ഒരു വര്‍ഷം പൂര്‍ത്തിയാക്കി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം

Spread the love

കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് വിവിധ ജില്ലകളില്‍ നിന്ന് കുറഞ്ഞ ചെലവില്‍ ഒരുക്കിയ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം ജില്ലയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. ജില്ലയില്‍ നെല്ലിയാമ്പതിയിലേക്കാണ് ആദ്യ യാത്ര ആരംഭിച്ചത്. ഇതുവരെ 13 സ്ഥലങ്ങളിലേയ്ക്ക് 266 യാത്രകള്‍ ബജറ്റ് ടൂറിസത്തിലൂടെ പൂര്‍ത്തിയാക്കി. 10,243 യാത്രികരാണ് ടൂറിസത്തിന്റെ ഭാഗമായത്. ഇതുവഴി ഒന്നര കോടിയോളം രൂപ കെ.എസ്.ആര്‍.ടി.സി ഇതുവരെ സമാഹരിച്ചു.
നെല്ലിയാമ്പതി, നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍യാത്ര, മൂന്നാര്‍ യാത്ര എന്നിവ കേരളത്തിലെ ബജറ്റ് ടൂറിസം യാത്രകളില്‍ ജനപ്രിയമായി മാറി. നെല്ലിയാമ്പതിയിലേക്ക് 186 യാത്രകളും 49 നെഫര്‍റ്റിറ്റി യാത്രകളുമാണ് പൂര്‍ത്തിയാക്കിയത്. നവംബര്‍ 30 ന് 50-ാമത് ആഡംബര കപ്പല്‍ യാത്ര പൂര്‍ത്തിയാക്കും. നവംബര്‍ 27 ന് നടത്തുന്ന പൈതൃകയാത്രയോടെ ബജറ്റ് ടൂറിസം ഒന്നാം വാര്‍ഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പാലക്കാട് കെ.എസ്.ആര്‍.ടി.സി യൂണിറ്റ്.

Author