കൊച്ചി : ഇ വി ഫിനാന്‍സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള ഫിന്‍ടെക് കമ്പനിയായ ത്രീ വീല്‍സ് യുണൈറ്റഡ് (ടിഡബ്ല്യുയു) കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചി, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിലാണ് ടിഡബ്ല്യുയു സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളില്‍ കേരളത്തില്‍ ആയിരത്തിലധികം ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് കമ്പനി ധനസഹായം നല്‍കും.
പരമ്പരാഗത വാഹനങ്ങളില്‍ നിന്ന് ഇവി ടൂ, ത്രീ വീലറുകളിലേക്ക് എളുപ്പത്തില്‍ മാറുന്നതിന് ഡ്രൈവര്‍മാര്‍ക്ക് താങ്ങാനാവുന്ന സാമ്പത്തിക പരിഹാരങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് ത്രീ വീല്‍സ് യുണൈറ്റഡ്. 2017ല്‍ സെഡ്രിക്ക് ടാന്‍ഡോംഗ്, കെവിന്‍ വെര്‍വെന്‍ബോസ്, അപൂര്‍വ് മെഹ്‌റ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച കമ്പനി ഇന്ത്യയിലും ഇപ്പോള്‍ ആഗോളതലത്തിലും ഇവികള്‍ വാങ്ങുന്നതിലെ സാമ്പത്തിക തടസ്സങ്ങള്‍ നീക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു.
കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത ക്രമാതീതമായി വര്‍ധിക്കുന്നുണ്ട്. താങ്ങാനാവുന്ന ഫിനാന്‍സ് സൗകര്യം ലഭ്യമാക്കുന്നതോടെ സംസ്ഥാനത്ത് ഇവികള്‍ വന്‍തോതില്‍ സ്വീകരിക്കപ്പെടുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കര്‍ണാടകയിലും ഡല്‍ഹി എന്‍സിആറിലും ലഭിച്ച മികച്ച പ്രതികരണത്തിന് ശേഷം, കേരളം പോലുള്ള തന്ത്രപ്രധാന വിപണിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്നു ത്രീ വീല്‍സ് യുണൈറ്റഡ് സിഇഒയും സഹസ്ഥാപകനുമായ സെഡ്രിക് ടാന്‍ഡോംഗ് പറഞ്ഞു.
2019 ലെ കേരളത്തിന്റെ ഇലക്ട്രിക് വാഹന നയം 2022ഓടെ ഒരു ദശലക്ഷം ഇവികള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യം മുന്നോട്ടുവെച്ചു. ഇവികള്‍ വന്‍തോതില്‍ സ്വീകരിക്കുന്നതിന് സംസ്ഥാനത്ത് നിരവധി സംരംഭങ്ങള്‍ അതിനുശേഷം നടപ്പാക്കിയിട്ടുണ്ട്. 2022 സാമ്പത്തിക ബജറ്റില്‍, തിരഞ്ഞെടുത്ത നഗരങ്ങളില്‍ 10,000 ഇ-ഓട്ടോകള്‍ പുറത്തിറക്കുന്ന സമയത്ത് സംസ്ഥാന സര്‍ക്കാര്‍ ഓരോ ഇവി വാഹനത്തിനും 25,000 രൂപ മുതല്‍ 30,000 രൂപ വരെ ഇന്‍സന്റീവ് പ്രഖ്യാപിച്ചു. കൂടാതെ, സംസ്ഥാനത്തിന്റെ ഇ-വാഹന നയം ഫലപ്രദമായി നടപ്പിലാക്കുന്നതിനായി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിനും എളുപ്പത്തില്‍ ഫിനാന്‍സ് ലഭ്യമാക്കുന്നതിനുമുള്ള മറ്റ് സംരംഭങ്ങളും അവതരിപ്പിച്ചു.
ത്രീ വീല്‍സ് യുണൈറ്റഡിന്റെ പ്ലാറ്റ്‌ഫോമില്‍ 50,000 ഡ്രൈവര്‍മാരുണ്ട്, അവര്‍ക്ക് കമ്പനി വിവിധ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. 4000 ലധികം ഓട്ടോറിക്ഷകള്‍ക്ക് ധനസഹായം നല്‍കിയതുവഴി കമ്പനി 1,72,000 ലധികം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ബഹിര്‍ഗമനം കുറയ്ക്കുകയും ഡ്രൈവര്‍മാര്‍ക്ക് 71 മില്യണ്‍ അധിക വരുമാനം നേടിക്കൊടുക്കുകയും ചെയ്തു.
പുതിയതും നിലവിലുള്ളതുമായ നിക്ഷേപകരുടെ പങ്കാളിത്തത്തോടെ ഡെല്‍റ്റ കോര്‍പ്പ് ഹോള്‍ഡിംഗ്‌സിന്റെ നേതൃത്വത്തിലുള്ള സീരീസ് എ ഫണ്ടിംഗിന്റെ ഭാഗമായി കമ്പനി 10 മില്യണ്‍ സമാഹരിച്ചു. പുതിയ നിക്ഷേപത്തിലൂടെ, ഗവണ്‍മെന്റിന്റെയും മറ്റ് വ്യവസായ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ഇന്ത്യയില്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കുന്നതിനുള്ള പ്രക്രിയയിലാണ് ത്രീ വീല്‍സ് യുണൈറ്റഡ്. ഡ്രൈവര്‍മാരുടെ ഉപജീവനം മെച്ചപ്പെടുത്തുന്നതിനും ആഗോളതലത്തില്‍ വായു മലിനീകരണം കുറയ്ക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, മറ്റ് വളര്‍ന്നുവരുന്ന വിപണികള്‍ എന്നിവിടങ്ങളിലും കമ്പനി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Report : AISHWARYA