ജനാധിപത്യ സമൂഹത്തിൽ പൗരന്റെ സ്വകാര്യ അവകാശമാണ് വിശ്വാസം : എം. എ. ബേബി

Spread the love

ജനാധിപത്യ സമൂഹത്തിൽ ഓരോ പൗരന്റെയും സ്വകാര്യ അവകാശമാണ് വിശ്വാസമെന്നും ഇന്ത്യയെ മതരാഷ്ട്രമാക്കാനുളള നീക്കങ്ങളെ ചെറുത്ത് തോല്പിക്കണമെന്നും മുൻ വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി അഭിപ്രായപ്പെട്ടു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും സംസ്കൃത സാഹിത്യ വിഭാഗം തലവനുമായിരുന്ന ഡോ. ധർമ്മരാജ് അടാട്ടിന്റെ പേരിൽ രൂപീകരിച്ച എൻഡോവ്മെന്റിന്റെ പ്രഥമ പ്രഭാഷണം ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ സെമിനാർ ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യൻ ഭരണഘടനയുടെ ആമുഖംഃ ദർശനവും പ്രസക്തിയും’ എന്നതായിരുന്നു പ്രഭാഷണ വിഷയം. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ഉദാത്തമായ ആശയങ്ങൾ ഉയർത്തിപ്പിടിക്കുവാൻ ഭാരതീയരായ നമ്മൾ ബാധ്യസ്ഥരാണ്. അതിനാൽ ഭരണഘടനയെ കൂടുതൽ ജനകീയവും പുരോഗമനപരവുമാക്കണം. സ്വാതന്ത്ര്യ സമരത്തിന്റെ ഉല്പന്നമായ ഇന്ത്യൻ ഭരണഘടനയുടെ നന്മകളെ തകർക്കുന്ന പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. പാർലമെന്റിന്റെ അധികാര അവകാശങ്ങളെ നിരന്തരം കയ്യേറ്റം ചെയ്തുകൊണ്ടിരിക്കുന്ന ഭരണഘടനാ ചതികളാണിവിടെ നടന്നുകൊണ്ടിരിക്കുന്നത്, എം. എ. ബേബി പറഞ്ഞു.

വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ എൻഡ‍ോവ്മെന്റ് പ്രഭാഷണം ഉദ്ഘാടനം ചെയ്തു. ഡോ. ധർമ്മരാജ് അടാട്ട് രചിച്ച പുസ്തകങ്ങളുടെ പ്രകാശനം എം. എ. ബേബി നിർവ്വഹിച്ചു. പ്രോ വൈസ് ചാൻസല‍ർ പ്രൊഫ. കെ. മുത്തുലക്ഷ്മി പുസ്തകങ്ങൾ ഏറ്റുവാങ്ങി. സംസ്കൃതം സാഹിത്യ വിഭാഗം മേധാവി പ്രൊ. കെ. ആർ. അംബിക അധ്യക്ഷയായിരിന്നു. ഡോ. ധർമ്മരാജ് അടാട്ട്, ഡോ. ടി. മിനി, ഡോ. കെ. എൽ. പത്മദാസ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ –  ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും സംസ്കൃത സാഹിത്യ വിഭാഗം മേധാവിയുമായിരുന്ന ഡോ. ധർമ്മരാജ് അടാട്ടിന്റെ പേരിൽ രൂപീകരിച്ച എൻഡോവ്മെന്റ് പ്രഭാഷണം മുൻ വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി നിർവ്വഹിക്കുന്നു. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ, പ്രോ വൈസ് ചാൻസല‍ർ പ്രൊഫ. കെ. മുത്തുലക്ഷ്മി, ഡോ. ധർമ്മരാജ് അടാട്ട്, പ്രൊഫ. കെ. ആർ. അംബിക എന്നിവർ സമീപം.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

Author