പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യം
കണ്ണൂർ: സബ് കലക്ടർ ഓഫീസ് ഉൾപ്പെടുന്ന തലശ്ശേരി റവന്യു ഡിവിഷനൽ ഓഫീസ് ഇനി കൂടുതൽ ജനസൗഹൃദം. റവന്യു വകുപ്പ് അനുവദിച്ച 95 ലക്ഷം ഉപയോഗിച്ച് വിവിധ സൗകര്യങ്ങളോടെ കെട്ടിടം നവീകരിച്ചു. ഓഫീസ് ഭിന്നശേഷി സൗഹൃദമാക്കിയതാണ് ഇതിൽ പ്രധാനം.തലശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്തെ ഇടുങ്ങിയ വഴിയിലൂടെയാണ് ഇതുവരെ ആളുകൾ റവന്യു ഡിവിഷനൽ ഓഫീസിൽ എത്തിയിരുന്നത്. ഇരുചക്ര വാഹനങ്ങൾ മാത്രം കടന്നുപോകുന്ന ഈ വഴിയിലൂടെയുള്ള യാത്ര ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെ പ്രയാസമായിരുന്നു. ദേശീയ പാതയിൽ നിന്ന് നേരിട്ട് ഓഫീസ് വളപ്പിലേക്ക് വലിയ വാഹനങ്ങൾക്ക് ഉൾപ്പെടെ പ്രവേശിക്കാൻ കവാടം സഹിതമുള്ള വഴിയൊരുക്കിയതോടെ ഇതിന് പരിഹാരമായി. കെട്ടിടത്തിൽ ഭിന്നശേഷിക്കാർക്കായി റാമ്പും ഒരുക്കി.പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയാനുള്ള ഇൻഫർമേഷൻ സെന്റർ, ഇരിപ്പിടം, കുടിവെള്ള സൗകര്യം, 19 ക്യാബിനുകൾ, പൂന്തോട്ടം എന്നിവ സജ്ജമാക്കി. രാഷ്ട്രപിതാവ് മഹാത്മജിയുടെ പ്രതിമയും സ്ഥാപിച്ചു. ചുവരുകൾ മരപ്പലകകൾ പാകിയും മുറ്റം ഇന്റർലോക്ക് പതിച്ചും മനോഹരമാക്കി. തലശ്ശേരിയുടെ സവിശേഷതയായ ക്രിക്കറ്റ്, സർക്കസ്, കേക്ക് എന്നിവയുടെയും തെയ്യം, പ്ലാസ്റ്റിക്ക് നിരോധനം എന്നിവയുടെയും ചിത്രങ്ങൾ ഓഫീസിന്റെ മുൻവശത്ത് കാണാം.പഴയ റിക്രിയേഷൻ ഹാളിനെ 50 പേർക്ക് ഇരിക്കാവുന്ന മിനി കോൺഫറൻസ് ഹാളാക്കി മാറ്റിയിട്ടുണ്ട്. ഓഫീസുമായി ബന്ധപ്പെട്ട യോഗങ്ങൾ ചേരാൻ ഇത് ഉപയോഗിക്കും. സി സി ടി വി ക്യാമറകളും ഇവിടെ സ്ഥാപിച്ചു. 1997ൽ നിർമ്മിച്ച കെട്ടിടത്തിന്റെ പരമ്പരാഗത കേരള ശൈലി നഷ്ടപ്പെടുത്താതെയായിരുന്നു നവീകരണം. ആറു മാസം കൊണ്ട് നിർമ്മിതി കേന്ദ്രയാണ് പ്രവൃത്തി പൂർത്തിയാക്കിയത്.