ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു

Spread the love

തിരു: വിഴിഞ്ഞം സമരം സംഘര്‍ഷാവസ്ഥയില്‍ എത്തിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെ വെള്ളയമ്പലം ബിഷപ്‌സ് ഹൗസിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര ഒപ്പമുണ്ടായിരുന്നു.

ഉമ്മന്‍ ചാണ്ടിസര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണിത്. അന്ന് എതിര്‍പ്പ് ഉയരാത്തത് കുറ്റമറ്റ പാക്കേജ് പ്രഖ്യാപിച്ചതിനാലാണ്. അത് പിന്നീടു വന്ന പിണറായി സര്‍ക്കാര്‍ പാലിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിനു കാരണം. മത്സ്യത്തൊഴിലാളികളെ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. മുഖ്യമന്ത്രി മുന്‍കൈയെടുത്ത് തീര്‍ക്കാമായിരുന്ന സമരത്തെ മന്ത്രിമാര്‍ ആക്ഷേപിച്ചു എന്നു മാത്രമല്ല സ്ഥലത്ത് ഇല്ലാതിരുന്ന ബിഷപ്പിനെതിരെ വരെ കേസെടുത്ത് എരിതീയില്‍ എണ്ണ ഒഴിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. ഇനിയെങ്കിലും സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്നും രമേശ് ചെന്നിത്തല അവശ്യപ്പെട്ടു.

കോവളം എം. എല്‍. എ .എം വിന്‍സന്റ് , ഡി.സി.സി. പ്രസിഡന്റ് പാലോട് രവി , ശരത്ചന്ദ്രപ്രസാദ് എക്‌സ്എം. എല്‍ . എ .,കെ .പി . സി. സി. സെക്രട്ടറി ജോണ്‍ വിനേഷ്യസ് എന്നിവര്‍ രമേശ് ചെന്നിത്തലയ്ക്ക് ഒപ്പമുണ്ടായിരുന്നു.

*ഫോട്ടോ ക്യാപ്ഷന്‍*

തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്.പെരേര എന്നിവരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വെള്ളയമ്പലം ബിഷപ്‌സ് ഹൗസിലെത്തി സന്ദര്‍ശിച്ചു. കോവളം എം എല്‍ എ .എം വിന്‍സന്റ് ഡിസിസി പ്രസിഡന്റ് പാലോട് രവി ശരത്ചന്ദ്രപ്രസാദ് എക്‌സ്എം എല്‍ എ .കെ .പി സി സി സെക്രട്ടറി ജോണ്‍ വിനേഷ്യസ് എന്നിവര്‍ സമീപം

 

Author