സംസ്കൃത ഭാഷാപഠനവും വിജ്ഞാനവിതരണവും ആധുനികമാക്കി ശക്തിപ്പെടുത്തണം : പ്രൊഫ. സച്ചിദാനന്ദമിശ്ര

Spread the love

ആധുനിക വിദ്യാഭ്യാസ സമ്പ്രദായവുമായി യോജിച്ച് പോകുന്ന രീതിയിൽ സംസ്കൃത വിദ്യാഭ്യാസവും ഗവേഷണവും പുരോഗമിക്കണമെന്ന് വാരാണാസിയിലെ ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ പ്രൊഫസറും ഇന്ത്യൻ കൗൺസിൽ ഓഫ് ഫിലോസഫിക്കൽ റിസർച്ച് മെംബർ സെക്രട്ടറിയുമായ പ്രൊഫ. സച്ചിദാനന്ദമിശ്ര പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിച്ച സംസ്കൃതദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കൃതഭാഷയുടെയും വിജ്ഞാനശാഖകളുടെയും പാരമ്പര്യരീതിയിലുളള പഠനത്തോടൊപ്പം ആധുനിക സങ്കേതങ്ങൾ ഉൾപ്പെടുത്തി, ഭാഷാപഠനത്തെയും വിജ്ഞാനവിതരണത്തെയും ശക്തിപ്പെടുത്തണം. ആധുനിക ലോകത്ത് സംസ്കൃത ഭാഷയുടെ സാധ്യതകൾ അനന്തമാണ്. സംസ്കൃത ഭാഷയുടെ തനിമ നഷ്ടപ്പെടുത്താതെ ആധുനിക സമ്പ്രദായങ്ങളുമായും വിജ്ഞാനശാഖകളുമായും സംയോജിപ്പിക്കണം, പ്രൊഫ സച്ചിദാനന്ദമിശ്ര പറഞ്ഞു. മീഡിയ സെന്ററിൽ ചേർന്ന പൊതുസമ്മേളനത്തിൽ സംസ്കൃതത്തിലും അനുബന്ധ വിജ്ഞാന മേഖലകളിലും സമഗ്ര സംഭാവനകൾ നൽകിയ പണ്ഡിതരെ സർവ്വകലാശാല ആദരിച്ചു. ഡോ. കെ. മീനാംബാൾ, ഡോ. എം. ആർ. വാസുദേവൻ നമ്പൂതിരി, ഡോ. എ. ഹരിന്ദ്രനാഥ്, എ. പുരുഷോത്തമൻ എന്നിവരാണ് ആദരിക്കപ്പെട്ടവർ. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരുന്നു. പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, ഡോ. എസ്. ഷീബ എന്നിവർ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് നടന്ന വാക്യാർത്ഥ സദസിൽ ഡോ. വി. രാമകൃഷ്ണഭട്ട് അധ്യക്ഷനായിരുന്നു. ഡോ. കെ. എസ്. മീനാംബാൾ, ഡോ. എൻ. കെ. സുന്ദരേശൻ, ഡോ. കെ. വി. വാസുദേവൻ, പ്രൊഫ. കൃഷ്ണകുമാർ, പ്രൊഫ. ഇ. എം. രാജൻ, ഡോ. ഇ. എൻ. നാരായണൻ എന്നിവർ വാക്യാർത്ഥം അവതരിപ്പിച്ചു. ഇന്ന് (12/10/22) രാവിലെ 10ന് കവിസദസും ഉച്ചകഴിഞ്ഞ് രണ്ടിന് അക്ഷരശ്ലോക സദസും നടക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ മുൻ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് മുഖ്യാഥിതിയായിരിക്കും.

ഫോട്ടോ അടിക്കുറിപ്പ്ഃ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിച്ച സംസ്കൃതദിനാഘോഷങ്ങളോടനുബന്ധിച്ചുളള പൊതുസമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പ്രസംഗിക്കുന്നു. പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, ഡോ. എം. ആർ. വാസുദേവൻ നമ്പൂതിരി എന്നിവർ സമീപം.

 

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

 

Author