പദ്ധതി നിർവഹണം കലണ്ടർപ്രകാരം; അടുത്ത വർഷത്തെ പദ്ധതി അംഗീകാരം ജനുവരിയോടെ ഉറപ്പാക്കും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വാർഷിക പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതോടൊപ്പം 2023-24 വർഷത്തെ സമഗ്ര വാർഷിക പദ്ധതി ആസൂത്രണം വേഗത്തിലാക്കി 2023 ജനുവരിയോടെ ആസൂത്രണ സമിതിയുടെ അംഗീകാരം നേടുന്ന രീതിയിൽ ക്രമീകരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിർദേശിച്ചു. പദ്ധതി പ്രവർത്തനം വിലയിരുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാസത്തിൽ രണ്ടുതവണ സ്ഥിരംസമിതി അധ്യക്ഷരുടെ യോഗം ചേരാൻ ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ പി പി ദിവ്യ നിർദേശം നൽകി. പദ്ധതികൾ കൃത്യമായി നടപ്പാക്കാൻ പദ്ധതി കലണ്ടർ നിർമിച്ച് പ്രവർത്തനങ്ങൾ മുന്നോട്ടുപോകണം. 2023 ജനുവരി 16നകം ഗ്രാമ പഞ്ചായത്തുകളുടെ വാർഷിക പദ്ധതികൾക്കും 23നകം ബ്ലോക്ക്, ജില്ലാ പഞ്ചായത്തിന്റെയും വാർഷിക പദ്ധതികൾക്കും ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകും.
ബ്ലോക്കുതല അവലോകന യോഗങ്ങളിൽ ഉന്നയിക്കപ്പെടുന്ന വിഷയങ്ങളിൽ വകുപ്പുകളുടെ ജില്ലാ മേധാവികൾ അടുത്ത ഡി പി സി യോഗത്തിൽ നടപടി റിപ്പോർട്ട് സമർപ്പിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ റോഡുകളുടെ ടാറിങ് പ്രവൃത്തി ഡബിൾ ബാരൽ മെഷീൻ ഉപയോഗിച്ച് ചെയ്യണമെന്ന് സർക്കാർ നിർദേശം പ്രായോഗികമായി നടപ്പാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി കോൺട്രാക്ടർമാർ ബഹിഷ്‌കരിക്കരണം നടത്തുകയാണ്. ഇത് അനന്തമായി നീളുന്നതിനാൽ അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാരിലേക്ക് കത്തയക്കാനും ഡി പി സി യോഗം തീരുമാനിച്ചു.

Leave Comment