പ്രകാശംചൊരിഞ്ഞ് ഒരു ദശാബ്ദം പിന്നിടുന്ന ഗാന്ധി സ്‌ക്വയര്‍ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ : ജോയി കുറ്റിയാനി

Spread the love

ഡേവി (ഫ്ളോറിഡ) : അടിച്ചമര്‍ത്തപ്പെട്ട ഒരു രാജ്യത്തെ ജനതയുടെ സ്വാതന്ത്ര്യവും സാമൂഹ്യനീതിയും വീണ്ടെടുക്കുന്നതിനും പരിരക്ഷിക്കപ്പെടുന്നതിനുമായി അക്രമരാഹിത്യത്തിന്റെ വഴികളിലൂടെ തേരുതെളിച്ച് ഇന്ത്യയെ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും മോചിപ്പിച്ചപ്പോള്‍ ലോകമന:സാക്ഷിയുടെ നെറുകയില്‍ സമാധാനത്തിന്റെ പ്രകാശം പരത്തുന്ന പ്രതിരൂപമായി മാറി മഹാത്മജി.

പിന്നീട് അമേരിക്കയിലെ പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ട ജനതയുടെ വിമോചകനായി വന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ഗാന്ധിയന്‍ മാതൃക വഴികാട്ടിയും പ്രചോദനവുമായിത്തീര്‍ന്നു.

അശാന്തിയുടെ കാര്‍മേഘങ്ങള്‍ക്കു മുകളില്‍ ശാന്തിയുടെ പ്രകാശം പരത്തുന്ന ഒരു ഗോപുരമായി ഉയര്‍ന്നു നില്‍ക്കുന്ന മഹാത്മജിക്കു ഫ്ലോറിഡയുടെ മണ്ണില്‍ ഒരു സ്മാരകം ഉയരുന്നത് ഉചിതമാന്നെന്ന് ഇന്ത്യന്‍ സമൂഹത്തിനൊപ്പം ഒരു റിട്ടയേര്‍ഡ് ചരിത്ര അധ്യാപിക കൂടിയായ ഡേവി നഗരസഭയുടെ മേയര്‍ ജൂഡിപോളും ആഗ്രഹിച്ചപ്പോള്‍ അത് അമേരിക്കയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു ഗാന്ധി സ്മാരകമായി ഉയരുകയായിരുന്നു.
2009 ല്‍ ഡേവി നഗരസഭയുടെ മേയര്‍ ജൂഡിപോള്‍ മത്സരരംഗത്ത് വന്നപ്പോള്‍, അവരെ തിരഞ്ഞെടുപ്പില്‍ പിന്തുണക്കുവാനും സഹായിക്കുവാനും മലയാളിസമൂഹം വളരെ ആവേശപൂര്‍വ്വം മുന്നോട്ടുവരികയും നിലവിലെ മേയറെ പരാജയപ്പെടുത്തി ജൂഡിപോളിനെ വിജയത്തിലേക്കു നയിക്കുവാന്‍ ഡേവി മുനിസിപ്പല്‍ നഗരത്തിലെ മലയാളികളുടെ വോട്ടുകള്‍ ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായി.

അങ്ങനെ മലയാളി – ഇന്ത്യന്‍ സമൂഹത്തോടു മേയര്‍ക്കു വലിയൊരു ആത്മബന്ധം ഉണ്ടാകുകയും ഇന്ത്യന്‍ സമൂഹത്തെയും സംസ് കാരങ്ങളെയും കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഇടയാക്കുകയും ചെയ്തു.
അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനയും സൗത്ത് ഫ്ലോറിഡയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സാമൂഹ്യ- സാംസ്‌കാരിക-ജീവകാരുണ്യ കലാസംഘടനയുമായ കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ പരിപാടികളിലെ നിറസാന്നിദ്ധ്യവുമായി ആ സ്നേഹബന്ധം കൂടുതല്‍ ഊഷ്മളമായി.
മാത്രവുമല്ല; ജൂഡിപോള്‍ മേയറായശേഷം ഡേവി നഗരസഭയുടെ പാര്‍ക്ക് ആന്റ് റീക്രിയേഷന്‍ അഡൈ്വസറി ബോര്‍ഡിലേയ്ക്ക് ഈ ലേഖകനെ നോമിനേറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ലോക ടൂറിസം ഭൂപടത്തില്‍ സങ്കരസംസ്‌ക്കാരങ്ങളുടെ സംഗമഭൂമിയാണ് സഞ്ചാരികളുടെ പറുദീസ എന്നു വിശേഷിപ്പിക്കപ്പെടുന്ന മയാമി നഗരം. അവിടെ നിന്നും ഒരു വിളിപ്പാടകലെ മാത്രമാണ് ഡേവി നഗരവും.
ലോകമെമ്പാടുമുള്ള ജനലക്ഷങ്ങള്‍ ഉല്ലസിക്കുവാന്‍ എത്തുന്ന മയാമിയോടു ചേര്‍ന്ന് അക്രമരാഹിത്യത്തിന്റെ പ്രതീകമായി യു എന്‍ പ്രഖ്യാപിച്ചു മഹാത്മജിക്കു ഒരു സ്മാരകം തീര്‍ക്കുവാന്‍ കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ വിഭാവനം ചെയ്യുകയും അതിന്‍ നേതൃത്വം നല്‍കി ഡേവി നഗരസഭയെ സമീപിക്കുകയും 2011 ഡിസംബര്‍ മാസം ഡേവി നഗരസഭയുടെ ഫാല്‍ക്കണ്‍ ലീ പാര്‍ക്കില്‍ ടൗണ് ഓഫ് ഡേവിയുടെ സാമ്പത്തിക പങ്കാളിത്തമില്ലാതെ ഗാന്ധിസ്‌ക്വയര്‍ നിര്‍മ്മിക്കുന്നതിന്‍ അനുവാദം തരികയും ചെയ്തു.

അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളിലായി ശ്രദ്ധേയമായ ഏഴ് ഗാന്ധി മണ്ഡപങ്ങളും സ്റ്റാച്യൂകളുമാണ് പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുന്നത്.

ഫാല്‍ക്കണ്‍ ലീ പാര്‍ക്കിര്‍ ഡേവി നഗരസഭ സൗജന്യമായി അനുവദിച്ച അരയേക്കര്‍ സ്ഥലത്ത് അതി വിശാലമായ ഗാന്ധി സ്‌ക്വയറും അവിടെ അതിനമനോഹരമായ ഗാന്ധി പ്രതിമയുമാണ് ആപ്പ്ടെക് എഞ്ചിനീയറിംഗ് കമ്പനിയുടെ ഉടമ ബാബു വര്‍ഗ്ഗീസ് രൂപകല്‍ പന ചെയ്ത് സിറ്റിയില്‍ സമര്‍പ്പിച്ച് അനുവാദംനേടിയത്.

തുടക്കത്തില്‍ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ മലയാളി സമൂഹത്തിന്റെ സാമ്പത്തിക സഹകരണത്തോടുകൂടി മാത്രം ഈ പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുകയും, ആഗ്രഹിക്കുകയും അതിനായി ഫ്ളോറിഡായിലെ മലയാളി സമൂഹത്തോട് മാത്രമല്ല, അമേരിക്കയിലും, മിഡില്‍ ഈസ്റ്റിലുമുള്ള മലയാളി സമൂഹങ്ങളോട് ബന്ധപ്പെടുകയും ചെയ്തു.

ഞങ്ങളുടെ പ്രതീക്ഷയെ കത്തിജ്വലിപ്പിച്ച വലിയൊരു സ്പോണ്‍സര്‍ മിഡില്‍ ഈസ്റ്റില്‍ നിന്നും ഈ പദ്ധതിയെ സഹായിക്കുവാന്‍ വന്നു.

മിഡില്‍ ഈസ്റ്റിലും, യൂറോപ്പിലും, ഇന്ത്യയിലും വ്യാപാര വ്യവസായ ശൃംഖലയുള്ള ഈറാം ഗ്രൂപ്പ് സാരഥിയും സി.ഇ.ഒ.യുമായ ഡോ. സിദ്ധിക്ക് അഹമ്മദ് എന്ന മലായാളി ഇരുപത്തയ്യായിരം ഡോളര്‍ തന്ന് ഈ പദ്ധതിയിലെ ഏറ്റവും വലിയ സ്പോണ്‍സറുമായിമാറി, അദ്ദേഹത്തെ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. ഇദ്ദേഹത്തെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയത് ഹൂസ്റ്റണിലുള്ള ഡോ.ജോര്‍ ജ്ജ്കാക്കനാടനാണ്.

ഈ പ്രോജക്ടിനായുള്ള തുക മലയാളികളില്‍ നിന്നും സമാഹരിക്കുന്നത് പ്രായോഗികമായി കാലതാമസം വരുമെന്ന തിരിച്ചറിവ് ഉണ്ടാവുകയും അത് പരിഹരിച്ച് സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ കേരളസമാജത്തിന്റെ പൊതുയോഗം വിളിച്ചു ചേര്‍ത്തു.

സൗത്ത് ഫ്ളോറിഡായിലെ ഇന്ത്യന്‍ സമൂഹത്തെയും ഉള്‍ക്കൊള്ളിച്ച് ഗാന്ധിസ്‌ക്വയര്‍ ഫ്ളോറിഡ കചഇ. 501 (ഇ3) ചാരിറ്റബിള്‍ രജിസ്ട്രേഷന്‍ പ്രകാരം അന്നത്തെ കേരളസമാജം പ്രസിഡന്റ് ജോയി കുറ്റിയാനി, സെക്രട്ടറി അസീസ്സി നടയില്‍, ട്രഷറര്‍ ചാക്കോ ഫിലിപ്പ് എന്നിവരുടെ പേരില്‍ രൂപീകരിക്കുവാനും, 2002 ഒക്ടോബര്‍ 2-ാം തീയതി ഗാന്ധി സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യുന്നതിനും തീരുമാനമെടുത്തു.

അങ്ങനെ പതിനായിരം ഡോളറിന്റെ പ്ലാറ്റിനം സ്പോണ്‍സര്‍ഷിപ്പും, അയ്യായിരം ഡോളറിന്റെ ഡയമണ്ട് സ്പോണ്‍സര്‍ഷിപ്പും, രണ്ടായിരം ഡോളറിന്റെ ഗോള്‍ഡ് സ്പോണ്‍സര്‍ഷിപ്പും, ആയിരം ഡോളറിന്റെ സില്വര്‍ സ്പോണ്‍സര്‍ഷിപ്പുമായി സ്പോണ്‍സര്‍ ഷിപ്പുകള്‍ തിരിക്കുകയും, ഈ തുകകള്‍ നല്‍കുന്ന വ്യക്തികള്‍, കമ്പനികള്‍, സംഘടനകള്‍ എന്നിവരുടെ പേരുകള്‍ ഗാന്ധിസ്‌ക്വയറിന്റെ പ്രവേശനകവാടത്തില്‍ മാര്‍ബിളില്‍ ആലേഖനം ചെയ്യുവാനും തീരുമാനിച്ചു.

ഗാന്ധിസ്‌ക്വയറിന്റെ നിര്‍മ്മാണം സിറ്റിയുടെ മാനദണ്ഡമനുസരിച്ചു മാത്രമേ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുകയുള്ളു എന്നറിയാവുന്നതുകൊണ്ട്, ചിലവ് ചുരുക്കുന്നതിനായി ഗാന്ധി സ്റ്റാച്യു ഇന്ത്യയില്‍ നിര്‍മ്മിച്ച് ഇവിടെ എത്തിക്കുന്നതിനായും പരിശ്രമങ്ങള്‍ പലവഴിക്കു നടന്നു. അതിനായി കേരളത്തിലും, ഇന്ത്യയിലുമുള്ള അതിപ്രഗത്ഭരായ ശില്‍പികളുമായി ബന്ധപ്പെട്ടു. എന്നാല്‍ രണ്ടും മൂന്നും വര്‍ഷം ശില്‍പം പണിയുവാനുള്ള കാലതാമസം വരുമെന്ന് മനസ്സിലായി.

എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു ആശയം ഞങ്ങളോട് പങ്കുവയ്ക്കുകയും അത് പ്രാവര്‍ത്തികമാക്കുവാന്‍ ഏറെപരിശ്രമം ചെയ്ത ഒരു തികഞ്ഞ ഗാന്ധിയനെ ഇവിടെ സ്നേഹപൂര്‍വ്വം സ്മരിക്കാതെ പോകുവാന്‍ കഴിയുകയില്ല.

ഇടുക്കിയുടെ പ്രഗത്ഭനായ പാര്‍ലമെന്റ് മെമ്പറായിരുന്ന യശ:ശരീരനായ ശ്രീ. പി.ടി. തോമസ് എം.പി. അന്ന് ഇന്ത്യയുടെ പ്രസിഡന്റായിരുന്ന പ്രണാബ് മുഖര്‍ജിയെ രാഷ്ട്രപതിഭവനില്‍ പോയി നേരില്‍ കണ്ട് മഹാത്മാഗാന്ധിയുടെ ഒരു സ്റ്റാച്യു സ്ഥാപിക്കുന്നതിനായി ഇന്ത്യ ഗവണ്മെന്റിന്റെ ഒരു സമ്മാനമായി ഡേവി നഗരസഭയ്ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നിവേദനം സമര്‍പ്പിച്ചു. അത് രാഷ്ട്രപതിയുടെ പ്രസ്സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നതും മലയാളിയുമായ വേണു രാജാമണിയായിരുന്നു.

എന്നാല്‍ ഇതിന്റെ നടപടികള്‍ക്ക് കാലതാമസം നേരിടുമെന്നറിഞ്ഞതുകൊണ്ട് പരിശ്രമം ഫലപ്രാപ്തിയിലെത്തിയില്ലെങ്കിലും ശ്രീ. പി.റ്റി. എന്ന ജനനേതാവിന്റെ വേറിട്ട പരിശ്രമങ്ങള്‍ക്ക് മുമ്പില്‍ സ്നേഹത്തോടെ അശ്രുപൂജ.

ഈ സമയം കേരളസമാജനത്തിലേയും, ഗാന്ധിസ്‌ക്വയറിലേയും കമ്മറ്റിക്കാര്‍ അമേരിക്കയിലെ ചെറുതും വലുതുമായ ശില്‍ പികളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെ യൂട്ടയിലെ പ്രാവോ നഗരത്തിലെ ബിഗ് സ്റ്റാച്യൂസ് എന്ന പ്രതിമ നിര്‍മ്മാണ കമ്പനിയുടെ ഉടമയും ശില്‍പിയുമായ മാറ്റ് ഗ്ലെന്‍സനുമായി ബന്ധം സ്ഥാപിച്ചു. വെങ്കലത്തില്‍ – ബ്രോണ്‍സില്‍ ഏഴടി ഉയരത്തില്‍ എണ്ണൂറ്റിയമ്പത് പൗണ്ട് തൂക്കത്തില്‍ മഹാത്മാഗാന്ധിയുടെ ശില്‍പം തീര്‍ക്കുന്നതിനായി മുപ്പത്തയ്യായിരം ഡോളറും ഇവിടെ എത്തിക്കുന്നതിന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്ജ് പന്തീരായിരം ഡോളറും ആകുമെന്ന് പറഞ്ഞു.

മാറ്റ്ഗ്ലെന്‍ യൂട്ടായിലെ സ്‌കള്‍പ്ചേഴ്സ് ഗില്‍ഡിന്റെ സാരഥിയുമായിരുന്നു. ഞങ്ങള്‍ അദ്ദേഹവുമായി സംസാരിക്കുന്നതിന്‍ മുമ്പ് മഹാത്മാഗാന്ധിയെക്കുറിച്ച് അധികമൊന്നും ഈ അമേരിക്കന്‍ ശില്‍പി അറിഞ്ഞിരുന്നില്ല. എന്നാല്‍ മഹാത്മജിയുടെ വ്യക്തിപ്രഭാവവും, ചരിത്ര സംഭാവനകളും നേട്ടങ്ങളെയും കുറിച്ച് മനസ്സിലാക്കുകയും ചെയ്തപ്പോള്‍ ശില്‍പം ചെയ്യുവാന്‍ താല്‍പര്യം കാണിച്ചു.

ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടിനെക്കുറിച്ച് പറയുകയും ചെയ്തു. അത് മനസ്സിലാക്കി ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ അതിനുമറുപടി തന്നു. യൂട്ടായിലെ ശില്‍പികളുടെ സംഘടന സ്റ്റാച്യുവിന്റെ മെറ്റീരിയല്‍ കോസ്റ്റ് വഹിക്കുവാന്‍ തയ്യാറാണെന്നും മാറ്റ്ഗ്ലെന്‍ തന്റെ പണിക്കൂലിയില്‍ നിന്നും ആറായിരം ഡോളര്‍ ഇളവ് ചെയ്തുതരാമെന്നും പറഞ്ഞു. ഇപ്പോള്‍, അതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത മാറ്റ്ഗ്ലെന്‍ എന്ന പ്രതിഭാശാലിയായ അമേരിക്കന്‍ ശില്‍പിയെ നമിച്ചുപോയി.

ഗാന്ധി സ്‌ക്വയറിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി, ഡേവി മേയറും, കൊടിക്കുന്നേല്‍ സുരേഷ് എം.പി.യും ചേര്‍ന്ന് നിര്‍വ്വഹിച്ച് പണികള്‍ മുമ്പോട്ട്പോയി, അവസാനഘട്ടം എത്തി.

ഒക്ടോബര്‍ രണ്ടിന്‍ ഗാന്ധി സ്‌ക്വയറിന്റെ സമര്‍പ്പണം ആരാല്‍ നിര്‍വ്വഹിക്കപ്പെടണം എന്നും അതിനുള്ള ഉചിതനായ അതിഥിയെ കണ്ടെത്തുന്നതിനും അന്വേഷണം പല ദിക്കുകളിലും നടന്നുകൊണ്ടിരുന്നു.

എന്നാല്‍ ഒരു സ്വപ്നം പോലെയാണ് ആ വാര്‍ത്ത ഞങ്ങളെ തേടി എത്തിയത്. വിശേഷണങ്ങള്‍ക്ക് അതിരുകളില്ലാത്ത ഡോ. എ.പി.ജെ. അബ്ദുള്‍ കലാം എന്ന ഇന്ത്യയുടെ ആരാദ്ധ്യനായ മുന്‍ പ്രസിഡന്റ് ഒക്ടോബര്‍ 2-ാം തീയതി യൂണിവേഴ്സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡായില്‍ (യുസിഎഫ്) പ്രസംഗിക്കുവാന്‍ എത്തുന്നു.

ഗാന്ധി സ്‌ക്വയറിന്റെ ഔപചാരികമായ സമര്‍പ്പണം നടത്തുന്നതിന്‍ ഏറ്റവും വിശിഷ്ടനായ വ്യക്തി ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുല്‍ കലാം തന്നെയെന്ന് ആര്‍ക്കും യാതൊരു സംശയവുമുണ്ടായിരുന്നില്ല.
എന്നാല്‍ യു.സി.എഫിലെ അധികാരികളുമായി സംസാരിച്ചപ്പോള്‍ ഒരു കാരണവശാലും ഡോ. കലാമിനെ ലഭിക്കുവാന്‍ സാധിക്കുകയില്ല, കാരണം ഡ.ഇ.എ. ലെ പരിപാടി കഴിഞ്ഞ് അന്നുതന്നെ വൈകുന്നേരം 7 മണിക്ക് കാനഡായിലെ ഓട്ടോവായില്‍ എത്തേണ്ടതുണ്ട്. പിറ്റേന്ന് ഓട്ടാവാ യൂണിവേഴ്സിറ്റിയുടെ കോണ്‍വെക്കേഷന്‍ പരിപാടിയില്‍ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കേണ്ടതാണ്.

എന്നാല്‍ ഞങ്ങളുടെ പരിശ്രമം നിറുത്തിയില്ല. അബ്ദുള്‍ കലാം സാറിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി പാലക്കാട്ടുകാരന്‍ മലയാളി ആര്‍. കെ. പ്രസാദാണെന്ന് ദീപിക ഡല്‍ഹി കറസ്പോണ്ടന്റ് ജോര്‍ജ്ജ് കള്ളിവയലില്‍ വഴി അറിയാന്‍ കഴിഞ്ഞു. ആ വഴി പരിശ്രമിച്ചതു ഉപകാരപ്രദമാകുകയും ചെയ്തു.

എന്നാല്‍ അതിന്‍ അല്‍പം ചിലവേറി. അബ്ദുല്‍ കലാം സാറിനെ കൊണ്ടുവരുന്നതിനായി ഒരു പ്രൈവറ്റ് വിമാനം ചാര്‍ട്ടര്‍ ചെയ്തു ഓര്‍ലാന്റോയില്‍ നിന്ന് ഫോര്‍ട്ട് ലൗടര്‍ടെയില്‍ എക്സിക്യൂട്ടീവ് എയര്‍പോര്‍ട്ടിലേയ്ക്കും തുടര്‍ന്ന് ഞങ്ങളുടെ പരിപാടി കഴിഞ്ഞ് അവിടെനിന്ന് കാനഡയിലും എത്തിക്കുന്നതിന്‍ ഏര്‍പ്പാടാക്കി. പക്ഷേ അതിനായി ഇരുപതിനായിരം ഡോളറിലധികം സമാഹരിക്കേണ്ടിവന്നു. അതിനുള്ള മാര്‍ഗ്ഗവും എളുപ്പത്തില്‍ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും കണ്ടെത്തി. കലാം സാറുമായി ചേര്‍ന്ന് ഫാമിലി ഫോട്ടോ സെഷനിലൂടെ ആ തുക കണ്ടെത്തുവാന്‍ കഴിഞ്ഞു.

2012 ഒക്ടോബര്‍ 2-ാം തീയതി മഹാത്മജിയുടെ 143-ാം ജന്മദിനത്തില്‍ ഇന്ത്യയുടെ ആരാധ്യനായ മുന്‍ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഡേവി നഗരസഭയുടെ ഉദ്യാനത്തില്‍ അമേരിക്കന്‍ ഇന്ത്യന്‍ ജനതയുടെ പ്രയത്നവും, സഹായസഹകരണത്തോടും കൂടി നിര്‍മ്മാണം പൂര്‍ത്തിയായ ഗാന്ധിപ്രതിമയും, ഗാന്ധി സ്‌ക്വയറും ആയിരങ്ങളെ സാക്ഷി നിറുത്തി രാജ്യത്തിനായി സമര്‍പ്പിക്കപ്പെട്ടു.

കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തെ ഒന്നിച്ചു ചേര്‍ത്തുനിര്‍ത്തുന്ന ഒരു കോമണ്‍പ്ലാറ്റ്ഫോമായി ഗാന്ധിസ്‌ക്വയര്‍ മാറിക്കഴിഞ്ഞു.

അമേരിക്കന്‍ കോണ്ഗ്രസ്സ്മാന്മാരും, സെനറ്റര്‍ മാരും, സ്റ്റേറ്റ് റെപ്രസെന്റീവ്മാര്‍ മുതല്‍ വിവിധ കൗണ്ടി മേയര്‍മാര്‍ , കമ്മീഷണര്‍മാര്‍ , അനവധി സിറ്റി മേയര്‍മാര്‍ തുടങ്ങി അമേരിക്കന്‍ പൊളിറ്റിക്കല്‍ രംഗത്ത് മത്സരാര്‍ത്ഥികള്‍ മാത്രമല്ല, ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഡെപ്യൂട്ടി സ്പീക്കറുടെ നേതൃത്വത്തില്‍ 16 എം.പി.മാര്‍ ഒരുമിച്ച് ഇവിടെ എത്തി പുഷ്പചക്രം അര്‍പ്പിച്ചതും ആദരപൂര്‍വ്വം ഓര്‍ മ്മിക്കുന്നു.

കൂടാതെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍മാര്‍, കേരളത്തിലെ വിവിധ മന്ത്രിമാരും, എം.പി.മാരും, എം.എല്‍.എ മാരും തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളും, ഭരണാധികാരികളും, വിവിധ മതാചാര്യന്മാര്‍, കാര്‍ഡിനല്‍, ബിഷപ്പ്മാര്‍, മഹാത്മാഗാന്ധിയുടെ കുടുംബാംഗങ്ങള്‍ അങ്ങനെ സൗത്ത് ഫ്ളോറിഡായിലെത്തുന്ന മഹാത്മജിയെ അറിഞ്ഞ ഏവരും ഈ ഗാന്ധി സ്‌ക്വയറില്‍ എത്തി ആദരവുകള്‍ അര്‍പ്പിക്കുന്നു.

അതുപോലെ, ഇന്ത്യയുടെ വിശേഷാല്‍ ദിനങ്ങളായ റിപ്പബ്ലിക്ക്, സ്വാതന്ത്ര്യദിനം, ഗാന്ധി ജയന്തി എന്നിവ ആഘോഷിക്കുവാനും, ആചരിക്കുവാനും സൗത്ത് ഫ്ളോറിഡായിലെ എല്ലാ മലയാളി സംഘടനകളും, ഫോമാ, ഫോക്കാനാ, ഇന്ത്യന്‍ നഴ്സസ് അസോസ്സിയേഷന്‍, ഇന്ത്യന്‍ ഓവര്‍ സീസ് കോണ്ഗ്രസ്സ് തുടങ്ങിയ നാഷണല്‍ ഓര്‍ഗനൈസേഷനുകളും അതോടൊപ്പം സൗത്ത് ഫ്ളോറിഡായിലെ വിവിധ മലയാളി സംഘടനകള്‍ക്കുപുറമേ, ഫ്ളോറിഡായിലെ ഇതര ഇന്ത്യന്‍ സംഘടനകളും ഒത്തൊരുമിക്കുന്നു.

കേരള സമാജത്തിന്റെ ആശയവും, ഡേവി നഗരസഭയും, ഗാന്ധിസ്‌ക്വയറും, ഇന്ത്യന്‍-അമേരിക്കന്‍ സമൂഹവും, ഒരുമിച്ച് സഹകരിച്ച സംരഭമാണ് മഹാത്മാഗാന്ധി സ്‌ക്വയര്‍. ഒരു ലക്ഷത്തി അറുപത്തിമൂവായിരം ഡോളറില്‍ താഴെ ചിലവില്‍ ഇതിന്റെ പണി പൂര്‍ ത്തീകരിക്കുവാന്‍ കഴിഞ്ഞത് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ത്യാഗസന്നദ്ധതയും, നിസ്വാര്‍ത്ഥതയും, സാമൂഹികപ്രതിബദ്ധതയുമായിരുന്നു. ഇതിന്റെ ആഭിനന്ദനങ്ങള്‍ ശില്‍പി മുതല്‍ ഡിസൈനിങ്ങും എന്‍ജിനിയറിംഗും സൂപ്പര്‍വിഷനും ടൗണ് ഓഫ് ഡേവി പ്ലാനിംങ് ആന്റ് ബില്‍ഡിംഗ് ഡിവിഷനും കൂടി അര്‍ഹതപ്പെട്ടതാണ്.

ഗാന്ധിസ്‌ക്വയറിന്റെ മെയിന്റനന്‍സ് നടത്തുന്നതും പരിപാലിക്കുന്നതും മഹാത്മാഗാന്ധിസ്‌ക്വയര്‍ ഫ്ളോറിഡ ഐ.എന്‍.സി ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ ആണ്.

അസീസ്സി നടയില്‍ , ചാക്കോ ഫിലിപ്പ്, ബാബു വര്‍ഗ്ഗീസ്, സാജന്‍ കുര്യന്‍, ഡോ. പീയൂഷ് അഗര്വാള്‍, ഹേമന്ത് പട്ടേല്‍, ശേഖര്‍ റെഡി, വിജയ് നാരംഗ്, വിവേക് സ്വരൂപ്, ജോയി കുറ്റിയാനി എന്നിവരടങ്ങുന്ന സ്ഥിരം സമിതിയ്ക്കുപുറമേ, അതാത് വര്‍ഷം കേരള സമാജം പ്രസിഡന്റായി തെരഞ്ഞെടുക്കുന്ന വ്യക്തിയും കൂടി ചേര്‍ന്നതാണ്.

ഗാന്ധിസ്‌ക്വയറിന്റെ പൂര്‍ണതയ്ക്കും കൂടുതല്‍ മിഴിവേകുന്നതിനും ഇനിയും ഏതാനും കാര്യങ്ങള്‍ കൂടെ ആലോചനയിലും, പരിഗണനയിലുമാണ്.

ബ്രോവാര്‍ഡ് ആന്റ് മയാമി കൗണ്ടിയുമായി സഹകരിച്ച് സൗത്ത് ഫ്ളോറിഡായില്‍ നിങ്ങള്‍ കാണേണ്ട പ്രധാന സ്ഥലമായി ഗാന്ധി സ്‌ക്വയറിനേയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം (ടൂറിസം ഡസ്റ്റിനേഷന്‍ പോയിന്റ്) ഗാന്ധി സ്‌ക്വയറിന്റെ മുമ്പിലൂടെ കടന്നു പോകുന്ന സ്റ്റെര്‍ലിംഗ് റോഡ് എന്ന പൊതു ഗതാഗത വഴിയുടെ ഒരു മൈല്‍ ദൂരം, ഗാന്ധിസ്ട്രീറ്റ് – ങഏ ഞീമറ എന്ന് പുനര്‍ നാമകരണം ചെയ്യുന്നതിനുള്ള നടപടികള്‍ – (നിലവില്‍ പാര്‍ക്കിനകത്തെ റോഡിന്‍ ഗാന്ധി സ്ട്രീറ്റ് എന്ന് പേര്‍ നല്‍കിയിട്ടുണ്ട്).

ഗാന്ധി സ്‌ക്വയറില്‍ ആളുകള്‍ക്ക് ഇരിക്കുന്നതിനായി ഏതാനും ബഞ്ചുകള്‍ സ്ഥാപിക്കുക. ഗാന്ധിസ്‌ക്വയറില്‍ സ്ഥിരമായി രണ്ട് ഫ്ളാഗ് പോസ്റ്റുകള്‍ സ്ഥാപിക്കുക ഉള്‍പ്പെടെ ഏതാനും ആവശ്യങ്ങള്‍ കൂടി അധികാരികളുടെ മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.

ഇവിടെ നമ്മള്‍ ഉയര്‍ത്തിയ ഈ ഗാന്ധി സ്‌ക്വയറിന്റെ മഹത്വവും, പ്രചോദനവും മൈലുകള്‍ സഞ്ചരിച്ച് ഇന്ന് പാലായിലും യഥാര്‍ ത്ഥ്യമാകാന്‍ പോകുമ്പോള്‍ ഗാന്ധി സ്‌ക്വയര്‍ ഫ്ളോറിഡായ്ക്ക് അഭിമാനത്തിന്റെ, സന്തോഷത്തിന്റെ നിമിഷങ്ങള്‍ .

എബി. ജെ. ജോസ് നേതൃത്വം നല്‍കുന്ന മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പാലാ നഗരസഭ അനുവദിച്ചു നല്‍കിയ ലേയേഴ്സ് ചേമ്പര്‍ – കോടതി സമുച്ചയമങ്കണത്തില്‍ പണി പൂര്‍ത്തിയായി വരുന്ന ഗാന്ധി സ്‌ക്വയറിന്റെ ആശയങ്ങളും എഞ്ചിനീയറിംഗ് സഹായവും അവര്‍ക്കായി പങ്കുവയ്ക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. എന്നുമാത്രമല്ല, ഗാന്ധി സ്‌ക്വയര്‍ ഫ്ളോറിഡ ഡിസൈന്‍ ചെയ്ത ബാബു വര്‍ഗ്ഗീസ് (ഫ്ളോറിഡ സ്റ്റേറ്റ് എഞ്ചിനീയറിംഗ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍) പാലായില്‍ നേരിട്ട് ചെന്ന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു എന്ന് അഭിമാനപൂര്‍വ്വം ഇവിടെ കുറിയ്ക്കട്ടെ.

ഇന്ന് സത്യധര്‍മ്മാദികളുടെ അപചയത്തിനെതിരെ വിരല്‍ചൂണ്ടി ഒരു കാവലാളായി ഈ മെട്രൊ നഗരത്തില്‍ ഒരു ദശകമായി നിലകൊള്ളുന്ന മഹാത്മജിയുടെ സാന്നിദ്ധ്യം പങ്കുവയ്ക്കുന്നത്, ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്കും തത്വങ്ങള്‍ക്കും ഇന്നും പ്രസക്തി ഏറെയാണ്.

ഇവിടെ കറുത്തവനോ, വെളുത്തവനോ, തദ്ദേശീയനോ, കുടിയേറ്റക്കാരനോ, ന്യൂനപക്ഷക്കാരനോ, അടിച്ചമര്‍ ത്തപ്പെട്ടവനോ, ആര്‍ക്കും കടന്നു വരാവുന്നതും ഏവര്‍ക്കും ആത്മധൈര്യം പകര്‍ന്നു കൊടുക്കുന്ന ഒരു പൊതുവേദിയായി മാറുകയാണ് മഹാത്മാ ഗാന്ധി സ്‌ക്വയര്‍ ഫ്ളോറിഡ.

Author