കെ.പി.എം.ജിയുടെ 2022ലെ ഔട്ട്‌ലുക്ക് റിപ്പോർട്ട് പുറത്ത്
കൊച്ചി : ഇന്ത്യയിലെ 66 ശതമാനം സി.ഇ.ഒമാർ അടുത്ത വർഷം സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതിൽ 58 ശതമാനം പേരും സാമ്പത്തിക മാന്ദ്യം നേരിയ രീതിയിൽ ചെറിയ കാലത്തേക്ക് മാത്രമായിരിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്. കെ.പി.എം.ജിയുടെ 2022 ലെ ഇന്ത്യ സി.ഇ.ഒ. ഔട്ട്‌ലുക്ക് റിപ്പോട്ടിലാണ് ബിസിനസ് മേഖലയ്ക്ക് ആശ്വാസകരമായ വിവരങ്ങളുള്ളത്. കൊവിഡാന്തരമുള്ള പ്രതിസന്ധി, വർദ്ധിച്ചുവരുന്ന പലിശനിരക്കിന്റെ ഭീഷണി, പണപ്പെരുപ്പം, പ്രതീക്ഷിക്കുന്ന മാന്ദ്യം, സ്ഥാപനത്തിന്റെ വിശ്വാസ്യതയിലുണ്ടാകുന്ന കുറവ് തുടങ്ങിയ ഘടകങ്ങളാണ് ഇന്ന് ഇന്ത്യയിലെ സി.ഇ.ഒമാർ നേരിടുന്ന പ്രധാന ആശങ്കകളെന്നും റിപ്പോർട്ടിലുണ്ട്.
ഇന്ത്യയിലെ 90 ശതമാനം വ്യവസായ പ്രമുഖരും മാന്ദ്യം കമ്പനിയുടെ വരുമാനത്തെ 10 ശതമാനം ബാധിക്കുമെന്ന് പ്രവചിക്കുമ്പോൾ 62 ശതമാനം സിഇഒമാർ
മാന്ദ്യത്തിലും പ്രതീക്ഷിച്ച വളർച്ചയിലേക്ക് ബിസിനസ് ഉയർത്തുമെന്നാണ് വിശ്വസിക്കുന്നത്.
ഇന്ത്യയിലെ 125ലധികം സിഇഒമാരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വരും നാളുകളെ നേരിടാനുള്ള തന്ത്രങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും സർവേ വിലയിരുത്തി. അടുത്ത ആറ് മാസത്തിനുള്ളിൽ ആഗോള സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധത്തെക്കുറിച്ച് ഇന്ത്യയിലെയും ആഗോളതലത്തിലെയും മുതിർന്ന എക്‌സിക്യൂട്ടീവുകൾക്ക് കൂടുതൽ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. ബിസിനസ് രംഗത്തെ പലവിധ വെല്ലുവിളികളുടെ വ്യാപ്തി ഗണ്യമായി മാറിയിട്ടുണ്ടെന്നും ബിസിനസ് ഉടമകൾ ഓരോ ഘട്ടത്തിലും എത്ര ചടുലമായി പ്രതികരിക്കണമെന്നതാണ് പ്രധാനമെന്നും ഇന്ത്യയിലെ കെ പി എം ജി സി. ഇ. ഒ. യെസ്ദി നാഗ്‌പോരെവാല പറഞ്ഞു. സർവേയിൽ പങ്കെടുത്ത ഇന്ത്യയിലെ സിഇഒമാർ തങ്ങളുടെ സ്ഥാപനത്തിന്റെ പ്രതിരോധശേഷിയിൽ ആത്മവിശ്വാസമുള്ളവരാണ്. സാങ്കേതികവിദ്യ, കഴിവ്, ഇ. എസ്. ജി. എന്നിവയുടെ വാഗ്ദാനങ്ങളാൽ നിലവിലുള്ള അന്തരീക്ഷം പരമാവധി പ്രയോജനപ്പെടുത്താൻ അവർ സ്വയം തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെ നേരിടാനൊരുങ്ങുന്ന സിഇഒമാർ, നിരവധി നിർദ്ദേശങ്ങളും,അഭിപ്രായങ്ങളും കെ.പി.എം.ജിയുടെ 2022 ലെ ഇന്ത്യ സി.ഇ.ഒ. ഔട്ട്‌ലുക്ക് റിപ്പോട്ടിൽ മുന്നോട്ടു വച്ചിട്ടുണ്ട്.
Report : Abhimanyu S Nair