ടൊറന്റോ:”തിരമാല പോലെ വന്ന സംഗീതത്തിന്റെ അഭൗമമായ വശ്യതയിൽ ലയിച്ചു പോയ ഒരു രാത്രി..” ഇങ്ങനെയാണ് ഒരു ആസ്വാദകൻ ഫേസ്ബുക്കിൽ ഹൈ ഓൺ മ്യൂസിക്കിനെ വിശേഷിപ്പിച്ചത്. അതെ,സംഗീതം ലഹരിയായി പെയ്തിറങ്ങുക.. പതിയെ തുടങ്ങി.. പതഞ്ഞു പൊങ്ങി…ആഞ്ഞടിച്ചു …. തിരയടങ്ങുക … അത്രമേൽ മനോഹരമായ ഒരു രാത്രി… ഈ രാത്രിയിലെ സംഗീതം നിലക്കാതിരുന്നെങ്കിലെന്നു അവിടെ കൂടിയിരുന്ന ഓരോ സംഗീത ആസ്വാദകനും ആഗ്രഹിച്ചിട്ടുണ്ടാകും…
സിതാര തുടങ്ങിയ ഗാനോത്സവത്തിനു ജോബ് കുര്യനും, സൂരജ് സന്തോഷും മേളക്കൊഴുപ്പേകി… ജോബ് കുര്യന്റെ ‘പദയാത്ര’ എന്ന പാട്ടിനു സദസ്സ് ഇളകി മറിഞ്ഞു. വീണ്ടും… വീണ്ടും എന്ന് സദസ്സ് ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. പിന്നെ വന്ന സൂരജ് സന്തോഷും സദസ്സിനെ ഇളക്കിമറിച്ചു. പാടാനുള്ള ഗായകരുടെ ക്ഷണം സ്വീകരിച്ച സദസ്സും
അവർക്കൊപ്പം ഏറ്റു പാടി.. അവസാനമായി വന്ന ഹരീഷ് ശിവരാമകൃഷ്ണൻ തന്റെ ശബ്ദ സൗകുമാര്യത്തിൽ ഹാമെർസെൻ ഓഡിറ്റോറിയത്തിലെ പ്രൗഢ ഗംഭീര സദസ്സിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു.. ഒടുവിൽ ‘ശ്രീരാഗമോ’ എന്ന ഗാനം .. പാടി മുഴുമിക്കാൻ അനുവദിക്കാതെ … ഒന്നടങ്കം സദസ്സ് എണിറ്റു നിന്ന് കയ്യടിച്ചു.. അപ്പോഴേക്കും ഹാമെർസെൻ ഓഡിറ്റോറിയത്തിന് പുറത്തു കാത്തു നിന്ന മഴ പെയ്തു തുടങ്ങിയിരുന്നു…
ടോറോന്റോയിൽ മാത്രം ആയിരത്തി നാനൂറു പേരാണ് പരിപാടി ആസ്വദിക്കാനായി എത്തിയത്. ആസ്വാദനത്തിന്റെ നിലവാരം ഉറപ്പാക്കാൻ ഏറ്റവും മികച്ച ശബ്ദ സാങ്കേതിക വിദ്യകളുള്ള ഹാളുകളാണ് പരിപാടികൾക്ക് വേണ്ടി റൗസിങ് റിഥം ഒരുക്കിയിരിന്നത് . ലണ്ടനിലെ സെന്റീനിയൽ ഹാളിലും, ഒട്ടാവയിലെ മെരിഡിയൻ തീയേറ്റേഴ്സിലുമായിരുന്നു മറ്റു രണ്ടു പരിപാടികൾ. നിലവാരമുള്ള പരിപാടികൾ കാനഡയുടെ മണ്ണിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി തുടങ്ങിയ റൗസിങ് റിഥം എന്ന എന്റർടൈൻമെന്റ് ഗ്രൂപ്പിന് അഭിമാനിക്കാവുന്ന തുടക്കമാണ് ഹൈ ഓൺ മ്യൂസിക്.
ഐടി പ്രൊഫെഷണലായ മനു മാത്യു, ബ്രോഡ്കാസ്റ് മീഡിയ പ്രൊഫെഷണലായ സേതു വിദ്യാസാഗർ, അവതാരകയും സാമൂഹിക പ്രവർത്തകയുമായ കവിത കെ മേനോൻ, ഫോട്ടോഗ്രാഫറായ എസ്എൽ ആനന്ദ്, അക്കൗണ്ടിങ് പ്രൊഫഷണലായ പോൾ നെടുംകുന്നേൽ, ഇവന്റ് മാനേജ്‌മന്റ് വിദഗ്ദ്ധനായ സുജിത് ഉണ്ണിത്താൻ എന്നിവരാണ് റൗസിങ് റിഥത്തിന്റെ സാരഥികൾ. വണ്ടർവാൾ മീഡിയയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. റീൽറ്റർ മനോജ് കരാത്തയാണ് പരിപാടിയുടെ മെഗാ സ്പോൺസർ. അഭിഭാഷകയായ സിമ്മി ചാക്കോ, സിഐബിസി മോർട്ഗേജ് അഡ്വൈസർ രെഞ്ചു കോശി, സ്ട്രാറ്റ്ഫോർഡ് കിയാ പ്രിൻസിപ്പൽ ഓണർ ബോബൻ ജെയിംസ് എന്നിവരായിരുന്നു പരിപാടിയുടെ മറ്റു സ്‌പോൺസർമാർ.