സൈപ്രസ് (ടെക്സസ്) : കൗമാരക്കാരായ ഇരട്ടക്കുട്ടികളെ വീട്ടിലെ ലോണ്ടറിയില്‍ വിലങ്ങുവച്ചു പട്ടിണിക്കിട്ട മാതാവ് സൈക്കിയ ഡങ്കനെ (40) അറസ്റ്റ് ചെയ്തു. ഇവരെ ലൂസിയാന ബാറ്റണ്‍ റഗിലുള്ള ജയിലിലടച്ചതായാണു റിപ്പോര്‍ട്ട്.
ഹൂസ്റ്റണ്‍ ഏരിയായിലുള്ള സൈപ്രസ് പ്രദേശത്തെ വീടുകളില്‍ രാവിലെ 5.30ന് കുട്ടികള്‍ സഹായഭ്യര്‍ഥനയുമായി എത്തുകയായിരുന്നു. നഗ്നപാദരായി, ആവശ്യമായ വസ്ത്രങ്ങള്‍ ഇല്ലാതെ , കൈകളില്‍ പൊട്ടിച്ച വിലങ്ങുകളുമായാണ് ഓരോ വീടിന്റേയും വാതിലില്‍ ഇവര്‍ മുട്ടിയത്. ഇരട്ടകളിലെ പെണ്‍കുട്ടി പ്ലാസ്റ്റിക് ഗ്രോസറി ബാഗ് കൊണ്ടാണു തന്റെ മാറു മറച്ചിരുന്നത്.
കുട്ടികളുടെ നിസ്സഹായവസ്ഥ കണ്ടു വാതില്‍ തുറന്ന് അകത്തേക്കു പ്രവേശിപ്പിച്ചപ്പോള്‍, ഞങ്ങള്‍ നിങ്ങളെ ഉപദ്രവിക്കത്തില്ല, അഭയം തേടിയാണ് എത്തിയതെന്ന് ഇരുവരും പറഞ്ഞു. കൈവിലങ്ങുമായി വിറക്കുകയായിരുന്നു പെണ്കുട്ടിയെന്നു വീടിന്റെ പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉടമസ്ഥ പറഞ്ഞു. മാതാവ് ഇരുവരേയും വിലങ്ങുവച്ച് ആഹാരം പോലും നല്‍കാതെ ലോണ്ടറി മുറിയില്‍ അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും വിലങ്ങു പൊട്ടിച്ചു പുറത്തു ചാടുകയായിരുന്നുവെന്നും കുട്ടികള്‍ പറഞ്ഞു.
ഇരട്ടകളെ കൂടാതെ അഞ്ചു കുട്ടികളും ഈ വീട്ടില്‍ ഉണ്ടായിരുന്നു. മാതാവിനെ അറസ്റ്റ് ചെയ്തതോടെ ഏഴു പേരേയും ചൈല്‍ഡ് പ്രൊട്ടക്റ്റീവ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തതായി അധികൃതര്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത 40 കാരി ഇതിനു മുമ്പും ചൈല്‍ഡ് അബ്യൂസ് കേസില്‍ പ്രതിയായിരുന്നുവെന്നു പൊലിസ് പറഞ്ഞു.