3669 സേവനങ്ങള്‍ , 1552 പേര്‍ക്ക് ആധികാരിക രേഖകള്‍.
എടവക ഗ്രാമപഞ്ചായത്തിലെ രണ്ടേ നാല് ദീപ്തിഗിരി സെന്റ് തോമസ് പാരിഷ് ഹാളില്‍ നടത്തിയ എ.ബി.സി.ഡി ക്യാമ്പില്‍ അക്ഷയ കൗണ്ടറുകളിലൂടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകളിലൂടെയും ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് 3,669 സേവനങ്ങള്‍ നല്കി. 34 അക്ഷയ കൗണ്ടറുകളാണ് ക്യാമ്പില്‍ സജ്ജീകരിച്ചത്. പൊതുവിതരണ വകുപ്പ്, റവന്യു വകുപ്പ്, ആരോഗ്യ വകുപ്പ്, ആരോഗ്യ ഇന്‍ഷുറന്‍സ്, പഞ്ചായത്ത്, ബാങ്ക്, ട്രൈബല്‍ വകുപ്പ് എന്നിവയ്ക്കായി പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ആധാര്‍ സേവനം 731, റേഷന്‍ കാര്‍ഡ് 809, ജനന സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ 466, ബാങ്ക് അക്കൗണ്ട് 156, നഷ്ടപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് 17, ഡിജിലോക്കര്‍ 609, വില്ലേജ് അനുബന്ധ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങള്‍ 169, ഇലക്ഷന് ഐഡി 555, മരണ രജിസ്ട്രേഷന് 5, വിവാഹ രജിസ്ട്രേഷന് 2, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് 150 തുടങ്ങി 3,669 സേവനങ്ങള്‍ ക്യാമ്പിലൂടെ നല്കി.വയനാട് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അടിസ്ഥാന ആധികാരിക രേഖകള്‍ ഉറപ്പു വരുത്തുന്നതിനും ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുന്നതിനും രേഖകളില്ലാത്തവര്‍ക്ക് ലഭ്യമാക്കുന്നതിനും ആവിഷ്ക്കരിച്ചതാണ് അക്ഷയ ബിഗ് ക്യാമ്പയിന് ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന് പദ്ധതി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഐ.ടി വകുപ്പ്, അക്ഷയ, തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, എന്നിവയുടെ സംയുക്ത അഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് നടക്കുന്നത്. എടവക ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ സഹായത്തോടെ ക്യാമ്പ് നോഡല്‍ ഓഫീസറായ മാനന്തവാടി സബ് കളക്ടര്‍ ആര്. ശ്രീലക്ഷ്മിയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടമാണ് ക്യാമ്പ് ഏകോപനം നിര്‍വഹിക്കുന്നത്.സമാപന സമ്മേളനം ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. സബ് കളക്ടര്‍ ആര്. ശ്രീലക്ഷ്മി പദ്ധതി അവലോകനം ചെയ്തു. ക്യാമ്പിനായി സൗജന്യ ഹാള്‍ സൗകര്യം നല്കിയ സെന്റ് തോമസ് പള്ളി വികാരി ഫാ. ചാണ്ടി പുന്നക്കാട്ടിനെ ജില്ലാ കളക്ടര്‍ സ്നേഹോപഹാരം നല്കി അനുമോദിച്ചു.