പൊന്നങ്കേരി നിവാസികളുടെ യാത്ര ദുരിതത്തിന് പരി​ഹാരമാകുന്നു

Spread the love

റോഡ് നിർമ്മാണം തുടങ്ങി.
വെച്ചൂർ പഞ്ചായത്ത് മൂന്നാം വാർഡിലെ പൊന്നങ്കേരി നിവാസികളുടെ ഏറെ നാളത്തെ യാത്ര ദുരിതത്തിന് പരിഹാരത്തിനു വഴിയൊരുക്കി പൊന്നങ്കേരി-പോട്ടക്കരി റോഡ് നിർമ്മാണം ആരംഭിച്ചു. പൊന്നങ്കേരിയിൽ നടന്ന പൊതുസമ്മേളനത്തിൽ തോമസ് ചാഴികാടൻ എം.പി. റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
തോമസ് ചാഴികാടൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 17 ലക്ഷം രൂപ ചെലവിട്ടാണു റോഡ് നിർമ്മിക്കുന്നത്. 330 മീറ്റർ നീളത്തിലും മൂന്നുമീറ്റർ വീതിയിലുമാണ് റോഡ് നിർമ്മാണം. പൊന്നങ്കേരി, പോട്ടക്കരി ഭാഗത്തെ പന്ത്രണ്ടോളം കുടുംബങ്ങളെ ഇടയാഴം – കല്ലറ റോഡുമായും വെച്ചൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളുമായും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് പൊന്നങ്കേരി – പോട്ടക്കരി റോഡ്.

Author