“കായ്ച്ച കണ്ട് പഠിക്കാം”….അറിവിലേക്കുള്ള വഴിയായി കാർഷിക പ്രദർശനം

Spread the love

കണ്ണൂർ: ‘ബാ കായ്ച്ച കണ്ട് പഠിക്കാലാ… തലശ്ശേരി താലൂക്ക് കൃഷിദർശൻ കാർഷിക പ്രദർശനത്തിന്റെ സ്വീകരണ കവാടത്തിലെ ഈ വാക്കുകൾ പോലെ ഇവിടെ കാണാനും പഠിക്കാനും ഏറെയുണ്ട്. നാളികേരാധിഷ്ഷ്ഠിത കൃഷിയും മൂല്യ വർധിത ഉത്പന്നങ്ങളും എന്ന വിഷയത്തിലൂന്നിയുള്ള പ്രദർശനം അറിവിലേക്കുള്ള വഴി തുറക്കുകയാണ്.
55 സ്റ്റാളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തേങ്ങ ഉത്പാദനം അടിസ്ഥാനമാക്കിയുള്ളതാണ് കൃഷിവകുപ്പിന്റെ സ്റ്റാളുകൾ. തെങ്ങിൻ തൈ ഉത്പാദനത്തിന്റെ ശാസ്ത്രീയ മാർഗങ്ങൾ, വരുമാന വർധനവിനുള്ള ശാസ്ത്രീയ കൃഷി രീതികളും ഇടവള കൃഷിയും, ശാസ്ത്രീയ പരിപാലനം, സങ്കരയിനങ്ങൾ, ജലസേചന മാർഗം, കൃഷിയിടങ്ങളിലെ കീടരോഗങ്ങളും നിയന്ത്രണ മാർഗങ്ങളും തുടങ്ങിയവ വിശദമായി മനസിലാക്കാം.കേരളത്തിനകത്തും പുറത്തും പ്രാചാരത്തിലുളള വിവിധ മൂല്യ വർധിത ഉത്പന്നങ്ങളാണ് ആത്മയുടെ സ്റ്റാളിലുള്ളത്. കുറ്റിച്ചൂൽ മുതൽ നിലവിളക്ക് വരെ ഇവിടെ കാണാം. പന്ന്യന്നൂർ കാർഷിക ഗവേഷണ കേന്ദ്രം, കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം, പടന്നക്കാട് കാർഷിക കോളേജ് എന്നിവയും മൂല്യവർധിത ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നു. ചകിരി കൊണ്ടുള്ള ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ, ശീതള പാനീയങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ അവയിൽ ചിലതു മാത്രം. മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്‌സ് കമ്പനി, മലപ്പട്ടം സ്പൈസസ് തുടങ്ങി പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന സ്‌മോൾ ഫാർമേഴ്‌സ് അഗ്രികൾച്ചറൽ കൺസോഷ്യത്തിന്റെ ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്.മണ്ണ് ജലസംരക്ഷണ വകുപ്പ്, കേരള വെജിറ്റബിൾ ആൻഡ് ഫ്രൂട്‌സ് പ്രൊമോഷൻ കൗൺസിൽ (വി എഫ് പി സി കെ), ഹോർട്ടി കോർപ്പ്, ഫാം ഇൻഫർമേഷൻ ബ്യൂറോ, പ്ലാന്റേഷൻ കോർപ്പറേഷൻ, കേരഫെഡ് തുടങ്ങിയ അനുബന്ധ വകുപ്പുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, കുടുംബശ്രീ, ആറളം ഫാം എന്നിവയുടെ സ്റ്റാളുകളും തെങ്ങ് കയറ്റ യന്ത്രം, കൊപ്ര ഡ്രയർ, വെജിറ്റബിൾസ് ഡ്രയർ, വെളിച്ചെണ്ണ മിൽ യന്ത്രം തുടങ്ങിയ കാർഷിക യന്ത്രങ്ങളും പ്രദർശനത്തിൽ സജീകരിച്ചിട്ടുണ്ട്.
കർഷകർക്കായി സർക്കാർ നടപ്പാക്കുന്ന ക്ഷേമനിധി സേവനങ്ങൾ ഇവിടെയുള്ള ഐ ടി കോർണർ വഴി തത്സമയം ലഭ്യമാകും. ഇതിനായി ആധാർ കാർഡും ബന്ധപ്പെട്ട രേഖകളും നൽകിയാൽ മതി. തെങ്ങ് കൃഷിയുടെ തീം പവലിയനും സെൽഫി പോയിന്റും കാഴ്ച്ചക്കാരെ ഏറെ ആകർഷിക്കുന്നതാണ്. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ സുരേന്ദ്രൻ പറഞ്ഞു.

Author