ഇല്ലിനോയിയില്‍ ടിസിഎസ് 1200 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

നാപ്പര്‍വില്ല (ഇല്ലിനോയ്): അമേരിക്കയിലെ കുത്തക വ്യവസായങ്ങള്‍, കമ്പനികള്‍ തുടങ്ങിയവ ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ ഇന്ത്യയിലെ പ്രമുഖ കമ്പനിയായ ടാറ്റ കണ്‍സല്‍ട്ടസി സര്‍വീസ് (ടിസിഎസ്) ഇല്ലിനോയ് സംസ്ഥാനത്തു 1200 ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ തയാറെടുക്കുന്നു. പ്രാദേശിക വിദ്യാലയങ്ങളില്‍ സ്റ്റെം ഔട്ട് റീച്ച് ശ്രമങ്ങളുടെ ഭാഗമായി 25 ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രയോജനം ലഭിക്കത്തക്കവിധം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇല്ലിനോയ് സംസ്ഥാനത്തു നിരവധി പേര്‍ക്കു തൊഴില്‍ നല്‍കുന്നതിനുള്ള ഇന്ത്യന്‍ കമ്പനിയുടെ വാഗ്ദാനം തന്നെ കൂടുതല്‍ സന്തോഷിപ്പിക്കുന്നതായി വീണ്ടും ഷിക്കാഗോ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ട ജെ. ബി. പ്രിറ്റ്‌സ്‌ക്കര്‍ പറഞ്ഞു. ഇതിനകം ഇല്ലിനോയ് സംസ്ഥാനത്തെ 3000 ത്തിലധികം തൊഴില്‍ രഹിതര്‍ക്ക് ജോലി നല്‍കാന്‍ ടിസിഎസിനു കഴിഞ്ഞതായും ഗവര്‍ണര്‍ പറഞ്ഞു.

ഇല്ലിനോയ് സംസ്ഥാനത്തെ വികസനത്തിനു മറ്റു കമ്പനികളോടൊപ്പം ടാറ്റയ്ക്കും അവസരം ലഭിച്ചതു ഞങ്ങള്‍ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്നു ടാറ്റയുടെ നോര്‍ത്ത് അമേരിക്കന്‍ ചെയര്‍മാന്‍ സുരേഷ് മുത്തുസ്വാമി പറഞ്ഞു. 50 വര്‍ഷമായി അമേരിക്കയില്‍ ടിസിഎസ്സിന്റെ സാന്നിധ്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Report : പി.പി ചെറിയാന്‍

 

Leave Comment