2023-ല്‍ യുഎസില്‍ സോഷ്യല്‍ സെക്യൂരിറ്റിയില്‍ 8.7 ശതമാനം വര്‍ധനവ് പ്രഖ്യാപിച്ചു

Spread the love

വാഷിങ്ടന്‍ ഡി സി: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയും ഗ്യാസിന്റെ വില വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ സോഷ്യല്‍ സെക്യൂരിറ്റിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ലക്ഷകണക്കിനാളുകള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം ലഭിക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് നിലവില്‍ നല്‍കി കൊണ്ടിരിക്കുന്ന സോഷ്യല്‍ സെക്യൂരിറ്റി തുകയുടെ 8.7 ശതമാനം വര്‍ധിപ്പിച്ചു. അടുത്ത വര്‍ഷം മുതല്‍ വര്‍ധിപ്പിച്ച തുക വിതരണം നടത്തുമെന്ന് സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. 40 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇത്രയും ശതമാനം വര്‍ധനവ് പ്രഖ്യാപിച്ചത്.

മെഡിക്കെയര്‍ പാര്‍ട്ട് ബി പ്രീമിയത്തില്‍ 3 ശതമാനം കുറവു വരുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ടു ആനുകൂല്യങ്ങളും ഒരേ സമയം ലഭിക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് ഇതു വലിയ ആശ്വാസം നല്‍കും. സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ആക്റ്റിങ് കമ്മീഷണര്‍ കിലൊലൊ കിജാക്‌സിയാണ് ഇതു സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ വര്‍ഷവും സോഷ്യല്‍ സെക്യൂരിറ്റിയില്‍ വര്‍ധനവ് നല്‍കിയിരുന്നുവെങ്കിലും മെഡിക്കെയര്‍ പാര്‍ട്ട് ബി പ്രീമിയത്തില്‍ വര്‍ധനവ് ഉണ്ടായതിനാല്‍ ഇതിന്റെ പ്രയോജനം ലഭിച്ചില്ല. ഇടക്കാല തിരഞ്ഞെടുപ്പിനു ഏതാനും ദിവസങ്ങള്‍ കൂടി ബാക്കിയുള്ളപ്പോള്‍ ഈ പ്രഖ്യാപനം ബൈഡന്‍ ഗവണ്‍മെന്റിന് അനുകൂലമാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും

Author