കക്ഷിരാഷ്ട്രീയം മറന്ന് വികസന പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണം

സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങൾ പരിഹിക്കുന്നതിനുള്ള വികസന പ്രവർത്തനങ്ങളിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു.അമിതമായ കക്ഷിരാഷ്ട്രീയത്തിന്റെ പേരിൽ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുമ്പോൾ നഷ്ടം സംഭവിക്കുന്നത് പാവപ്പെട്ട ജനങ്ങൾക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം നഗരസഭയിലെ മണക്കാട് വാർഡിലെ കരിമഠം കോളനിയിൽ നിർമാണം പൂർത്തിയാക്കിയ 40 ഫ്ലാറ്റുകളുടെ താക്കോൽദാനവും പുതിയ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.പാവപ്പെട്ടവരുടെ ക്ഷേമവും പുരോഗതിയും ഉറപ്പ് വരുത്തുന്നതിന് നഗരസഭ വലിയ പ്രാധാന്യമാണ് നൽകുന്നത്. പുതിയ ഭരണസമിതി അധികാരത്തിലെത്തിയ ശേഷം തിരുവനന്തപുരം നഗരസഭാ പരിധിയിൽ 384 ഫ്ലാറ്റുകളാണ് നിർമാണം പൂർത്തിയാക്കിയത്. വികസന പ്രവർത്തനങ്ങളിലെ തുടർച്ചയുടെ നേർസാക്ഷ്യമാണിതെന്നു മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ ഭവന നിർമാണം നടത്തിയ നഗരസഭയും തിരുവനന്തപുരമാണ്.

Leave Comment