ഭാഷാ സ്നേഹം ഭാഷാ ഭ്രാന്താകരുത് : ടി പത്മനാഭൻ

Spread the love

മലയാളദിനാഘോഷം, ഭരണഭാഷ വാരാഘോഷം സമാപിച്ചു.

ഭാഷാ സ്നേഹം ഭാഷാ ഭ്രാന്താകരുതെന്ന് കഥാകൃത്ത് ടി പത്മനാഭൻ പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നടത്തിയ മലയാളദിനാഘോഷം, ഭരണഭാഷ വാരാഘോഷത്തിന്റെ സമാപന ഉദ്ഘാടനവും വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും കലക്‌റേറ്റ് ആംഫി തിയറ്ററിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാഷയുടെ മേലുള്ള സ്‌നേഹം വർധിച്ചാൽ അത് ഭാഷയോടുള്ള ഭ്രാന്തായി മാറും. ഭാഷാ സ്‌നേഹം ഭാഷാ ഭ്രാന്തായി മാറാൻ ഇടവരുത്തരുത്. ഒരു രാജ്യം ഒരു ഭാഷ എന്ന വാദവുമായി കേന്ദ്ര സർക്കാർ പരിശ്രമിച്ചുവരുന്നുണ്ട്. തമിഴ്‌നാട് ഇതിന് കാര്യമായ മറുപടി നൽകി. ഇത് ഒരു കാലത്തും ഇന്ത്യയിൽ നടപ്പിലാക്കാൻ കഴിയില്ലെന്ന് ഉറപ്പാണ്. ഒരു ഭാഷക്കും മറ്റൊരു ഭാഷയ്ക്കുമേൽ കുത്തകാവകാശം ഇന്ത്യയിൽ നടക്കില്ല. അങ്ങിനെ വന്നാൽ മലയാളി പ്രസംഗിക്കും, പ്ലക്കാർഡ് ഉയർത്തിപ്പിടിക്കും, ഘോഷയാത്ര നടത്തും. എന്നാൽ തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ പ്രതിഷേധം കൂടുതൽ തീവ്രമായിരിക്കും. അതുകൊണ്ട് അത് നടക്കില്ല, നടപ്പിലാക്കാൻ പാടില്ലാത്തതുമാണ്. ഭാഷാ വികാരം മതവികാരത്തേക്കാളും മറ്റ് എന്ത് വികാരത്തേക്കാളും ശക്തമാണ്. നമ്മുടെ കാലത്ത് ഏറ്റവും വലിയ ഉദാഹരണം ബംഗ്ലാദേശിന്റെ ഉദ്ഭവമാണ്.പങ്കിടലുകളിലൂടെയാണ് ഭാഷകൾ വളരുന്നത്. മലയാളം വളർന്നതും സമാന രീതിയിലാണ്. എല്ലാം സ്വന്തം ഭാഷയിലാകണമെന്ന് നാം ഒരിക്കലും ശഠിക്കരുത്. അന്യഭാഷയിൽനിന്ന് ആശയങ്ങൾ, പദങ്ങൾ കടം കൊണ്ടിട്ടാണ് ഭാഷ വളരുന്നത്. എല്ലാം മലയാളത്തിലാകണമെന്ന് ആരെങ്കിലും നിർദേശിച്ചാൽ അത് അങ്ങേയറ്റത്തെ വിഡ്ഢിത്തത്തിലാണ് കലാശിക്കുക. ഉപയോഗിക്കാൻ എളുപ്പമുള്ള പ്രയോഗങ്ങൾ മറ്റൊരു ഭാഷയിലാണെങ്കിലും അത് തെറ്റല്ല. മാതൃഭാഷക്ക് അനുകൂലമായി ധാരാളം നിയമങ്ങൾ കേരളത്തിലുണ്ട്. എന്നാൽ ഇത് നടപ്പാക്കേണ്ടത് ഉദ്യോഗസ്ഥരാണ്. അതിനാൽ മലയാളം പൂർണമായ അർഥത്തിൽ ഭരണഭാഷയാകാൻ ഉദ്യോഗസ്ഥരുടെ ഇടപെടൽ വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു

Author