ഗ്രഫീൻ മേഖലയിലെ സഹകരണം: സർവ്വകലാശാലകളുമായി ധാരണാപത്രം ഒപ്പുവെച്ചു

Spread the love

ഗ്രഫീൻ മേഖലയിലെ സഹകരണത്തിനായി മാഞ്ചസ്റ്റർ, ഓക്‌സ്‌ഫോർഡ്, എഡിൻബറോ, സൈഗൻ എന്നീ സർവ്വകലാശാലകളുമായി ഡിജിറ്റൽ സർവകലാശാല ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റേയും വ്യവസായ മന്തി പി. രാജീവിന്റേയും സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്.
ഗ്രഫീൻ അടിസ്ഥാനമാക്കി വ്യവസായ പാർക്ക് രൂപീകരിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ സർവ്വകലാശാല കേരളത്തിലാണ് ആരംഭിച്ചത്. പുതുതലമുറ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നൂതന വ്യവസായങ്ങൾ ആരംഭിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സംരംഭകരുടെയും ഗവേഷകരുടേയും സംഗമം കേരളത്തിൽ സർക്കാർ സംഘടിപ്പിക്കുകയുണ്ടായെന്നും അദ്ദേഹം കൂട്ടിചേർത്തു.
കൈമാറ്റം ചെയ്യപ്പെട്ട ധാരണാപത്രങ്ങൾ അത്യാധുനിക ഗവേഷണം വികസിപ്പിക്കുന്നതിനും വിജ്ഞാന സമ്പദ് വ്യവസ്ഥ വികസിപ്പിക്കുന്നതിനുമുള്ള സംസ്ഥാനത്തിന്റെ കഴിവിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രഫീനിനായി ലോകോത്തര ആവാസവ്യവസ്ഥ നിർമ്മിക്കാനാണ് കേരളം ഉദ്ദേശിക്കുന്നത്. നാനോടെക്നോളജിയുടെ വികസനത്തിലും ഗ്രഫീൻ പോലുള്ള ഭാവി സാമഗ്രികളുടെ വികസനത്തിലും ഏർപ്പെട്ടിരിക്കുന്ന ഓർഗനൈസേഷനുകളെ പ്രോത്‌സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലൂടെ പ്രായോഗിക ഗവേഷണത്തെ പിന്തുണയ്ക്കുന്നതിനും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നതിനും സാധിക്കും. പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് പ്രത്യേക ഗ്രാന്റുകൾ നൽകി ഗവേഷണത്തിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേരളം സ്വീകരിക്കുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യകളിലെ വിജ്ഞാന വ്യവസായങ്ങൾക്ക് പിന്തുണ നൽകുന്നതിനായി, സർക്കാർ സർവകലാശാലയോട് ചേർന്ന് ഒരു സയൻസ് പാർക്ക് സ്ഥാപിക്കും. ഡിജിറ്റൽ സയൻസ് ആൻഡ് ടെക്‌നോളജികളിൽ ഗവേഷണവും വികസനവും നടത്തുന്ന ഒരു പ്രധാന സ്ഥാപനമെന്ന നിലയിൽ ഡിജിറ്റൽ സയൻസ് പാർക്ക് വികസിപ്പിക്കാനുള്ള ചുമതല ഡിജിറ്റൽ സർവകലാശാലയെ ഏൽപ്പിച്ചിട്ടുണ്ടന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗ്രഫീൻ കണ്ടുപിടുത്തത്തിന് 2010 ലെ നോബേൽ സമ്മാനാർഹതനായ മാഞ്ചസ്റ്റർ സർവ്വകലാശാലയിലെ ആൻഡ്രു ജെയിമും ചടങ്ങിൽ പങ്കെടുത്തു. സർക്കാർ ഗ്രഫീൻ രംഗത്ത് മുൻകൈയെടുക്കുന്നത് ഭാവി വ്യവസായത്തിൽ കേരളത്തെ മുമ്പിലാക്കുന്നതിന് സഹായിക്കുമെന്ന് ആൻഡ്രു ജെയിം പറഞ്ഞു. അദ്ദേഹത്തിന്റെ ശിഷ്യനും മലയാളിയുമായ പ്രൊഫസർ രാഹുൽ നായരും ചടങ്ങിൽ പങ്കെടുത്തു.
പ്രൊഫസർ ഹരീഷ് ഭാസ്‌കരൻ, (ഓക്‌സ്‌ഫോർഡ് സർവ്വകലാശാല), സേതു വിജയകുമാർ (എഡിൻബറോ സർവ്വകലാശാല) ഭാസ്‌കർ ചൗബേ (സൈഗൻ സർവ്വകലാശാല) ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ സജി ഗോപിനാഥ്, പ്രൊഫസർ അലക്‌സ് ജെയിംസ് എന്നിവർ സംസാരിച്ചു. വ്യവസായ മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയി, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Author