അകാലത്തിൽ വേർപിരിഞ്ഞ പ്രിയ സഹപ്രവർത്തകൻ ഫ്രാൻസിസ് തടത്തിലിന് ബാഷ്‌പാഞ്ജലിയുമായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക. കേരളത്തിൽ വിവിധ പ്രസ് ക്ലബുകളിലും ഇവിടെ വന്ന ശേഷം ഇന്ത്യ പ്രസ് ക്ലബിലും ദീർഘകാലമായി അംഗമായ ഫ്രാൻസിസിന്റെ വേർപാട് നികത്താനാവാത്തതാണെന്നു പ്രസ് ക്ലബ് ഭാരവാഹികളും അംഗങ്ങളും ചൂണ്ടിക്കാട്ടി. അകാലത്തിലുള്ള ഈ വിടപറയൽ പ്രഗത്ഭനായ ഒരു പത്രപ്രവർത്തകനെയാണ് അമേരിക്കൻ മലയാളികൾക്ക് നഷ്ടമാക്കിയത്. മാധ്യമ രംഗത്തു അദ്ദേഹം കൈവയ്ക്കാത്ത മേഖലകളില്ല. അവിടെയെല്ലാം മുന്നണിയിൽ എത്താൻ കഴിഞ്ഞ അപൂർവം ചില പത്രപ്രവർത്തകരിലൊരാളാണ് ഫ്രാൻസിസ് തടത്തിൽ.
അദ്ദേഹവുമായി ഒരിക്കലെങ്കിലും ബന്ധപ്പെടാത്ത അമേരിക്കൻ മലയാളികൾ ചുരുക്കമാണ്. അദ്ദേഹത്തിന്റെ പേന അമേരിക്കൻ മലയാളിലകളുടെ ജീവിതം ചിത്രീകരിച്ചു. കോവിഡ് കാലത്ത് അതിന്റെ പ്രഭവ കേന്ദ്രമായിരുന്ന ന്യു യോർക്ക്-ന്യു ജേഴ്‌സി മേഖലയിലെ ദുരന്ത കഥ ലോകത്തെ അറിയിച്ചത് ഫ്രാൻസിസിന്റെ തൂലികയാണ്.
ഇത്ര കുറഞ്ഞ ജീവിതത്തിനിടയിൽ മറ്റുള്ളവരെ ഇത്രയേറെ സ്വാധീനിച്ച വ്യക്തികൾ ചുരുക്കം. സ്വന്തമായി നേട്ടങ്ങൾ ഒന്നുമില്ലാതെയാണ് അദ്ദേഹം പത്രപ്രവർത്തനം തപസ്യയാക്കിയത്.
ഫ്രാൻസിസിന്റെ വേർപാടിൽ വിഷമത്തിലായ കുടുംബത്തിന് സഹായങ്ങളെത്തിക്കാൻ പ്രസ് ക്ലബ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് സുനിൽ തൈമറ്റം, ജനറൽ സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്, നിയുക്ത പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, മറ്റു ഭാരവാഹികൾ എന്നിവർ അറിയിച്ചു.
മരണവിവരം അറിഞ്ഞ ഉടനെ ട്രഷറർ ഷിജോ പൗലോസ്, സുനിൽ ട്രൈസ്റ്റാർ, ന്യു യോർക്ക് ചാപ്റ്റർ പ്രസിഡന്റ് സണ്ണി പൗലോസ്, മുൻ പ്രസിഡന്റ് ജോർജ് ജോസഫ് തുടങ്ങിയവർ പരേതന്റെ ന്യു ജേഴ്‌സി ഈസ്റ് ഹാനോവറിലെ വസതിയിലെത്തി കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുകയും മേൽനടപടികൾക്ക് തുണയായി നിൽക്കുകയും ചെയ്തു.
പ്രസ് ക്ലബ് ന്യു യോർക്ക് ചാപ്ടർ സെക്രട്ടറിയായ ഫ്രാൻസിസിന്റെ വേർപാടിന്റെ ദുഃഖം വിവരിക്കാനാവാത്തതാണെന്നു ചാപ്റ്റർ പ്രസിഡന്റ് സണ്ണി പൗലോസ് പറഞ്ഞു. ചാപ്റ്ററിന്റെ പലവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനിരിക്കെയാണ് ഫ്രാൻസിസ് വിടപറയുന്നത്. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുവാൻ ചാപ്റ്റർ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങും.
കുടുംബത്തിന് എന്ത് സഹായമാണ് ആവശ്യമുള്ളതെന്നും അവർക്കായി പ്രസ് ക്ലബിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും ആലോചിക്കുമെന്നു നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റം പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും അഡ്വൈസറി ബോർഡിന്റെയും യോഗം ഉചിതമായ തീരുമാനങ്ങൾ എടുക്കും.
വാര്‍ത്ത: രാജു പള്ളത്ത്