക്കസ് അവന്യൂ, ന്യൂ ഹൈഡ് പാർക്ക്, ന്യൂ യോർക്ക് 11040

Author