വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷത്തിന്റെ ബുദ്ധികേന്ദ്രം അദാനിയുടെതാണോയെന്നും അത് നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടുനിന്നോയെന്നും അന്വേഷിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം.പി. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ്, സഹായ മെത്രാന്‍ ഉള്‍പ്പെടെയുള്ള വൈദികരെ പ്രതിചേര്‍ത്ത് കേസെടുത്തത് പ്രതികാര നടപടിയാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
സംഘര്‍ഷത്തിന് പിന്നില്‍ ബാഹ്യ ഇപെടലുണ്ടായെന്ന ലത്തീന്‍ അതിരൂപതയുടെ ആരോപണം അതീവ ഗൗരവമുള്ളതാണ്. ഇതില്‍ അന്വേഷണം ആവശ്യമാണ്.അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന അതിരൂപതയുടെ ആവശ്യം പ്രസക്തമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ജനകീയ സമരങ്ങള്‍ക്ക് വര്‍ഗീയനിറം നല്‍കി കലാപം ആസൂത്രണം ചെയ്യാനുള്ള ബോധപൂര്‍വ്വമായ ശ്രമം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഉപജീവനത്തിനായുള്ള മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ വര്‍ഗീയ കലാപമായി മാറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് അണിയറയില്‍ നടക്കുന്നത്.അത്തരത്തിലുള്ള മന്ത്രിമാരുടെ പ്രസ്താവന അതിന് ഉദാഹരണം.തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നത് തുല്യമാണത്.
മത്സ്യത്തൊഴിലാളികളുടെ സമരം പൊളിക്കാന്‍ സി.പി.ഐ.എം-ബി.ജെ.പി അവിശുദ്ധകൂട്ടുക്കെട്ട് പ്രവര്‍ത്തിക്കുന്നു. പദ്ധതി കാലോചിതമായി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വീഴ്ചവരുത്തിയ അദാനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ മടിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉപജീവന പോരാട്ടം നയിക്കുന്ന മത്സ്യത്തൊഴിലാളികളില്‍ നിന്നും 200 കോടിയുടെ നഷ്ടപരിഹാരം പിരിക്കാന്‍ തുനിയുന്നത് പരിഹാസ്യമാണ്.
വരുമാനമാര്‍ഗം നിലച്ച് ജീവിതം വഴിമുട്ടിയ മത്സ്യത്തൊഴിലാളികളെ അദാനിക്ക് വേട്ടയാടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു. ബി.ജെ.പിയുടെയും അദാനിയുടെയും നിര്‍ദേശപ്രകാരം മത്സ്യത്തൊഴിലാളികളെ വര്‍ഗീയവാദികളായി ചിത്രീകരിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ശ്രമത്തെ ചെറുക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.