കെപിസിസി നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ജനമനസ്സുകളെ സ്വാധീനിക്കാന്‍ ശേഷിയുള്ള നേതൃനിരയാണ് കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ആവശ്യമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.രണ്ടുദിവസമായി നെയ്യാര്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ നടന്ന നേതൃത്വ പരിശീലന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന സര്‍ക്കാരാണ് എല്‍ഡിഎഫിന്റേത്.സര്‍ക്കാരിന്റെ ജനദ്രോഹഭരണം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടാന്‍ കഴിയുന്ന കര്‍മ്മ പദ്ധതിക്ക് കോണ്‍ഗ്രസ് രൂപം നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമായി ശക്തമായ സമരപരമ്പരകളാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വരാനിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

പരിശീലന ക്യാമ്പിന്റെ ഭാഗമായി സംവാദവും ചര്‍ച്ചകളും സംഘടിപ്പിച്ചു.കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ ,ജി.എസ്.ബാബു,ജി.സുബോധന്‍,പഴകുളം മധു ,എംഎം നസീര്‍,കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ ,എം.ലിജു തുടങ്ങിയവര്‍ പങ്കെടുത്തു. ഓരോ ജില്ലയില്‍ നിന്നും പത്തു പേര്‍ വീതം 14 ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു. വി കെ എന്‍ പണിക്കര്‍ , മാധ്യമപ്രവര്‍ത്തകരായ ജോണ്‍ മുണ്ടക്കയം,റോയി മാത്യു എന്നിവരും വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു.

Leave Comment