കണ്ണൂർ: ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ടവർക്ക് സംസ്ഥാന സർക്കാർ അനുവദിച്ച ആദ്യ വീടിന് കതിരൂരിൽ തറക്കല്ലിട്ടു. ജില്ലാ പഞ്ചായത്തും കതിരൂർ ഗ്രാമ പഞ്ചായത്തും സംയുക്താഭിമുഖ്യത്തിൽ കതിരൂരിലെ നിധീഷിന് നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ നിർവഹിച്ചു. കതിരൂർ പഞ്ചായത്തിന്റെ മൂന്ന് ലക്ഷവും ജില്ലാ പഞ്ചായത്തിന്റെ ഒരു ലക്ഷം രൂപയും ചേർത്താണ് വീടിന്റെ നിർമ്മാണം. നാലു ലക്ഷം രൂപ കൊണ്ട് വീടു പണിയുന്നതിലുള്ള പരിമിതികൾ മറികടന്ന് കൂടുതൽ മനോഹരമായി വീട് പൂർത്തിയാക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും ഇതിനായി സാമ്പത്തിക സഹായവും മനുഷ്യാധ്വാനവും സംഭാവനയായി നൽകണമെന്നും പി പി ദിവ്യ പറഞ്ഞു.
11ാം വാർഡിലെ പെറാംകുന്നിലാണ് വീട് നിർമ്മിക്കുന്നത്. 2022-23 വാർഷിക പദ്ധതിയിലെ ലൈഫ് ഭവന ഗുണഭോക്താക്കൾക്ക് നൽകിയതിന് ശേഷമുള്ള അധിക വിഹിതം ഉപയോഗിച്ചാണ് വീട് നിർമാണം. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ സാമ്പത്തികമായും സാമൂഹികമായും പ്രയാസപ്പെടുന്നവർക്ക് ഭവനം നിർമ്മിച്ച് നൽകാമെന്ന പ്രത്യേക സർക്കാർ മാർഗ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വീട് പണിയുന്നത്. മൂന്നു മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കുകയാണ് ലക്ഷ്യം. കതിരൂരിൽ നിധീഷും കാന്തിയും ഉൾപ്പെടെ ട്രാൻഡ്‌ജെൻഡർ വിഭാഗത്തിൽപെട്ട രണ്ട് പേരാണുള്ളത്. കാന്തിക്ക് ഉടൻ വീട് നിർമിക്കാനുള്ള ലക്ഷ്യത്തിലാണ് പഞ്ചായത്ത്.