തിരു : മുഖ്യമന്ത്രിയും ഗവർണ്ണറും കേരളരാഷ്ട്രീയം മലീമസമാക്കിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളജനത വിലക്കയറ്റവും, തകർന്ന് തരിപ്പണമായ ക്രമസമാധാനനിലയും കൊലപാതകവും മയക്കുമരുന്നുമാഫിയയും മറ്റും നിമിത്തം ജീവിതം ദുസ്സഹമായി നിൽക്കുന്ന സാഹചര്യത്തിൽ രണ്ടുപേരും തമ്മിൽ തുടരുന്ന വാക്പോരും ചെളിവാരിയെറിയലും ആർക്കുവേണ്ടിയാണ്?
രണ്ടുപേരും ഈ ചക്കളത്തിപ്പോരാട്ടം അവസാനിപ്പിച്ച് കേരളജനത ഇന്ന് നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം.
രണ്ടുപേരും ഉന്നയിക്കുന്ന കാര്യങ്ങൾക്ക് ഒരു ആത്മാർത്ഥതയുമില്ല.
ഗവർണ്ണർ ഇപ്പോൾ ഉയർത്തിയിട്ടുള്ള പ്രശ്നങ്ങൾ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് അന്നത്തെ പ്രതിപക്ഷനേതാവ് എന്ന നിലയിൽ ഞാനും പ്രതിപക്ഷവും ഉയർത്തിക്കൊണ്ടുവന്നിട്ട് അന്ന് ഒരക്ഷരം ഉരിയാടാൻ ഗവർണ്ണർ തയ്യാറായില്ല. അന്നൊക്കെ നിയമസഭയിൽ എത്തി എൻ്റെ സർക്കാർ എൻ്റെ സർക്കാർ എന്ന് പുളകം കൊള്ളുകയായിരുന്നു അദ്ദേഹം. ഇപ്പോൾ അതെല്ലാം വിഴുങ്ങി. അന്ന് പറയേണ്ടതും തിരുത്തേണ്ടതുമായ കൊള്ളകൾക്ക് കൂട്ടുനിൽക്കുകയായിരുന്ന ഗവർണ്ണർ ഇപ്പോൾ
വീമ്പു പറയുന്നതിൽ ഒരു കാര്യവുമില്ല. ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കുമെന്നു പറയുന്നത് ആരെ ഫൂളാക്കാനാണ്? ഇത്രയും ആയിട്ടുപോലും ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്ന് ഒരു വാക്ക് പറയാൻപോലും നമ്മുടെ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. നാളെ പറയുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട. കാരണം പുറത്ത് ഇരുവരും പുലഭ്യം പറയുമ്പോഴും ഇവർ തമ്മിൽ നല്ല ബന്ധമാണ്. ഇക്കാണുന്ന നാടകങ്ങളൊക്കെ താത്ക്കാലികമാണ്.ഇതു കാരണം കേരളം നേരിടുന്ന പ്രധാനവിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ല. ഇതുതന്നെയാണ് രണ്ടു പേരുടെയും ലക്ഷ്യവും. ഈ പരിപ്പൊന്നും കേരളത്തിൽ വേവാൻ പോകുന്നില്ല.ഒന്നാം പിണറായി സർക്കാരിൻ്റെ എല്ലാ കൊള്ളരുതായ്മകൾക്കും കുട്ടുനിന്നിട്ട് ഇപ്പോൾ കേരളത്തിനുവേണ്ടിയാണ് താൻ ഇതെല്ലാം ചെയ്യുന്നതെന്ന ഗവർണ്ണറുടെ മേനി പറച്ചിലിൽ ഒരു ആത്മാർത്ഥതയും ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു