ആയുർവേദ ചികിത്സാരംഗത്ത് കഴിവ് തെളിയിച്ചവർക്ക് വിദേശത്ത് അവസരമൊരുക്കും

Spread the love

ആയുർവേദത്തിന്റെ പ്രാധാന്യം ആഗോളതലത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ചികിത്സാരംഗത്ത് കഴിവ് തെളിയിച്ചവർക്ക് വിദേശത്ത് തൊഴിലവസരമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. യു.കെ സന്ദർശനത്തിനിടെ ആരോഗ്യമേഖലയിലേക്ക് കേരളത്തിൽ നിന്നുളള ആയുർവേദ വിദഗ്ദരുടെ സേവനം ആവശ്യപ്പെട്ടത് മന്ത്രി ചൂണ്ടിക്കാട്ടി. ഒക്ടോബർ 23 ദേശീയ ആയുർവേദ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ആയുർവേദ കോളേജും നാഷണൽ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ആയുർവേദ എക്സിബിഷൻ ഉദ്ഘാടനം ആയുർവേദ കോളേജ് ക്യാമ്പസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.ആയൂർവേദ ചികിത്സ, ഗവേഷണം എന്നിവയിൽ ദീർഘവീക്ഷണത്തോടുകൂടിയ പ്രവർത്തനങ്ങളാണ് കേരളത്തിൽ നടപ്പാക്കുന്നതെന്നു മന്ത്രി പറഞ്ഞു. ആയുർവേദം ജീവിതചര്യയുടെ ഭാഗമാക്കുന്നതിനായി എല്ലാ ജില്ലകളിലും ആയുർവേദ ചികിത്സ വ്യാപകമാക്കുന്നതിന് സംവിധാനമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ആയുർവേദത്തിന്റെ പ്രാധാന്യം എക്കാലവും നിലനിൽക്കുമെന്നും വിദേശികളടക്കം ചികിത്സയ്ക്കായി കേരളത്തിലെ ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിൽ എത്തുന്നത് ഇതിന്റെ തെളിവാണെന്നും ചടങ്ങിൽ അധ്യക്ഷനായ മന്ത്രി ആന്റണി രാജു പറഞ്ഞു.ആയുർവേദവുമായി ബന്ധപ്പെട്ട സമഗ്ര മേഖലകളും ഉൾക്കൊള്ളുന്നതാണു മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം. ‘അമൃതം 2022’ എന്ന പേരിൽ നടക്കുന്ന പ്രദർശനത്തിന് പുറമെ ഔഷധ സസ്യ വിതരണം, രോഗനിർണയ ക്യാമ്പുകൾ, പൊതുജനാരോഗ്യ ബോധവതക്കരണ ക്യാമ്പുകൾ, സ്‌കൂൾ കോളേജ്തല ആരോഗ്യ പരിപാടികൾ തുടങ്ങിയവയും ദിനാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. 2016 മുതലാണ് ധന്വന്തരീ ജയന്തി ആയുർവേദ ദിനമായി ആചാരിക്കാൻ തുടങ്ങിയത്.

Author