ഭരണസംവിധാനങ്ങള്‍ ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്നത് നിര്‍ഭാഗ്യകരം : അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: കേരളത്തിലെ ഭരണസംവിധാനങ്ങള്‍ പരസ്പരം പോരടിച്ചും സങ്കീര്‍ണ്ണതകളും പ്രതിസന്ധികളും സൃഷ്ടിച്ചും ഉന്നത വിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഉപരിപഠനത്തിനും ഭാവി സുരക്ഷിതയ്ക്കുമായി പുതുതലമുറ കേരളം വിട്ടോടുന്ന ദുര്‍വിധി നേരില്‍ കണ്ടിട്ടും കണ്ണുതുറക്കാത്തവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ലെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

ബുദ്ധിയും സര്‍ഗ്ഗശക്തിയുമുള്ള കേരളത്തിലെ ബൗദ്ധിക യുവത്വത്തിന്റെ വിദേശരാജ്യങ്ങളിലേയ്ക്കുള്ള കൂട്ടപലായനം വരുംനാളുകളില്‍ സംസ്ഥാനത്ത് സൃഷ്ടിക്കാവുന്ന വിടവും നഷ്ടവും വളരെ വലുതായിരിക്കുമെന്ന് തിരിച്ചറിയാത്തത് ദുഃഖകരമാണ്.

നിയമവും നീതിയും സമൂഹത്തില്‍ നടപ്പിലാക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ നിയമനങ്ങളില്‍ നിയമലംഘനം നടത്തുന്നത് നീതീകരിക്കാനാവില്ല. സത്യസന്ധതയും ഉത്തരവാദിത്വബോധവുമുള്ള പൗരന്മാരെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസപ്രക്രിയയെ മലിനപ്പെടുത്തുന്ന രാഷ്ട്രീയ അജണ്ടകള്‍ക്ക് അവസാനമുണ്ടാകണമെന്നും വിദ്യാഭ്യാസത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുവാന്‍ ഭരണനേതൃത്വങ്ങള്‍ തയ്യാറായി ഭാവിതലമുറയെ സംരക്ഷിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

അഡ്വ. വി.സി. സെബാസ്റ്റ്യന്‍
സെക്രട്ടറി, സി.ബി.സി.ഐ. ലെയ്റ്റി കൗണ്‍സില്‍

Leave Comment