ആദ്യ ചെറുകഥ പിറന്ന നാട്ടിൽ ആശയ സംവാദത്തിന് വേദിയൊരുങ്ങുന്നു

Spread the love

പയ്യന്നൂർ സാഹിത്യോത്സവം ഡിസംബർ 23 മുതൽ
മലയാള സാഹിത്യത്തിൽ ആദ്യ ചെറുകഥ സമ്മാനിച്ച വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ നാട്ടിൽ സാഹിത്യോത്സവത്തിന് വേദിയൊരുങ്ങുന്നു. നഗരസഭയുടെ നേതൃത്വത്തിൽ ‘പയ്യന്നൂർ സാഹിത്യോത്സവം’ ഡിസംബർ 23, 24, 25 തിയ്യതികളിൽ നടക്കും. ഗാന്ധി പാർക്ക്, പയ്യന്നൂർ ടൗൺ സ്‌ക്വയർ, ഗേൾസ് ഹൈസ്‌കൂൾ, ബോയ്സ് ഹൈസ്‌കൂൾ, ബി ബ എം എൽ പി സ്‌കൂൾ എന്നീ അഞ്ച് വേദികളിലായാണ് സാഹിത്യോത്സവം നടക്കുക.
നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. ജയ്പൂർ സാഹിത്യോത്സവത്തിന്റെയും ദുബായ് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെയും മാതൃകയിലായിരിക്കും പരിപാടി. കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ഫോക്ലോർ അക്കാദമി, ലളിതകലാ അക്കാദമി, യുവജനക്ഷേമ ബോർഡ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ തുടങ്ങിയ സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ചാണ് പരിപാടികൾ നടത്തുക.ഡിസംബർ 22ന് വൈകീട്ട് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് ദീപശിഖ യാത്ര ആരംഭിച്ച് ഗാന്ധി പാർക്കിൽ എത്തിയാണ് സാഹിത്യോത്സവത്തിന് തുടക്കം കുറിക്കുക. അരുന്ധതി റോയി, ശരൺകുമാർ ലിംബാളെ, ചന്ദ്രശേഖര കമ്പാർ, പെരുമാൾ മുരുകൻ, സച്ചിദാനന്ദൻ, സുനിൽ പി ഇളയിടം, പ്രഭാവർമ്മ, ബാലചന്ദ്രൻ ചുള്ളിക്കാട്, കെ ആർ മീര തുടങ്ങി സാഹിത്യ ലോകത്തെ പ്രതിഭകൾ വിവിധ ദിവസങ്ങളിൽ പങ്കെടുക്കും.സാഹിത്യ ക്യാമ്പ്, നാടകോത്സവം, ചരിത്ര-ചിത്രപ്രദർശനം, കവി സമ്മേളനം, മീറ്റ് ദി ഓതർ, ഒരാഴ്ച നീണ്ടു നിൽക്കുന്ന പുസ്തകോത്സവം, സാഹിത്യ സംവാദങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി ഒരുക്കും.18 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വാർഷിക പദ്ധതിയിൽ നഗരസഭ ഏഴ് ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഇതിന് പുറമെ വിവിധ അക്കാദമികളുടെ സ്പോൺസർഷിപ്പ്, വ്യക്തികളുടെ സംഭവന എന്നിവയിലൂടെയാണ് പണം കണ്ടെത്തുക. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ഓൺലൈനായും ഓഫ് ലൈനായും രജിസ്റ്റർ ചെയ്യാം. ഗാന്ധി പാർക്കിന് സമീപം ആരംഭിച്ച സംഘാടക സമിതി ഓഫീസ് കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു.

Author