തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ആംബുലന്‍സ് പദ്ധതിയായ കനിവ് 108 ആബുലന്‍സ് ബോധവത്ക്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. പദ്ധതി ആരംഭിച്ച് ഇതുവരെ 6,10,000 ട്രിപ്പുകളാണ് ഓടിയത്. സംസ്ഥാനത്തുടനീളം 316 ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളാണ് വിന്യസിച്ചിരിക്കുന്നത്. ഈ സേവനം കൂടുതല്‍ ജനങ്ങള്‍ക്ക് പ്രയോജനകരമാകാനാണ് ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നത്.
കനിവ് 108 ആംബുലന്‍സ് സേവനങ്ങള്‍, എങ്ങനെ ഉപയോഗപ്പെടുത്താം, ആംബുലന്‍സിലുള്ള സംവിധാനങ്ങള്‍ എന്നിവ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പ്രചരിപ്പിക്കും. ബോധവത്കരണ പോസ്റ്ററുകള്‍, ഡിജിറ്റല്‍ ഡിസ്‌പ്ലേകള്‍ എന്നിവ സ്ഥാപിക്കും. കൂടാതെ പൊതുയിടങ്ങളിലും സ്‌കൂള്‍, കോളേജ് തലങ്ങളിലും ഇതിനായി ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ഇതിന് പുറമെ സിനിമ തിയറ്ററുകള്‍ വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയും കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ പ്രാധാന്യം പ്രചരിപ്പിക്കും.
ഇ.എം.ആര്‍.ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ കൃഷ്ണം രാജു, സീനിയര്‍ വൈസ് പ്രസിഡന്റ് കുമാര്‍ രാമലിംഗം, സംസ്ഥാന ഓപറേഷന്‍സ് മേധാവി ശരവണന്‍ അരുണാചലം എന്നിവര്‍ പങ്കെടുത്തു.