കെ.പി.സി.സി അധ്യക്ഷന്‍ രാജി സന്നദ്ധത അറിയിച്ചെന്ന വാര്‍ത്ത പച്ചക്കള്ളം

Spread the love

വിവാദങ്ങളില്‍ നിന്നും സി.പി.എമ്മിനെയും സര്‍ക്കാരിനെയും രക്ഷിക്കാന്‍

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ പറഞ്ഞത് (16/11/2022)

പറവൂര്‍ (കൊച്ചി) :  കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാന്‍ സന്നദ്ധതയറിയിച്ച് കെ.സുധാകരന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന മാധ്യമ വാര്‍ത്ത പച്ചക്കള്ളമാണ്. ശൂന്യാകാശത്ത് നിന്ന് സൃഷ്ടിച്ചെടുത്ത തെറ്റായ വാര്‍ത്തയാണിത്. അങ്ങനെയൊരു കത്ത് നല്‍കിയിട്ടില്ല. കത്തിന്റെ ഉള്ളടക്കത്തില്‍ പ്രതിപക്ഷ        നേതാവിനെതിരെ പരാമര്‍ശം നടത്തിയെന്ന നുണയും അടിച്ചുവിട്ടിരിക്കുകയാണ്. രണ്ടാഴ്ച മുന്‍പ് സീതാറാം യെച്ചൂരിയോട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ കുറിച്ച് അതൃപ്തി പ്രകടിപ്പിച്ചെന്ന തെറ്റായ വാര്‍ത്ത ഡല്‍ഹിയില്‍ നിന്ന് വന്നു. തൊട്ടുപിന്നാലെ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

കത്ത് എഴുതിയെന്നത് പച്ചക്കള്ളം. എഴുതപ്പൊടാത്ത കത്തിലെ ഉള്ളടക്കമെന്ന നിലയില്‍ പറഞ്ഞത്, പ്രതിപക്ഷ നേതാവിന്റെ പിന്തുണ കെ.പി.സി.സി അധ്യക്ഷന് ലഭിക്കുന്നില്ലെന്നാണ്. ദിവസേന നാലും അഞ്ചും തവണ കെ.പി.സി.സി അധ്യക്ഷനുമായി സംസാരിക്കാറുണ്ട്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വാര്‍ത്തയൊന്നും കിട്ടിയില്ലെങ്കില്‍ വേറെ പണിക്ക് പോകാന്‍ പറയണം. രൂക്ഷമായ വിലക്കയറ്റത്തിലും സര്‍വകലാശാല വിഷയത്തിലും സ്വപ്‌നയുടെ വെളിപ്പെടുത്തലിലും പിന്‍വാതില്‍ നിയമനത്തിലും പൊലീസ് അതിക്രമങ്ങളിലും പ്രതിക്കൂട്ടിലായ സി.പി.എമ്മിനെയും സര്‍ക്കാരിനെയും രക്ഷിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മനപൂര്‍വമായി തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ഇത്തരം തെറ്റായ വാര്‍ത്തകള്‍ പടച്ചുവിട്ട് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ഇനി ഇത്തരം കള്ള വാര്‍ത്തകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കേണ്ടി വരും. കോണ്‍ഗ്രസ് നേതാക്കളൊന്നും മാധ്യമ പ്രവര്‍ത്തകരെ കുറിച്ച് മോശമായൊന്നും സംസാരിക്കാറില്ല. കള്ള വാര്‍ത്തകള്‍ കൊടുത്താല്‍ മാധ്യമങ്ങളുടെയും അത് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെയും വിശ്വാസ്യതയാണ് നഷ്ടമാകുന്നത്. അല്ലാതെ കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വാസ്യതയൊന്നും പോകില്ല.

പ്രസംഗത്തിനിടെ ഉണ്ടായ വിവാദ പരാമര്‍ശം നാക്കു പിഴയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വിശദീകരിച്ചിട്ടുണ്ട്. വിശദീകരണം സ്വീകാര്യമാണെന്ന് ദേശീയ- സംസ്ഥാന നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്ത് അഭിപ്രായ വ്യത്യാസമാണ് കോണ്‍ഗ്രസിലുള്ളത്? കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരുതരത്തിലുള്ള അഭിപ്രായവ്യത്യാസവുമില്ല. എല്ലാവരും ഒരേ കാര്യങ്ങളാണ് പറയുന്നത്. ലീഗ് നേതൃത്വവുമായും സംസാരിച്ചിട്ടുണ്ട്. അവരുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. എല്ലാക്കാലങ്ങളിലും മതേതര നിലപാട് സ്വീകരിച്ചിട്ടുള്ള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണ് കെ. സുധാകരന്‍.

 

Author