കാസര്‍കോട്: കണ്ണൂര്‍ പ്രൊജക്ട് ഡിവിഷന്റെ കീഴിലുള്ള കാസര്‍കോട് ജില്ലക്കായി കാഞ്ഞങ്ങാട്ട് കേരള ജല അതോറിറ്റിയുടെ പ്രോജക്ട് ഡിവിഷന്‍ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയില്‍ നവീകരിച്ച ജലസ്രോതസ്സുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് അലാമിപള്ളി പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അലാമിപള്ളി കുളം, ചേരക്കുളം എന്നിവയാണ് ഹരിത കേരളം മിഷന്‍ നവ കേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി നവീകരിച്ചത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 17 ലക്ഷം കുടിവെള്ള കണക്ഷന്‍ ഉണ്ടായിരുന്നു.ഒന്നര വര്‍ഷത്തിനകം 13 ലക്ഷം പുതിയ കണക്ഷന്‍ കൊടുത്തു നിലവില്‍ 30 ലക്ഷം കുടിവെള്ള കണക്ഷനുണ്ട്. കേരളത്തില്‍ ആകെ ഗാര്‍ഹിക ഉപഭോഗത്തിന് 70 ലക്ഷത്തില്‍പ്പരം കണക്ഷന്‍ ആകെ വേണം. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള ഊര്‍ജിത ശ്രമത്തിലാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് നിലവില്‍ 39000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി.ശുദ്ധജലം ഗുണമേന്മയോടെ വീടുകളില്‍ എത്തിക്കുന്നതിനുള പദ്ധതികളുടെ പുരോഗതി ജില്ലാ അടിസ്ഥാനത്തില്‍ വിലയിരുത്തും. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ പദ്ധതികള്‍ക്കായി 340.58 കോടി രൂപയുടെ ഭരണാനുമതി കൊടുത്തു. പദ്ധതി നടത്തിപ്പിന് ആവശ്യമായ സ്ഥലലഭ്യത ഉറപ്പു വരുത്തും. ഈ പദ്ധതികള്‍ക്കായി ജില്ലാ കലക്ടര്‍ക്ക് മറ്റു വകുപ്പുകളുടെ സ്ഥലം ഏറ്റെടുക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്.