തിരു : രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കി വിട്ടയയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളിൽ , ദീർഘകാലമായി ജയിൽശിക്ഷ അനുഭവിക്കുന്ന ഗുരുതരകുറ്റകൃത്യങ്ങൾ ചെയ്യാത്തവർക്ക് നൽകുന്ന പ്രത്യേക ഇളവിനെയാണ് പിണറായി സർക്കാർ ഒരു തെറ്റായ ഉത്തരവിലൂടെ ദുരുപയോഗം ചെയ്തിരിക്കുന്നത്. ഇത് തികച്ചും നിയമവിരുദ്ധമാണ്.
ഈ ഉത്തരവിലൂടെ കേരളത്തെ നടുക്കിയ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്സിലെയും അരിയിൽ ഷുക്കൂർ വധക്കേസിലെയും പ്രതികളെ ഉൾപ്പെടെ കൊടുംക്രിമിനലുകളായ
രാഷ്ട്രീയകൊലയാളികളെ ചുളുവിൽ പുറത്തിറക്കാനുള്ള ഗൂഢലക്ഷ്യമാണ് നടപ്പാക്കപ്പെടുന്നത്. ഇതിൻ്റെ ഗുണഭോക്താക്കളിൽ സി പി എമ്മിനെക്കൂടാതെ ബി ജെ പി യും ഉൾപ്പെടുമെന്നതാണ് സത്യം.
ഇവർ തമ്മിലുള്ള അന്തർധാര എത്രത്തോളം ആഴത്തിലാണെന്നു വ്യക്തമാണ്.
സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയകൊലപാതകങ്ങൾക്ക് ലൈസൻസ് കൊടുക്കുകയാണ് സർക്കാർ ഈ ഉത്തരവിലൂടെ ചെയ്തിരിക്കുന്നത്.
ആഭ്യന്തരവകുപ്പിൻ്റെ കണക്കനുസരിച്ച് ആയിരത്തിലധികം
രാഷ്ട്രീയ കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ഈ ശിക്ഷായിളവിന്റെ ഗുണം ലഭിക്കുമെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
ഇത്തരം നിയമവിരുദ്ധ ഉത്തരവുകൾക്ക് കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥരും നാളെ മറുപടി പറയേണ്ടി വരുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നൽകി.