മുന്‍ മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും എതിരായ സ്വപ്‌നയുടെ ലൈംഗിക ആരോപണത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം : പ്രതിപക്ഷ നേതാവ്

Spread the love

മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലുകളും ഗുരുതരം.

പ്രതിപക്ഷ നേതാവ് ആലുവയില്‍ നല്‍കിയ ബൈറ്റ് (22/10/2022).

കൊച്ചി :   പ്രമുഖ സി.പി.എം നേതാക്കളായ രണ്ട് മുന്‍ മന്ത്രിമാര്‍ക്കും മുന്‍ സ്പീക്കര്‍ക്കും എതിരായ സ്വപ്‌നയുടെ ആരോപണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയാറാകണം. ഗുരുതരമായ ആരോപണമാണ് ഇവര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയും ആരോപണമുണ്ട്. സ്‌പേസ് പാര്‍ക്കില്‍ തന്നെ നിയമിച്ചത് വിദേശ കമ്പനികളുമായി വിലപേശി കമ്മീഷന്‍ കൈപ്പറ്റുന്നതിന് വേണ്ടിയാണെന്നാണ് ആരോപണം. സ്വപ്‌ന ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍ മൊഴിയായി നല്‍കിയിട്ടു പോലും അന്വേഷണത്തിന് ഇ.ഡി തയാറായിട്ടില്ല. ബി.ജെ.പിയും കേരളത്തിലെ സി.പി.എമ്മും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണയാണ് ഇതിന് കാരണം. ഇപ്പോള്‍ ലൈംഗിക ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് സ്വപ്‌ന ഉന്നയിച്ചിരിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ വന്നാല്‍ എഫ്.ഐ.ആര്‍ ഇട്ട് അന്വേഷിക്കുന്നതാണ് കേരളത്തിന്റെ ചരിത്രം. ആരോപണവിധേയരായ സി.പി.എം നേതാക്കള്‍ അവരുടെ നിരപരാധിത്വം തെളിയിക്കട്ടെ. അവര്‍ കുറ്റവാളികളാണെന്ന് ഇപ്പോള്‍ പറയുന്നില്ല. പക്ഷെ ആരോപണം വന്നാല്‍ അന്വേഷിക്കണം. അതിന് സര്‍ക്കാരും പൊലീസും തയാറാകണം.

Eldhose Kunnappilly Photo: PerumbavoorMLA/ Facebook

മുഖ്യധാരാ മാധ്യമങ്ങളില്‍ പലതിലും സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച വാര്‍ത്ത കാണാനില്ല. എന്തുകൊണ്ടാണ് ആ വാര്‍ത്ത മാറ്റിയത്. എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ആക്ഷേപം വന്നപ്പോള്‍ എല്ലാ മാധ്യമങ്ങളും വാര്‍ത്തായാക്കിയല്ലോ. സി.പി.എമ്മിലെ മൂന്ന് പ്രമുഖര്‍ക്കെതിരെയാണ് സ്വപ്‌ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ വാര്‍ത്ത ഒരു മാധ്യമങ്ങളും മൂടിവയ്ക്കാന്‍ ശ്രമിക്കേണ്ട. ഇതും ഒരു സ്ത്രീയുടെ പരാതിയാണ്. എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ഒരു സ്ത്രീ പരാതി നല്‍കിയപ്പോള്‍ ഞങ്ങള്‍ ആ സ്ത്രീയുടെ പശ്ചാത്തലം അന്വേഷിച്ച് പോയിട്ടില്ല. സ്ത്രീയുടെ പരാതിയില്‍ പരിശോധിച്ച് നടപടി എടുക്കുമെന്നാണ് പറഞ്ഞത്.

കേരളത്തിലെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പിയും തമ്മില്‍ ധാരണയുള്ളതു കൊണ്ടാണ് ലാവലിന്‍ കേസ് മുപ്പത്തിമൂന്നാം തവണയും മാറ്റിവച്ചത്. അടുത്ത തവണ കേസ് എടുക്കുമ്പോഴും സി.ബി.ഐ വക്കീലിന് പനിയായിരിക്കും. ഒരു കേസിലും അന്വേഷണം നടത്തില്ല. കേസെടുത്ത് മുന്നോട്ട് പോയാല്‍ കേരളത്തിലെ സി.പി.എം തകരുമെന്ന് ബി.ജെ.പി നേതൃത്വത്തിന് അറിയാം. അതിന്റെ ഗുണം കേരളത്തിലെ ബി.ജെ.പിക്ക് കിട്ടില്ലെന്നും അവര്‍ക്കറിയാം. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസും സംഘപരിവാറും കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കില്ല. വേറെ ഏതെങ്കിലും സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ നടപടി എടുത്തേനെ.


മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അറിഞ്ഞുകൊണ്ടാണ് കേരളത്തിലെ സര്‍വകലാശാലകളില്‍ വി.സി നിയമനത്തില്‍ ഉള്‍പ്പെടെ ക്രമക്കേടുകള്‍ നടത്തിയത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന് അപമാനകരമായ സാഹചര്യമാണ് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോള്‍ തന്നെ കേരളത്തിലെ കുട്ടികള്‍ ഉന്നത പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുകയാണ.് ഇതിനിടയിലാണ് സംസ്ഥാനത്തെ സര്‍വകലാശാലകളുടെയും ഉന്നതവിദ്യാഭ്യാസ മേഖലയുടെയും യശസ്സിന് കളങ്കമുണ്ടാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

കണ്ണൂര്‍, ഡിജിറ്റല്‍, ശ്രീനാരായണഗുരു, ഫിഷറീസ് ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളില്‍ ക്രമവിരുദ്ധ നിയമനമാണ് നടത്തിയത്. സര്‍വകലാശാലകളില്‍ സ്വന്തക്കാരെ വയ്ക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങളില്‍ തിരുത്തല്‍ വരുത്താന്‍ സര്‍ക്കാരിന്റെ നിയമവിരുദ്ധ നിയമനങ്ങള്‍ക്ക് കൂട്ടു നിന്ന ഗവര്‍ണര്‍ക്കും ബാധ്യതയുണ്ട്.

ലഹരിക്കെതിരെ കാമ്പയില്‍ കൊണ്ടു മാത്രം കാര്യമില്ല. എക്‌സൈസും പൊലീസും പിടികൂടുന്നത് അഞ്ചും പത്തും ഗ്രാം ലഹരി മരുന്നുമായി നടക്കുന്ന കാരിയേഴ്‌സിനെയാണ്. കോടിക്കണക്കിന് രൂപയുടെ മയക്ക് മരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നവരെ കണ്ടെത്താന്‍ പൊലീസോ എക്‌സൈസോ ശ്രമിക്കുന്നില്ല. സി.പി.എമ്മിന്റെ പല പ്രാദേശിക ഘടകങ്ങളും ലഹരി- ഗുണ്ടാ മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുയാണ്. പൊലീസാകട്ടെ അടുത്ത വീട്ടിലെ സ്വര്‍ണ മോഷണം, മാങ്ങാ മോഷണം, പരാതിക്കാരനെ തല്ലി കേസെടുക്കല്‍ തുടങ്ങിയ ആരോപണങ്ങളില്‍പ്പെട്ടിരിക്കുകയാണ്. എല്ലാം പാര്‍ട്ടിക്ക് വിട്ടുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണ് പൊലീസിന്റെ ഈ തകര്‍ച്ചയ്ക്ക് കാരണം. ചരിത്രത്തില്‍ പോലും ഇല്ലാത്തതരത്തിലുള്ള അപമാനകരമായ അവസ്ഥയിലാണ് കേരള പൊലീസ്.

 

Author