ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുംമയക്കുമരുന്നിനെതിരെ കേരളപ്പിറവി ദിനമായ നവംബർ 1ന് കേരളം പ്രതിരോധച്ചങ്ങല തീർക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് സംസ്ഥാനവ്യാപകമായി ലഹരിവിരുദ്ധ ശൃംഖല തീർക്കുന്നത്. വിദ്യാർഥികളും രക്ഷിതാക്കളും ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും ഗ്രന്ഥശാലകളും വ്യാപാരികളും പൊതുജനങ്ങളുമെല്ലാം ശൃംഖലയിൽ കണ്ണിചേരും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തന്നെ ശൃംഖലയ്ക്കായി കേന്ദ്രീകരിക്കും. ട്രയലിന് ശേഷം കൃത്യം മൂന്ന് മണിക്ക് തന്നെ ശൃംഖല തീർക്കും. ശേഷം എല്ലാവരും മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുക്കും. ലഹരി വസ്തുക്കൾ പ്രതീകാത്മകമായി കത്തിച്ച് കുഴിച്ചിടുന്ന പരിപാടിയും നടക്കും.
വാർഡുകളിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാലയങ്ങളില്ലാത്ത വാർഡുകളിൽ പ്രധാന കേന്ദ്രങ്ങളിലായിരിക്കും പരിപാടി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കലാകായിക താരങ്ങളും ഉൾപ്പെടെയുള്ളവർ ഓരോ പരിപാടിയിലും പങ്കെടുക്കും. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലും ശൃംഖല സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ലഹരിവിരുദ്ധ ശൃംഖലയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർക്കൊപ്പം കാൽലക്ഷം വിദ്യാർഥികളും തിരുവനന്തപുരം നഗരത്തിലെ ശൃംഖലയിൽ പങ്കാളികളാകും.