പിണറായി ഭരണം മകള്‍ക്കും കുടുംബത്തിനും വേണ്ടി : കെ. സുധാകരന്‍ എം.പി

Spread the love

മകള്‍ക്കും കുടുംബത്തിനും വേണ്ടി മാത്രമായി പിണറായി വിജയന്റെ ഭരണം ചുരുങ്ങിയെന്നും ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അഴിമതിയും കെടുകാര്യസ്ഥതയുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. പിണറായി വിജയന്റെ ഏകാധിപത്യം സി.പി.എമ്മിന് അകത്തുമതിയെന്നും കേരള ജനതയോട് വേണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ഭരണസ്തംഭനാണ് സംസ്ഥാനത്ത്. സമസ്തമേഖലയിലും വിലക്കയറ്റമാണ്. അവശ്യസാധനങ്ങളുടെ വില വാണംപോലെ കുതിക്കുകയാണ്. അത് നിയന്ത്രിക്കാന്‍ കാര്യക്ഷമമായ ഒരു ഇടപെടലും സര്‍ക്കാര്‍ നടത്തുന്നില്ല. പട്ടിണികിടക്കാമെന്ന് വെച്ചാല്‍പോലും സുരക്ഷിതമായും സമാധാനപരമായും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് കേരളത്തില്‍. ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നു. കൊള്ളയും കൊലയും സര്‍വസാധാരണമായി. ഒരു വശത്ത് അധികാരത്തിന്റെ തണലില്‍ സി.പി.എമ്മിന്റെ തൊഴിലാളി-വിദ്യാര്‍ത്ഥി സംഘടനകള്‍ ഗുണ്ടായിസം നടത്തുമ്പോള്‍ മറുവശത്ത് പോലീസ് ജനങ്ങളുടെ മേല്‍ കുതിര കയറുകയാണ്. ക്രിമിനലുകളുടെ സങ്കേതവും

സംരക്ഷകരുമായി പോലീസും പോലീസ് സ്റ്റേഷനും മാറി. സാധരണക്കാരന് പോലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ ചെല്ലാന്‍ പോലും ഭയമാണ്. ക്രിമനല്‍ കേസുകളില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുകയാണ്.മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ കാറിലെത്തിയാണ് സ്ത്രീ പീഡനം നടക്കുന്നത്. സാമൂഹ്യഭദ്രത തകര്‍ന്നു. നിയമസംവിധാനം തകര്‍ന്നടിഞ്ഞു. സ്വയജീവിതം രക്ഷിക്കാന്‍ പൊതുജനത്തിന് പഴുതില്ലാതായി.
ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്റെ കാലത്ത് നിരവധി അഴിമതി ആരോപണങ്ങളാണ് ഉണ്ടായത്. അതിനൊന്നില്‍പ്പോലും ഒരു അന്വേഷണവും നടത്തിയില്ല. മുന്‍ പ്രതിപക്ഷനേതാവ് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു. ആ ആരോപണങ്ങള്‍ എല്ലാം ശരിയായതിനാലാണ് അതിനെതിതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കാത്തത്. ഇപ്പോള്‍ സ്വപ്ന ഉന്നയിക്കുന്ന അരോപണത്തിലും സമാനനിലപാടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിക്കുന്നത്. സ്വപ്ന ആരോപണം ഉന്നയിക്കുന്നത് തെളിവുകളുടെ പശ്ചാത്തലത്തിലാണ്. അതിനെ വെറുതെ തള്ളിക്കളയാന്‍ കഴിയില്ല. സി.പി.എം നേതാക്കള്‍ക്കെതിരായി അവര്‍ ലൈംഗിക ആരോപണം ഉയര്‍ത്തിയിട്ടും പ്രതികരണമില്ല. മാനാഭിമാനം ഉണ്ടെങ്കില്‍ മാനനഷ്ട കേസ് കൊടുക്കാനെങ്കിലും തയ്യാറാകണ്ടേതല്ലെയെന്നും സുധാകരന്‍ പരിഹസിച്ചു.

നാണവും മാനവും ഉളുപ്പുമില്ലാത്ത മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് കേരളം ഭരിക്കുന്നത്. കര്‍ഷകരോട് കടുത്ത അവഗണനയാണ് സര്‍ക്കാര്‍ കാട്ടുന്നത്. കൊയ്ത്ത് കഴിഞ്ഞ നെല്ല് സംഭരിക്കാന്‍ കഴിയാതെ വെളിപറമ്പുകളില്‍ കിടന്ന് നശിക്കുന്ന അവസ്ഥയാണുള്ളത്. വിലക്കയറ്റം ഉണ്ടാകില്ലെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയവരാണ് ഇടതുമുന്നണി.ഭരണത്തിലേറി ആറുവര്‍ഷം പിന്നിടുമ്പോള്‍ അത് എവിടെയെത്തി നില്‍ക്കുന്നുയെന്ന് ജനം വിലയിരുത്തണം.അവശ്യസാധനങ്ങളുടെ വിലകുറയുന്നില്ലെങ്കിലും ജനങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിക്കുള്ള വില ദിനം പ്രതി കുറയുകയാണെന്നും സുധാകരന്‍ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. എന്‍.ശക്തന്‍, ടി.യു.രാധാകൃഷ്ണന്‍, ജി.എസ്. ബാബു, ജി.സുബോധന്‍, കെ.ജയന്ത്, വി.പ്രതാപചന്ദ്രന്‍, മരിയാപുരം ശ്രീകുമാര്‍, കെപി ശ്രീകുമാര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, ജെബി മേത്തര്‍ എംപി, വി.എസ്. ശിവകുമാര്‍, ശരത്ചന്ദ്ര പ്രസാദ്, നെയ്യാറ്റിന്‍കര സനല്‍, ചെറിയാന്‍ ഫിലിപ്പ്, വര്‍ക്കല കഹാര്‍, ജോസഫ് വാഴക്കന്‍, മണക്കാട് സുരേഷ്, ആരിഫ ബീവി തുടങ്ങിയവര്‍ പങ്കെടുത്തു.

Author