ഐ.ഓ.സി കേരളാ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മറ്റി ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചു : മാത്യുക്കുട്ടിഈശോ

Spread the love

ന്യൂയോർക്ക്: ഇന്ത്യൻ  ഓവർസീസ് കോൺഗ്രസ്സ്  അമേരിക്കയിലെ കേരളാ  ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മറ്റി  ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ച്‌ പ്രമേയം പാസ്സാക്കി.  കഴിഞ്ഞ ദിവസം സൂം മീറ്റിംഗിലൂടെ കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ആസന്നമായിരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അദ്ധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിനേക്കുറിച്ച്  എല്ലാ കമ്മറ്റി അംഗങ്ങളും തങ്ങളുടെ ഉൽഘണ്ഠ രേഖപ്പെടുത്തി. ഇപ്പോഴത്തെ അവസ്ഥയിൽ കോൺഗ്രസിനെ രക്ഷിക്കണമെങ്കിൽ ശശി തരൂർ തന്നെ തെരഞ്ഞെടുക്കപ്പെടുന്നതാണ് ഉചിതം എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. തരൂരിൻറെ സ്‌ഥാനാർഥിത്വം ഇപ്പോൾ കോൺഗ്രസ്സ് പാർട്ടിയിൽ തന്നെ ഒരു നല്ല ഉണർവുണ്ടാക്കിയിട്ടുണ്ടെന്ന്  കേരള ചാപ്റ്റർ പ്രസിഡന്റ് ലീല മാരേട്ട് പ്രസ്താവിച്ചു.  മീറ്റിംഗിൽ പങ്കെടുത്ത മറ്റു എല്ലാ അംഗങ്ങളും പ്രസ്തുത അഭിപ്രായത്തോട് യോജിച്ചു.


ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണ്ണായക ഘടകമായ കോൺഗ്രസ്സ് പാർട്ടി ഓരോ തെരഞ്ഞെടുപ്പു കാലം പിന്നിടുംതോറും തോൽവികൾ ഏറ്റുവാങ്ങി ശക്തി കുറയുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. നല്ല ഒരു നേതൃത്വത്തിൻെറ അഭാവം കോൺഗ്രസ്സ് പാർട്ടിയിൽ അനുഭവപ്പെടുന്നു. സോണിയാ ഗാന്ധിയും  രാഹുൽ ഗാന്ധിയും നൽകിയ നല്ല നേതൃത്വത്തെ കമ്മറ്റി പ്രകീർത്തിച്ചെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ രാഹുൽ ഗാന്ധി നേതൃത്വം ഏറ്റെടുക്കുന്നതിൽ നിന്നും പിന്മാറിയതിനാൽ പുതിയ അധ്യക്ഷന്റെ അനിവാര്യത നേരിടുകയാണ്. നീണ്ട 22 വർഷങ്ങൾക്ക്  ശേഷം ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസ്സ് പാർട്ടി പ്രഖ്യാപിച്ചപ്പോൾ തരൂർ മത്സര രംഗത്ത് വന്നത് മുതൽ പാർട്ടിയിൽ ഒരു ഉണർവ് അനുഭവപ്പെട്ടു തുടങ്ങി.

ഐ.ഓ.സി.  യു.എസ്‌.എ. കേരളാ ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു,  പ്രസിഡന്റ് ലീലാ മാരേട്ട് , ജനറൽ സെക്രട്ടറി സജി കരിമ്പന്നൂർ, ഐ.ഓ.സി. നാഷണൽ വൈസ് ചെയർമാൻ ജോർജ് എബ്രഹാം, നാഷണൽ വൈസ് പ്രസിഡന്റുമാരായ പോൾ കറുകപ്പള്ളിൽ, ജോസ് ജോർജ്, നാഷണൽ സെക്രട്ടറി ജയചന്ദ്രൻ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീശൻ നായർ, ട്രഷറർ വിപിൻ രാജ്, ഐ.ടി. ചെയർമാൻ വിശാഖ് ചെറിയാൻ, വൈസ് പ്രസിഡന്റ് ചെറിയാൻ കോശി, സെക്രട്ടറി ഈപ്പൻ ദാനിയേൽ, ന്യൂയോർക്ക് റീജിയൺ പ്രസിഡന്റ് വർഗീസ്  പോത്താനിക്കാട്, പെൻസിൽവാനിയ റീജിയണൽ പ്രസിഡന്റ് സാബു സ്കറിയ, ഫ്ലോറിഡാ റീജിയൺ ചാക്കോ കുരിയൻ, മിഷിഗൺ റീജിയൺ മാത്യു വർഗീസ് ചിക്കാഗോ റീജിയൺ പ്രൊഫ. തമ്പി മാത്യു, ഹ്യൂസ്റ്റൺ റീജിയൺ തോമസ് ഒലിയാംകുന്നേൽ, അറ്റ്ലാന്റാ റീജിയൺ ജോർജ് മൂലമറ്റം തുടങ്ങിയവർ എക്സിക്യൂട്ടീവ് കമ്മറ്റി മീറ്റിംഗിൽ പങ്കെടുത്തു.

നിൽവിൽ കോൺഗ്രസ്സ് പാർട്ടിയിലുള്ള നിരവധി പ്രശ്നങ്ങളെപ്പറ്റിയും പ്രതിസന്ധികളെ കുറിച്ചും യോഗം ചർച്ച ചെയ്തു. രാഹുൽ ഗാന്ധി പാർട്ടിയുടെ അധ്യക്ഷ പദവി തൽക്കാലം ഏറ്റെടുക്കുന്നില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്. സ്വതന്ത്രവും  തുറന്നതുമായ ഒരു തെരഞ്ഞെടുപ്പു നടത്തുവാൻ തീരുമാനിച്ച കോൺഗ്രസ്സ് കമ്മറ്റി പ്രശംസ അർഹിക്കുന്നു. 2024 ൽ നടക്കുവാൻ പോകുന്ന ലോക സഭാ തെരഞ്ഞെടുപ്പ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഒരു അഗ്നിപരീക്ഷണമാണ്. ഈ അവസരത്തിൽ പാർട്ടിയിലെ യുവ തലമുറയെ നേതൃത്വത്തിലേക്ക് കൊണ്ടുവരേണ്ടതാണ്. താഴെ തട്ടിലെ പാർട്ടി പ്രവർത്തകരെ ശക്തിപ്പെടുത്തേണ്ടതാണ്. താഴെത്തട്ടിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെങ്കിൽ ഉത്തരവാദപ്പെട്ടതും ഊർജ്ജസ്വലവുമായ ഒരു നേതൃത്വം ഇപ്പോഴത്തെ അവസ്ഥയിൽ അനിവാര്യമാണ്.

സ്വന്തം  മണ്ണിൽ നിന്നും ഒരാൾ പാർട്ടിയുടെ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ കേരളാ നേതാക്കളുടെ നിലപാടുകളും സമീപനവും നിരാശാജനകമാണ്. ഇന്ത്യക്കു സ്വാതന്ത്ര്യം നേടിക്കൊടുത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സുവർണ്ണ കാലഘട്ടം തിരികെ കൊണ്ടുവരുന്നതിനും പൊതു സമൂഹത്തിൽ പാർട്ടിക്കുള്ള പിന്തുണ അരക്കിട്ടുറപ്പിക്കുന്നതിനും ശക്തമായ ഒരു നേതൃത്വം ഇപ്പോൾ ആവശ്യമാണ്.  അതിനാൽ ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മറ്റിയുടെ അദ്ധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ള ഡോ.  ശശി തരൂരിന്  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് യു.എസ്.എ.  കേരളാ ഘടകം ഏകകണ്‌ഠമായ പിന്തുണ നൽകുന്നതിനുള്ള പ്രമേയം പാസ്സാക്കുന്നു.

Author