അന്വേഷണം നടക്കുന്നതിനിടെ മേയറുടെ കത്ത് വ്യാജമെന്ന മന്ത്രിയുടെ കണ്ടെത്തല്‍ അധികാര ദുര്‍വിനിയോഗം : പ്രതിപക്ഷ നേതാവ്‌

Spread the love

മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനം.

തിരുവനന്തപുരം : നീതിബോധമില്ലാതെയും രാജ്യത്തെ നിയമങ്ങളെയും ചട്ടങ്ങളെയും വെല്ലുവിളിച്ചും അധികാരത്തെ ക്രൂരമായി വിനിയോഗിക്കുകയും ചെയ്യുന്ന ജനാധിപത്യവിരുദ്ധ സര്‍ക്കാരിന്റെ നടപടികളെ കുറിച്ചാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ പി.എസ്.സി നടത്തിയ നിയമനങ്ങളുടെ പട്ടികയാണ് മന്ത്രി വായിച്ചത്. എന്നാല്‍ 2011 മുതല്‍ 2016 വരെയുള്ള നിയമനങ്ങളെ സംബന്ധിച്ച് മന്ത്രി പറഞ്ഞ കണക്കുകളും വസ്തുതാപരമായി തെറ്റാണ്. ഒരു ലക്ഷത്തി അന്‍പത്തിയെണ്ണായിരത്തി അറുനൂറ്റി എണ്‍പത് പേരെയാണ് നിയമിച്ചത്. നിയമന ശുപാര്‍ശ അയച്ചവരുടെ എണ്ണം കൂടി ചേര്‍ത്താണ് ഇപ്പോഴത്തെ നിയമനം സംബന്ധിച്ച് മന്ത്രി പറഞ്ഞത്.

പിന്‍വാതിലിലൂടെ നിയമിച്ചവരെ സംരക്ഷിക്കാന്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പി.എസ്.സി റാങ്ക് പട്ടികയിലുള്ളവരുടെ ജോലി സാധ്യത ഈ സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്. ഇതുകൂടാതെ മനപൂര്‍വമായി സ്‌പെഷല്‍ റൂള്‍സ് തയാറാക്കാതെ യു.ഡി.എഫ് – എല്‍.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്ത് പി.എസ്.സിക്ക് വിട്ട പല തസ്തികകളിലേക്കും ഈ സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുകയാണ്. ഒരു കാലഘട്ടത്തിലും ഇല്ലാത്ത തരത്തില്‍ രണ്ടര മുതല്‍ മൂന്നു ലക്ഷം പേരെയാണ്

പിന്‍വാതിലിലൂടെ നിയമിച്ചിരിക്കുന്നത്. മുപ്പത് ലക്ഷത്തിലധികം പേര്‍ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നതിനിടയിലാണ് ഇത്രയും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്. ഇത് 1959-ലെ എപ്ലോയ്‌മെന്റ് എക്‌സേഞ്ച് കംപല്‍സറി നോട്ടിഫിക്കേഷന്‍ ഓഫ് വേക്കന്‍സീസ് ആക്ടിന്റെ മൂന്നും നാലും വകുപ്പുകളുടെയും ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനവുമാണ്. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്ന സുപ്രീംകോടതി ഉത്തരവും കാറ്റില്‍പ്പറത്തിയാണ് പിന്‍വാതില്‍ നിയമനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. താല്‍ക്കാലിക വേതനക്കാരുടെ ഒഴിവുകള്‍ എപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളിലൂടെ നികത്താന്‍ തയാറാകാത്തത് എന്തുകൊണ്ടെന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

ഒഴിവുകള്‍ എപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളിലേക്ക് വിടാതെ പാര്‍ട്ടിയുടെ താഴേത്തട്ട് മുതല്‍ സംസ്ഥാന കമ്മിറ്റി വരെ സി.പി.എം സമാന്തര റിക്രൂട്ട്‌മെന്റ് നടത്തുകയാണ്. അവരുടെ കത്തിടപാടുകളാണ് പുറത്തുവന്നിരിക്കുന്നത്. അതിന് പകരമായി എം.എല്‍.എമാര്‍ ശിപാര്‍ശക്കത്ത് അയച്ചതിനെ കുറിച്ചാണ് മന്ത്രി

പറഞ്ഞത്. തിരുവനന്തപുരം നഗരസഭയിലെ 295 ഒഴിവുകളിലേക്ക് ആളുകളെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് മേയര്‍ സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. കത്ത് പ്രതിപക്ഷമോ മാധ്യമങ്ങളോ അല്ല കത്ത് പുറത്തു വിട്ടത്. സി.പി.എമ്മിലെ വീതംവയ്പ്പിനെ കുറിച്ചുള്ള അധികരത്തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി വാട്‌സാപ് ഗ്രൂപ്പുകളിലൂടെയാണ് കത്ത് പുറത്തായത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ഫോണില്‍ വിളിച്ചാണ് ആരോപണവിധേയനായ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇങ്ങനെയാണോ നീതി നടപ്പാക്കുന്നത്? ക്രൈംബ്രാഞ്ചോ മേയറോ കത്ത് വ്യാജമാണെന്ന് പറഞ്ഞിട്ടില്ല. അന്വേഷണം നടക്കുന്നതിനിടെ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കത്ത് വ്യാജമെന്ന് മന്ത്രി പറഞ്ഞത്? കത്ത് വ്യാജമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞാല്‍ പിന്നെ അന്വേഷണത്തിന് എന്ത് പ്രസക്തിയാണുള്ളത്? പദവി ദുര്‍വിനിയോഗം ചെയ്തുകൊണ്ടാണ് കത്ത് വ്യാജമാണെന്ന കണ്ടെത്തല്‍ മന്ത്രി നിയമസഭയില്‍ നടത്തിയത്.

സംവരണമെന്ന ഭരണഘടനാതത്വം കാറ്റില്‍പ്പറത്തിയാണ് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നത്. സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകളിലും നഗരസഭകളിലും പിന്‍വാതില്‍ നിയമനങ്ങള്‍ വ്യാപകമാണ്. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി നേതാക്കന്‍മാരുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും നിയമനം നല്‍കിയത് ജനങ്ങള്‍ക്കറിയം. നിയമനം നേടിയ ആളുകളുടെ പേരുകളൊന്നും പ്രതിപക്ഷം വായിക്കുന്നില്ല. ആര്‍.സി.സിയില്‍ ഒരു നേതാവിന്റെ അനുജനെ നിയമിച്ചു. മദ്യപിച്ച് ബഹളമുണ്ടാക്കുന്നെന്ന പരാതിയെ തുടര്‍ന്ന് അയാളെ മാറ്റിയെങ്കിലും വീണ്ടും അവിടെത്തന്നെ നിയമിച്ചു. തിരുവനന്തപുരത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറി എന്നു മുതലാണ് എപ്ലോയ്‌മെന്റ് എക്‌സേഞ്ച് ഡയറക്ടറും കുടുംബശ്രീ ഡയറക്ടറുമായത്? പാര്‍ട്ടിയെ പൊലീസ് സ്റ്റേഷനും കോടതിയും ആക്കിയതിനു പിന്നാലെ എപ്ലോയ്‌മെന്റ് എക്‌സേഞ്ചിനെയും പി.എസ്.സിയെയും പാര്‍ട്ടിയാക്കി മാറ്റിയിരിക്കുകയാണ്. വീതം വയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ പേര് കൂടി പറയിപ്പിക്കാന്‍ കടകംപള്ളി സുരേന്ദ്രന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ വകുപ്പില്‍ മൂന്നൂറോളം പേരെയാണ് നിയമിച്ചത്. ധനമന്ത്രിയുടെ കീഴിലുള്ള സ്പാര്‍ക്കില്‍ 54 പേര്‍ക്ക് ജോലി നല്‍കി. പ്രൊഫഷണല്‍ എക്‌സേഞ്ചിനെ നോക്കുകുത്തിയാക്കി വ്യവസായ മന്ത്രി 1155 പേരെ നിയമിച്ചു. പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടുന്ന സമാന്തര റിക്രൂട്ട്‌മെന്റ് സംഘങ്ങളെ എല്ലാ ജില്ലകളിലും ചുമതലപ്പെടുത്തിയിരിക്കുകയാണ്. ചെറുപ്പക്കാരെ നിരാശരാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. എല്ലായിടത്തും ഇത്രയധികം മര്‍ക്‌സിസ്റ്റ് വത്ക്കരണം നടന്ന കാലഘട്ടം കേരളത്തിലുണ്ടായിട്ടില്ല.

 

Author