എലികളെ തുരത്താന്‍ ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ ബില്‍ പാസാക്കി

Spread the love

ന്യൂയോര്‍ക്ക് : അനിയന്ത്രിതമായി പെരുകുന്ന എലികളെ നിയന്ത്രിക്കുന്നതിന് ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ പുതിയ ബില്‍ പാസാക്കി. 2019 നേക്കാള്‍ 67 ശതമാനം എലികളാണ് 2022 ല്‍ വര്‍ധിച്ചിരിക്കുന്നതെന്നും, ഇതു പൗരന്മാരുടെ സൈര്യജീവിതം തടസപ്പെടുത്തുമെന്നും, ഇതിനെതിരെയാണ് റാറ്റ് ആക്ഷന്‍ പ്ലാന്‍ ഉള്‍പ്പെടുന്ന നാലു ബില്ലുകള്‍ ഒക്ടോബര്‍ 27 ന് വ്യാഴാഴ്ച ചേര്‍ന്ന് സിറ്റി കൗണ്‍സില്‍ യോഗം പാസാക്കിയത്. പൊതു ശത്രുവായിട്ടാണ് എലികളെ പരിഗണിക്കുന്നതെന്ന് ബില്ല് അവതാരകരില്‍ ഒരാളായ ചി ഓബെ പറഞ്ഞു.

Picture2

വസ്തുവകകള്‍ നശിപ്പിക്കുകയും, ആഹാര പദാര്‍ത്ഥങ്ങള്‍ വിഷലിപ്തമാക്കുകയും, പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുകയും ചെയ്യുന്ന എലികളെ തുരത്തുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുള്ള വകുപ്പുകളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം എലികളെ കുറിച്ചുള്ള പരാതികളുമായി 25,000 ടെലിഫോണ്‍ കോളുകളാണ് സിറ്റിയില്‍ ലഭിച്ചത്. ഈ വര്‍ഷം ആദ്യ ഒമ്പതു മാസം 2,600 കോളുകളും ലഭിച്ചു.

ഹെല്‍ത്ത് ആന്റ് മെന്റല്‍ ഹൈജീന്‍ ഡിപ്പാര്‍ട്ട്മെന്റാണ് ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് സിറ്റിക്ക് സമര്‍പ്പിച്ചത്. ന്യൂയോര്‍ക്ക് മേയറും ഇതിനെ ഗൗരവമായി എടുത്ത് ഉചിതമായ നടപടികള്‍ കൈകൊള്ളുമെന്ന് നേരത്തെ തന്നെ ഉറപ്പു നല്‍കിയിരുന്നു. എലികളെ ഞാന്‍ വെറുക്കുന്നുവെന്നാണ് മേയര്‍ എറിക് ആംഡംസ് പ്രഖ്യാപിച്ചിരുന്നത്.

 

Author