കുമളി എഫ്എച്ച്‌സി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന് തറക്കല്ലിട്ടു

Spread the love

ജില്ലയില്‍ കാത്ത് ലാബ് സജ്ജമാക്കും; മന്ത്രി വീണാ ജോര്‍ജ്.
ഹൃദയാരോഗ്യ പരിശോധനയ്ക്ക് ജില്ലയില്‍ കാത്ത് ലാബ് ഉടന്‍ സജ്ജമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ 2 കോടി രൂപ അനുവദിച്ച് നിര്‍മ്മിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ തറകല്ലീടീല്‍ കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടുക്കി ജില്ലയില്‍ ഹൃദ്രോഗ ചികിത്സയുമായി ബന്ധപ്പെട്ട് കൃത്യമായ ചികിത്സ സംവിധാനം ഉണ്ടാകണമെന്നും, സര്‍ക്കാര്‍ ഇതിന് പ്രത്യേക പരിഗണന നല്‍കി ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ആര്‍ദ്ര കേരളം പദ്ധതിയിലൂടെ ആരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും, ഏറ്റവും മികച്ച ചികിത്സ സംവിധാനങ്ങളും ഒരുക്കുകയാണ്. ആരോഗ്യ കേന്ദ്രങ്ങള്‍ ജനസൗഹൃദമാകണം. ജീവനക്കാരുടെ പെരുമാറ്റം രോഗികള്‍ക്ക് സാന്ത്വനമാകണമെന്നും മന്ത്രി നിര്‍ദേശിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്നത് കേരളമാണ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഓപ്പണ്‍ ഹാര്‍ട് സര്‍ജറി നടത്തിയതും, കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റ ശസ്ത്രക്രിയ സൗജന്യമായി നടത്തുന്നതിന് ആദ്യ ചുവടുവയ്പ് നടത്തിയതും ഈ സര്‍ക്കാരിന്റെ മികവാണ്.
40 മുതല്‍ 45 ലക്ഷം രൂപ വരെ ചിലവ് വരുന്ന കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി സംസ്ഥാനത്ത് വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്ളത് 2500 പേരില്‍ അധികമാണ്. കുറഞ്ഞ ചിലവില്‍ അല്ലെങ്കില്‍ സാമ്പത്തിക പരാധീനത അനുഭവിക്കുന്നവര്‍ക്ക് തികച്ചും സൗജന്യമായി കരള്‍മാറ്റ ശസ്ത്രക്രിയ നടത്തികൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. 2022 ഫെബ്രുവരിയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞു. മികച്ച ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ ഏറെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു.
സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, അനാവശ്യ കാലതാമസം ഒഴിവാക്കി സമയബന്ധിതമായി നിര്‍മാണം ആരംഭിച്ച് പൂര്‍ത്തികരിക്കണമെന്ന് മന്ത്രി പ്രത്യേകം നിര്‍ദേശിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും മന്ത്രി ഉറപ്പുനല്‍കി.കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നാലര കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന് രണ്ട് കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ തറകല്ലീടീല്‍ നടത്തുന്നത്. പി ഡബ്ല്യൂ ഡിക്കാണ് നിര്‍മാണ ചുമതല. 422 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഇരുനില കെട്ടിടത്തില്‍ നാല് ക്വാട്ടേഴ്‌സുകളാണ് നിര്‍മ്മിക്കുന്നത്. ഒന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. വാഴൂര്‍ സോമന്‍ എം എല്‍എയുടെ അഭ്യര്‍ത്ഥന പ്രകാരം വണ്ടിപെരിയാര്‍ സി എച്ച് സി ആശുപത്രി പരിസരത്ത് വെള്ളം കയറുന്ന സാഹചര്യത്തില്‍ പുതിയ ആശുപത്രി പണി കഴിപ്പിക്കാനായി കണ്ടെത്തിയ സ്ഥലവും മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു.

Author