പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ നല്‍കിയ ബൈറ്റ് (18/11/2022)
കൊച്ചി : കോര്‍പറേഷനിലെ ഒഴിവിലേക്ക് ആളെ ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിക്കാണ് മേയര്‍ കത്ത് നല്‍കിയത്. കത്ത് നശിപ്പിച്ചത് സി.പി.എം ജില്ലാ സെക്രട്ടറിയാണ്. തെളിവ് നശിപ്പിച്ചതിന് ആനാവൂര്‍ നാഗപ്പനെതിരെ കേസെടുക്കുന്നതിന് പകരം ഫോണില്‍ കൂടി മൊഴിയെടുക്കുന്ന പുതിയ രീതിയാണ് പൊലീസ് നടപ്പാക്കിയിരിക്കുന്നത്. സി.പി.എമ്മുകാര്‍ക്ക് ഒരു നീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയുമെന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.
കോണ്‍ഗ്രസ് നേതാക്കള്‍ ആരെങ്കിലും ആരോപണവിധേയരാകുന്ന കേസില്‍ ഫോണില്‍ മൊഴിയെടുക്കാന്‍ പൊലീസ് തയാറാകുമോ? എന്നു മുതലാണ് പൊലീസ് അടിപ്പണി തുടങ്ങിയത്? ഇത്രയും അധഃപതിച്ചോ കേരളത്തിലെ പൊലീസ്? ആര്‍ക്കും വിശ്വാസ്യതയില്ലാത്ത സ്ഥാപനമായി പൊലീസ് മാറിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മേയറുടെ കത്തിനെ കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്. എന്നിട്ടും അന്വേഷണം അട്ടിമറിച്ച് സ്വന്തക്കാരെ മുഴുവന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഇതൊക്കെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. ഇത്രയും വലിയൊരു നിയമന തട്ടിപ്പ് നടന്നിട്ടും അത് തേയ്ച്ച്മായ്ച്ച് കളയാന്‍ മുഖ്യമന്ത്രി തന്നെ കാര്‍മ്മികത്വം വഹിക്കുന്നത് കേരള ചരിത്രത്തില്‍ ആദ്യമായാണ്.
ആനാവൂര്‍ നാഗപ്പന്‍ എന്നു മുതലാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആയത്? പാര്‍ട്ടി തന്നെ പൊലീസ് സ്റ്റേഷനും കോടതിയും ആയതിന് പിന്നാലെ
ഒരു ലക്ഷത്തിലധികം പിന്‍വാതില്‍ നിയമനങ്ങളാണ് വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടത്തിയിരിക്കുന്നത്. പി.എസ്.സിയെ പോലും നോക്കുകുത്തിയാക്കിയാണ് പാര്‍ട്ടിക്കാരെ മുഴുവന്‍ കുത്തിനിറയ്ക്കുന്നത്. സ്വന്തക്കാര്‍ക്ക് വേണ്ടി എന്ത് അതിക്രമവും ചെയ്യുമെന്നതിന് ഉദാഹരണമാണ് പ്രിയ വര്‍ഗീസിന്റെ നിയമനം. 25 വര്‍ഷത്തെ അധ്യാപന പരിചയവും അഭിമുഖത്തില്‍ 651 സ്‌കോറും ലഭിച്ച ആളെ ഒഴിവാക്കി 156 സ്‌കോര്‍ മാത്രം ലഭിച്ച പാര്‍ട്ടി നേതാവിന്റെ ഭാര്യയ്ക്ക് ഒന്നാം റാങ്ക് നല്‍കി നിയമിക്കാന്‍ ഈ സര്‍ക്കാരിന് നാണമില്ലേ? ഏത് കോടതിയില്‍ പോയാലും രക്ഷയില്ല. അപ്പീല്‍ പോയാല്‍ മേല്‍ കോടതികളുടെ വായില്‍ ഇരിക്കുന്നത് കൂടി കേള്‍ക്കേണ്ടി വരും.