സില്‍വല്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
കേരള ജനതയ്ക്ക് വേണ്ടാത്തതും പരിസ്ഥിതിക്ക് ദോഷകരവുമായതുമായ കെ.റെയില്‍ അടിച്ചേല്‍പ്പിക്കാമെന്നത് മുഖ്യമന്ത്രിയുടെ മൗഢ്യമാണ്.ഇനിയും മഞ്ഞക്കുറ്റിയുമായി ഇറങ്ങിയാല്‍ അതെല്ലാം കോണ്‍ഗ്രസ് പിഴുതെറിഞ്ഞിരിക്കും.സര്‍ക്കാരിന്റെ അടിത്തറ ഇളക്കുന്ന സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. കടംകേറി പെരുകിയ ഖജനാവില്‍ നിന്നും കോടികള്‍ പൊടിച്ച് ആവശ്യമായ പഠനമോ കേന്ദ്രാനുമതിയോ ഇല്ലാതെയാണ് ഈ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. ജനകീയ പ്രതിഷേധത്തിന് മുന്നില്‍ കെ.റെയില്‍ പദ്ധതിയുമായി ഒരിഞ്ച് മുന്നോട്ട് പോകാനാവില്ലെന്ന തിരിച്ചറിവ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമുണ്ട്. അതിനാലാണ് ഭൂമിയേറ്റെടുക്കാന്‍ നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ പിന്‍വലിച്ച് പിന്തിരിഞ്ഞോടിയത്. എന്നാല്‍ ജാള്യത കാരണം തോല്‍വി പരസ്യമായി സമ്മതിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. കെ.റെയില്‍ ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത പദ്ധതിയാണ്. ബൂട്ടും ലാത്തിയും പ്രയോഗിച്ച് ജനത്തിന്റെ നടുവൊടിച്ച് പദ്ധതി നടപ്പാക്കാമെന്ന പിടിവാശി മുഖ്യമന്ത്രി ഉപേക്ഷിക്കണം. സ്വന്തം ഭൂമി സംരക്ഷിക്കാന്‍ പ്രതിഷേധിച്ച സാധാരണക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാനുള്ള മാന്യത സര്‍ക്കാര്‍ കാട്ടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
ഭൂമിയേറ്റടുക്കലിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജ്ഞാപനം പിന്‍വലിക്കണം. മഞ്ഞക്കുറ്റി പല കുടുംബങ്ങളേയും ആത്മഹത്യയുടെ വക്കിലെത്തിച്ചു. ഭൂമി ക്രയവിക്രയം ചെയ്യാനോ അവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താനോ ബാങ്ക് വായ്പ ലഭിക്കുന്നതിനോ സാധിക്കില്ല. ഈ വസ്തുത മറച്ചുവെച്ച് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. 1200 ഹെക്ടര്‍ ഭൂമിയാണ് കെ.റെയിലെന്ന ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്നത്. സംസ്ഥാനത്ത് പദ്ധതി കടന്ന് പോകുന്ന 530 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂമിയുടെ ഇരുവശത്തെ പത്ത് മീറ്റര്‍ ബഫര്‍ സോണായി പ്രഖ്യാപിച്ചതിനാല്‍ ഇവിടത്തെ സ്ഥല ഉടമകളുടെ ജീവിതവും ദുരിതത്തിലാണ്.ജനത്തെ നടുത്തെരുവില്‍ നിര്‍ത്തിയല്ല നാടിന്റെ വികസനം യാഥാര്‍ത്ഥ്യമാക്കേണ്ടത്. ഫലപ്രദമായ മാര്‍ഗങ്ങള്‍ നിരവധി ഉണ്ടായിട്ടും കെ.റെയില്‍ തന്നെ വേണമെന്ന ധാര്‍ഷ്ട്യം മുഖ്യമന്ത്രി എടുക്കുന്നത് കോടികള്‍ കമ്മീഷന്‍ ലഭിക്കാന്‍ വേണ്ടിയാണെന്നും സുധാകരന്‍ പറഞ്ഞു.