സംസ്ഥാനത്ത് ഏഴ് മാസത്തിനകം 88,217 സംരംഭങ്ങള്‍ തുടങ്ങി

– ബാങ്കുകള്‍ വായ്പ നിക്ഷേപ അനുപാത റേഷ്യോ വര്‍ദ്ധിപ്പിക്കണം
– കേരള ബ്രാന്‍ഡില്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കും- ഓണ്‍ലൈനായി അപേക്ഷിക്കുന്നവരെ ഓഫീസുകളിലേക്ക് വിളിച്ച് വരുത്തരുത്വയനാട്: വ്യവസായ വകുപ്പ് ആവിഷ്കരിച്ച ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയിൽ സംസ്ഥാനത്ത് ഏഴ് മാസം കൊണ്ട് 88217 സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിച്ചതായി വ്യവസായ- വാണിജ്യ- നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കല്‍പ്പറ്റ ഇന്ദ്രിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022 – 23 വര്‍ഷം സംരംഭക വര്‍ഷമായി പ്രഖ്യാപിച്ചതിന് ശേഷം നല്ല പിന്തുണയാണ് ലഭിക്കുന്നത്.സംസ്ഥാനത്ത് ശരാശരി പ്രതിവര്‍ഷം പതിനായിരം രജിസ്‌ട്രേഷന്‍ നടക്കുന്ന സ്ഥാനത്താണ് ഈ മാറ്റം. 5458.89 കോടിയുടെ നിക്ഷേപവും ഇക്കാലയളവിലുണ്ടായി. 1,92,561 പേര്‍ക്ക് തൊഴില്‍ നല്‍കാനും സാധിച്ചു. തദ്ദേശ സ്ഥാപനങ്ങളും ബാങ്കുകളും പിന്തുണ നല്‍കിയാല്‍ കേരളം സംരംഭകരുടെ പറുദീസയാകുമെന്നും മന്ത്രി പറഞ്ഞു. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ സംരംഭകര്‍ക്ക് വായ്പ നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ ആത്മ വിശ്വാസം കാണിക്കണം. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വായ്പ നിക്ഷേപ അനുപാത റേഷ്യോ സംസ്ഥാനത്ത് കുറവാണ്. ഇക്കാര്യത്തില്‍ മാറ്റമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി നിലവിലുള്ള വ്യവസായ സൗഹൃദ അന്തരീക്ഷത്തെ കുറേ കൂടി ശക്തപ്പെടുത്താനുള്ളതാണ്. സംരംഭകര്‍ക്ക് പ്രയാസങ്ങള്‍ അറിയിക്കാന്‍ നിയമപരമായ പരാതി പരിഹാര സംവിധാനം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. 5 കോടി വരെയുള്ള നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാതല സമിതി തീര്‍പ്പാക്കും. അതിന് മുകളിലുള്ളവയും അപ്പീലും സംസ്ഥാനതല സമിതി പരിഗണിക്കും. തീരുമാനം മുപ്പത് ദിവസത്തിനകം നടപ്പിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ബാധ്യസ്ഥനാണ്. അല്ലാത്ത പക്ഷം ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.കേരളം നിക്ഷേപക സൗഹൃദ സംസ്ഥാനമായി ഉയര്‍ന്നു വരികയാണ്. സംരംഭകരുടെ ആവശ്യങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിന് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓണ്‍ലൈനായി അപേക്ഷിക്കുന്ന സംരംഭകരെ ഓഫീസുകളിലേക്ക് വിളിച്ച് വരുത്തുന്ന രീതി ചില ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതായി കാണുന്നുണ്ട്. അത് ആശാസ്യകരമായ നടപടിയല്ലെന്ന് മന്ത്രി പറഞ്ഞു. സംരംഭകര്‍ നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ജില്ലാതലത്തില്‍ എം.എസ്.എം. ഇ ക്ലിനിക്കുകള്‍ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.വ്യാവസായിക നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസന രംഗത്തും ലൈസന്‍സിംഗ്, ലളിതവും സുതാര്യവുമായി സാമ്പത്തി കാനുകൂല്യങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ പരിഷ്‌ക്കാരങ്ങളുമായി വ്യവസായ വാണിജ്യ വകുപ്പ് മുന്നോട്ട് പോകുകയാണ്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട സര്‍വ്വെയില്‍ ഒരു വര്‍ഷം കൊണ്ട് പതിമൂന്ന് സ്ഥാനം മെച്ചപ്പെടുത്താന്‍ കേരളത്തിന് സാധിച്ചു. ഇത് സംരംഭക സമൂഹത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു.കേരള ബ്രാന്‍ഡില്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനായി ഇ – കൊമേഴ്‌സ് പോര്‍ട്ടല്‍ സജ്ജമാക്കും. ഉല്‍പന്ന വിതരണത്തിനായി സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ശൃംഖലയും തുടങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷമി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave Comment